2017ൽ ആദ്യ വിവരാവകാശ അപേക്ഷ; പിന്നീട് സമൂഹത്തിന്റെ പുരോഗതിക്കും വികസനത്തിനുമായി 3000ത്തിലധികം വിവരാവകാശ അപേക്ഷകൾ; എക്സൈസ് വകുപ്പിൽ 648 തസ്തികയ്ക്ക് സർക്കാരിലേക്ക് ശുപാർശ നൽകിയതും എം വി ശില്പരാജിന്റെ ഇടപെടലിൽ; ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും സജീവം; ചെമ്പ്രക്കാനത്തെ വിവരാവകാശ പ്രവർത്തകൻ ജെൻ സിയ്ക്ക് മാതൃക
കാസർഗോഡ്: സമൂഹത്തിന്റെ പുരോഗതിക്കും വികസനത്തിനുമായി എം വി ശില്പരാജ് നിയമ പോരാട്ടം തുടങ്ങിയിട്ട് 8 വർഷത്തിലേറെയായി. ഈ കാലയളവിൽ 3000ത്തിലധികം വിവരാവകാശ അപേക്ഷകൾ 26കാരനായ ശില്പരാജ് സമർപ്പിച്ചിട്ടുണ്ട്. കാസർഗോഡ് ചെമ്പ്രക്കാനം സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ എം വി ശില്പരാജ് പുതുതലമുറയ്ക്ക് മാതൃകയാണ്. തൃക്കരിപ്പൂർ അഗ്നി രക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് കോർപ്സ് സേനാഗം കൂടിയാണ് ശിൽപരാജ്. കോവിഡ് ദൗത്യത്തിലും, ശബരിമല ദൗത്യത്തിലും, വയനാട് ദുരന്ത ദൗത്യത്തിലുമുണ്ടായിരുന്നു. കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സിൻ്റെ ഏറ്റവും മികച്ച സോഷ്യൽവർക്ക് വിദ്യാർഥി അവാർഡും കാസർകോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ പ്രശംസാപത്രവും എം.വി.ശില്പരാജ് അർഹനായിട്ടുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും സജീവമാണ് ശില്പരാജ്.
2017-ലാണ് ശില്പരാജ് ആദ്യ വിവരാവകാശ അപേക്ഷ സമർപ്പിച്ചത്. വിദ്യാർത്ഥികളുടെ ടൂറുകളിൽ അധ്യാപകർ സ്വീകരിക്കുന്ന സുരക്ഷാ നടപടികളുടെ വിശദാംശങ്ങൾ തേടിയായിരുന്നു ആദ്യ അപേക്ഷ. പിന്നീട് പല വിഷയങ്ങളിലും ഒരു മടിയുമില്ലാതെ ഇടപെടാൻ ശില്പരാജിനായി. എക്സൈസ് വകുപ്പിൽ 648 തസ്തിക സൃഷ്ടിക്കാൻ എക്സൈസ് കമ്മിഷണർ സർക്കാരിലേക്ക് പ്രൊപ്പോസൽ സമർപ്പിച്ചതോടെ ശില്പ്പരാജി വീണ്ടും ശ്രദ്ധനേടുകയാണ്. വർഷങ്ങളായി എം.വി.ശില്പരാജ് പൊതുതാത്‌പര്യ ഹർജിയും വിവരാവകാശ അപേക്ഷകളും നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മിഷണർ സർക്കാരിലേക്ക് ശുപാർശ സമർപ്പിച്ചത്.
സംസ്ഥാനത്ത് പുതിയ 17 റെയ്ഞ്ച് ഓഫീസുകൾ സ്ഥാപിച്ച് അതിൽ 442 പുതിയ തസ്സികയും ക്രൈംബ്രാഞ്ച് വിപുലീകരിച്ച് 18 പുതിയ തസ്തികയും നിലവിലുള്ള ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥരുടെ അംഗബലം വർധിപ്പിക്കാൻ 94 പുതിയ തസ്തികയുമാണ് ശുപാർശയിലുള്ളത്. ഇതിനു പുറമെ കെ ഇഎംയു യൂണിറ്റുകളിൽ 72 പുതിയ തസ്തിക സൃഷ്ടിക്കാനും സർക്കാരിലേക്ക് എം.വി. ശില്പരാജ് പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. ഇതിൽ 27 ഡ്രൈവർമാരു ഓഫ് പ്രൊഫഷണൽ സോഷ്യൽ ടെ തസ്തികയും വേണമെന്നും എക്സൈസ് കമ്മിഷണറുടെ ശുപാർശയിലുണ്ട്. ശുപാർശ നടപ്പാക്കിയാൽ നിലവിലുള്ള എക്സൈസ് ജീവനക്കാരുടെ കുറവ് നികത്താനാകും. കുട്ടികളിൽ നിരന്തരം കണ്ടുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം തടയാൻ ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്തു നിന്ന് ഇല്ലാത്തതിനാലായിരുന്നു പൊതുതാത്‌പര്യ ഹർജിയും വിവരാവകാശ അപേക്ഷകളും നൽകിയത്.
