പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലും വനിതാവിഭാഗത്തിലുമായി സര്‍ക്കാര്‍ നിര്‍മിച്ചത് 10 ചിത്രങ്ങള്‍; മൂന്ന് ചിത്രങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു; ഒടിടി പ്ലാറ്റ്ഫോമായ സി സ്പേസില്‍ റിലീസ് ചെയ്ത ഏഴുചിത്രവും വിജയം; അടൂരിനും ശ്രീകുമാരന്‍ തമ്പിയ്ക്കും മറുപടിയുമായി കെ എസ് എഫ് ഡി സി; സിനിമാ കോണ്‍ക്ലേവിലെ ആ വിവാദം അണയുന്നില്ല

Update: 2025-08-06 03:39 GMT



തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന് പിന്നാലെ ശ്രീകുമാരന്‍ തമ്പിയും പരസ്യ വിമര്‍ശനവുമായി രംഗത്ത് വരുമ്പോള്‍ സിനിമാ നിര്‍മ്മാണത്തിനുള്ള പണം നല്‍കലില്‍ വിശദീകരണവുമായി കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ രംഗത്ത്. ഓരോ സിനിമയുടെയും നിര്‍മാണത്തിന് ഒന്നരക്കോടി രൂപ വീതമാണ് നല്‍കിയത്. സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമായ സി സ്പേസില്‍ റിലീസ് ചെയ്ത ഏഴുചിത്രവും വിജയമാണെന്ന് ചലച്ചിത്ര വികസന കോര്‍പറേഷന്‍ അറിയിച്ചു. ഒരു സിനിമ പറയുന്ന മൂല്യങ്ങളാണ് അതിനെ വേറിട്ടതാക്കുന്നത്. ആ അര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ധനസഹായത്തില്‍ പുറത്തുവന്ന ചിത്രങ്ങളെല്ലാം വേറിട്ടതാണെന്ന വാദമാണ് ഉയര്‍ത്തുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ വിമര്‍ശനങ്ങളെ സംവിധായിക ശ്രുതി ശരണ്യം തള്ളി പറയുകയും ചെയ്തു. ഇത്തരം ഒരു പദ്ധതിയുള്ളതുകൊണ്ടാണ് എന്റെ ആദ്യത്തെ സിനിമയുണ്ടായത്. എന്നെപ്പോലൊരാള്‍ക്ക് ഒരു നിര്‍മാതാവിനെ കിട്ടുകയെന്നത് ഒട്ടും എളുപ്പമല്ല. ഞങ്ങള്‍ക്കാര്‍ക്കും സിനിമ ചെയ്യാന്‍ വെറുതേ സര്‍ക്കാര്‍ ഒന്നരക്കോടി തന്നതല്ല. ഏകദേശം ഒരു വര്‍ഷം നീണ്ടുനിന്ന, നാല് റൗണ്ട് മത്സരത്തിലൂടെയാണ് ഞങ്ങളുടെ തിരക്കഥകള്‍ തെരഞ്ഞെടുക്കപ്പെട്ടതെന്നും ശ്രുതി പറയുന്നു. അതായത് കഴിവ് തെളിയിക്കുന്നവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ പണം സിനിമ നിര്‍മ്മിക്കാന്‍ കിട്ടുന്നതെന്ന് പറഞ്ഞു വയ്ക്കുകയാണ് അവര്‍.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലും വനിതാവിഭാഗത്തിലുമായി സര്‍ക്കാര്‍ നിര്‍മിച്ചത് 10 ചിത്രങ്ങളാണ്. മൂന്ന് ചിത്രങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. അവാര്‍ഡുകളും വാരിക്കൂട്ടി. വനിതാവിഭാഗത്തില്‍ ആറും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ നാല് ചിത്രങ്ങളുമാണ് സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മിച്ചത്. വനിതാ വിഭാഗത്തില്‍ താരാ രാമാനുജന്‍ സംവിധാനം ചെയ്ത 'നിഷിദ്ധോ' മൂന്ന് പുരസ്‌കാരം നേടി. മികച്ച രണ്ടാമത്തെ സിനിമക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം, ഒട്ടാവ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ്, കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നവാഗത സംവിധായികയ്ക്കുളള എഫ്എഫ്എസ്‌ഐയുടെ - കെ ആര്‍ മോഹനന്‍ അവാര്‍ഡ് എന്നിവയാണ് നേടിയത്. 2022ലാണ് ചിത്രം പുറത്തിറങ്ങിയത്. ശ്രുതി ശരണ്യം സംവിധാനം ചെയ്ത 'ബി 32 മുതല്‍ 44 വരെ' 2023ല്‍ വനിത വിഭാഗത്തില്‍ സംസ്ഥാന ചലച്ചിത്രപുരസ്‌കാരം, തിരക്കഥയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, മാഡ്രിഡിലെ ഇമാജിന്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ന്യൂഡല്‍ഹിയിലെ ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2024ലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫിപ്രെസിയുടെ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടിയ ശിവരഞ്ജിനി സംവിധാനം ചെയ്ത ചിത്രമാണ് 'വിക്ടോറിയ. ഷാങ്ഹായ് ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഇതിലെ അഭിനയത്തിന് മീനാക്ഷി ജയന് ലഭിച്ചു. ഏഷ്യന്‍ ന്യൂ ടാലന്റ് വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. മിനി ഐ ജിയുടെ ഡിവോഴ്സ്, ഇന്ദുലക്ഷ്മിയുടെ നിള, പി ഫര്‍സാനയുടെ മുംത എന്നിവയും വനിതാവിഭാഗത്തില്‍ നിര്‍മിച്ച ചിത്രങ്ങളാണ്. വിക്ടോറിയ, മുംത എന്നിവയുടെ റിലീസ് ഉടനുണ്ടാകും. വി എസ് സനോജിന്റെ 'അരിക്', അരുണ്‍ ജെ മോഹന്റെ 'ചുരുള്‍', മനോജ്കുമാര്‍ സി എസിന്റെ 'പ്രളയശേഷം ഒരു ജലകന്യക' എന്നിവയാണ് പട്ടികജാതി, പട്ടികവര്‍ഗവിഭാഗത്തില്‍ നിര്‍മിച്ച നാലുചിത്രങ്ങളില്‍ പുറത്തിറങ്ങിയവ. ഈ വിഭാഗത്തില്‍ സുനീഷ് വടക്കുമ്പാടന്റെ 'കാട്' ഉടന്‍ പുറത്തിറങ്ങുമെന്നും ചലച്ചിത്ര വികസന കോര്‍പറേഷന്‍ പറയുന്നു.

