ഭാര്യയോട് പറഞ്ഞത് പോലീസും എക്‌സൈസും തമ്മിലുള്ള സംയുക്ത റെയ്ഡിന്റെ ഭാഗമെന്ന്; അങ്ങനൊരു റെയ്‌ഡേ നടന്നിട്ടില്ല; രാവിലെ 6.55ന് മൊബൈല്‍ സ്വിച്ച് ഓണ്‍ ചെയ്തത് കോഴിക്കോട് പാളയത്തും; തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സംഭവിച്ചത് എന്ത്? നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ റവന്യൂ വകുപ്പിലെ മറ്റൊരു ഉദ്യോഗസ്ഥനെ കാണാനില്ല; മലബാറിലെ 'ഭൂമ മാഫിയ' സംശയത്തില്‍
തിരൂര്‍ : താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാരെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ ദുരൂഹസാഹചര്യത്തില്‍ കാണാതാകുമ്പോള്‍ ചര്‍ച്ചയാകുന്നത് നവീന്‍ ബാബുവിന്റെ ആത്മഹത്യ. തിരൂര്‍ മാങ്ങാട്ടിരി പൂക്കൈത സ്വദേശി പി.ബി. ചാലിബിനെയാണ് ബുധനാഴ്ച വൈകീട്ട് ഓഫീസില്‍നിന്ന് വരുന്ന വഴി കാണാതായത്. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെ പോലെ സത്യസന്ധനായ നിലപാടുകള്‍ എടുക്കുന്ന വ്യക്തിയായിരുന്നു ചാലിബ്. നിരവധി ശത്രുക്കളും ഉണ്ട്. അതുകൊണ്ടു തന്നെ എന്താണ് സംഭവിച്ചതെന്നത് ദുരൂഹഹമായി തുടരുന്നു.
ഓഫീസില്‍നിന്ന് വൈകീട്ട് അഞ്ചേകാലോടെ ഇറങ്ങിയതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചു. അതിനുശേഷം ഭാര്യ വിളിച്ചപ്പോള്‍ തിരിച്ചെത്താന്‍ വൈകും എന്ന് അറിയിച്ചിരുന്നു. പിന്നീട് വാട്സാപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പോലീസ്, എക്‌സൈസ് ടീം ഉണ്ടെന്നും പറഞ്ഞിരുന്നു. രാത്രി 11 വരെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രാത്രി 12.18-ന് ഓഫ് ആയ ഫോണ്‍ പിന്നീട് രാവിലെ 6.55-ന് അല്‍പ്പസമയം ഓണ്‍ ആയതായി കാണുന്നുണ്ട്. അവസാന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കോഴിക്കോട് പാളയം ഭാഗത്താണ് കാണുന്നത്. പിന്നീട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല.
ദേശീയപാത മണ്ണെടുപ്പ് പ്രശ്‌നത്തില്‍ ഇരിമ്പിളിയത്ത് ഇദ്ദേഹം സര്‍വേക്ക് പോയിരുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. തിരൂര്‍ പോലീസെത്തി വീട്ടുകാരുടെ മൊഴിയെടുത്തു. ബുധനാഴ്ച വൈകിട്ട് ഓഫിസില്‍ നിന്ന് ഇറങ്ങിയ ചാലിബ്, വീട്ടിലെത്താന്‍ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. 8 മണിയോടെ വീണ്ടും അന്വേഷിച്ചപ്പോള്‍ വളാഞ്ചേരി ഭാഗത്താണെന്നും പരിശോധനയുള്ളതിനാല്‍ വീട്ടിലെത്താന്‍ വൈകുമെന്നും മെസേജ് അയക്കുകയായിരുന്നു. പിന്നീട് വിളിച്ചപ്പോഴൊന്നും ചാലിബിനെ ഫോണില്‍ കിട്ടിയില്ല.
കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ ചാലിബിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. രാവിലെ 6.55 ന് ഫോണ്‍ വീണ്ടും ഓണായെങ്കിലും വൈകാതെ വീണ്ടും ഓഫായി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ ചാനിബ് പറഞ്ഞതനുസരിച്ച് തലേദിവസം രാത്രി പൊലീസും എക്സൈസും ചേര്‍ന്നുള്ള പരിശോധന നടന്നിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതും ദുരൂഹമായി തുടരുന്നു.
സമൂഹമാദ്ധ്യമങ്ങള്‍ വഴി ഫോട്ടോ ഉള്‍പ്പെടെ പ്രചരിപ്പിച്ചും അന്വേഷണം നടത്തുന്നുണ്ട്. തിരൂര്‍ പൂക്കൈത മങ്ങാട്ടിരിയിലാണ് വീട്. ചാലിബിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9846506742, 9048485374, 9745124090 എന്ന നമ്പറുകളിലോ അടുത്ത പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് സോഷ്യല്‍ മീഡിയ അറിയിപ്പില്‍ പറയുന്നു.സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നു. മലബാര്‍ കേന്ദ്രീകരിച്ചുളള ഭൂമ മാഫിയയെ ഇതിന് പിന്നില്‍ സംശയിക്കുന്നവരുണ്ട്. കോഴിക്കോട്ടെ മാമി തിരോധാന കേസില്‍ തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സമാന സാഹചര്യം ഇക്കാര്യത്തില്‍ ഉണ്ടാവില്ലെന്ന് ഉറപ്പിക്കാന്‍ ഗൗരവത്തോടെയുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനോട് തീര്‍ത്തത് പകയായിരുന്നു. കണ്ണൂരിലെ ഈ മാഫിയയ്ക്ക് മലബാറില്‍ മുഴുവനായി വേരോട്ടമുണ്ട്. ഇത്തരം സംഘങ്ങള്‍ക്ക് ചാലിബിന്റെ തിരോധാനത്തില്‍ പങ്കുണ്ടോ എന്ന സംശയവും സജീവമാണ്.