2024ൽ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന ശിൽപരാജന്റെ പരാതിയിൽ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിരുന്നു. തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ ചീമേനി ഇരുപതാം ബൂത്തിലെ ബി.എൽ.ഒ എം. രവിയെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ കെ. ഇമ്പശേഖർ സസ്‌പെൻഡ് ചെയ്തത്. മാത്രമല്ല ഇടത് പക്ഷ സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ടുകൾ ചെയ്യാൻ ഉദ്യോഗസ്ഥൻ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. ഇതു സംബന്ധിച്ച് ശില്പരാജ് ജില്ലാ കലക്ടർക്കും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കുമാണ് പരാതി നൽകിയത്. ഇത് സംബന്ധിച്ച തെളിവുകളും ഹാജരാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്.
6 മാസം മുൻപ് ശില്പരാജ് തിരുവനന്തപുരത്ത് സിവിൽ സർവീസ് കോച്ചിങിനായി എത്തി. തുടർന്ന് തിരുവനന്തപുരത്ത് നിരവധി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കോച്ചിംഗ് സെന്ററിന്റെ സമീപ പ്രദേശങ്ങളിൽ യുവാക്കളും വിദ്യാർത്ഥിക്കളും അടക്കം ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത്. കോച്ചിംഗ് സെന്ററിന്റെ പരിധിയിലാണ് ശില്പരാജ് ലഹരി വിരുദ്ധ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. എക്സൈസ് കമ്മീഷണറേറ്റിന്റെ പരിധിയിൽ തന്നെ പുകയില ഉൽപ്പന്നങ്ങൾ വിൽക്കപ്പെടുന്നത് ഇല്ലാതാക്കിയതും ശ്രദ്ധേയമാണ്. എം എസ് ഡബ്യു വിദ്യാർത്ഥിയായിരിക്കെ കണ്ണൂർ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്ര പരിധിയിലും നിരവധി ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ശില്പരാജ് നടത്തിയിരുന്നു.
കോച്ചിങ്ങിനായി തിരുവനന്തപുരത്തുണ്ടായ 3 മാസത്തിനുള്ളിൽ മാത്രം നിരവധി സ്കൂൾ പ്രദേശങ്ങളിലാണ് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി ശില്പരാജ് തെളിവ് സഹിതം എക്സൈസ് കമ്മീഷണർക്ക് റിപ്പോർട്ട് ചെയ്തത്. തുടർന്നാണ് എക്സൈസ് ഇന്റലിജൻസ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ജോയിന്റ് കമ്മീഷണർ തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സ്കൂളുകളിലും രഹസ്യമായി വിവരശേഖരണം നടത്തുവാനും, നിരീക്ഷണം ഏർപ്പെടുത്തുവാനും, കർശന നിയമനടപടികൾ സ്വീകരിക്കുവാനും നിർദ്ദേശം നൽകുകയും ചെയ്തിട്ടുള്ളത്.
ശില്പരാജിന്റെ 2023 മുതലുള്ള ഇടപെടലുകളുടെ ഫലമായി കണ്ണൂർ ജില്ലയിൽ മുഴുവൻ തദ്ദേശസ്ഥാപനങ്ങൾക്കും കണ്ണൂർ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഇൻഫോസ്‌സ്മെന്റ് ആർ. ടി. ഒ നിർദ്ദേശം നൽകിയതും ശ്രദ്ധേയമാണ്. കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ ഫണ്ട് ഫലപ്രദമായി ഉപയോഗിക്കണമെന്നായിരുന്നു നിവേദനം. റോഡ് സുരക്ഷ കൗൺസിൽ യോഗത്തിൽ ശില്പരാജിന്റെ നിർദേശങ്ങൾ പ്രത്യേക അജൻഡയാക്കാനും തീരുമാനിച്ചിരുന്നു. 2021 ൽ ശില്പരാജിന് കാസർഗോഡ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രശംസ പത്രം നൽകിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച സോഷ്യൽ വർക്ക് വിദ്യാർഥിക്കുള്ള 2024 ലെ കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്ക്സ് അവാർഡ് ജേതാവും കൂടിയാണ് ശില്പരാജ്.