സിനിമ കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയും രംഗത്തു വന്നിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ള വ്യക്തി പ്രസംഗിക്കുന്നതിനിടയില്‍ കയറി സംസാരിക്കുന്നത് തെറ്റാണ്. ഗായിക പുഷ്പവതിയെ അറിയില്ലായിരുന്നുവെന്നും അവരുടെ പാട്ടുകള്‍ കേട്ടിട്ടില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സംഗീത നാടക അക്കാദമിയുടേയും സാഹിത്യ അക്കാദമിയുടേയുമൊക്കെ തലപ്പത്തിരിക്കുന്നത് ഭരണ കക്ഷിയുടെ ആളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ സഹായത്തില്‍ നിര്‍മിച്ച സിനിമകളില്‍ ഒന്നരക്കോടി രൂപയുടെ മൂല്യം കാണാന്‍ കഴിഞ്ഞില്ലെന്നും ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച നാലു പടങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ചിത്രത്തിനും ഒന്നരക്കോടി മുടക്കിയതായി തോന്നിയിട്ടില്ല. പണം മോഷ്ടിച്ചെന്നോ തിരിമറി നടത്തിയെന്നോ അല്ല ഉദ്ദേശിക്കുന്നത്. 26 ഫീച്ചര്‍ ഫിലിമുകളും 47 ഡോക്യുമെന്ററികളും നിര്‍മിച്ച നിര്‍മാതാവാണ് ഞാന്‍. ആ അനുഭവത്തിലാണിത് പറയുന്നത്. ഒരു സിനിമ കണ്ടാല്‍ എത്ര മുടക്കിയിട്ടുണ്ടെന്ന് എനിക്ക് അറിയാം. 60 വര്‍ഷമായി ഞാന്‍ സിനിമയിലുണ്ട്. ഒന്നരക്കോടി മുടക്കി എന്ന് തോന്നാത്തത് അവരുടെ പരിചയക്കുറവുകൊണ്ടാണ്', ശ്രീകുമാരന്‍ തമ്പി പറഞ്ഞിരുന്നു.

സിനിമാ കോണ്‍ക്ലേവിന്റെ സമാപന വേദിയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. പട്ടികജാതി വിഭാഗത്തില്‍നിന്നു സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നും സ്ത്രീകളായതു കൊണ്ടു മാത്രം സിനിമയെടുക്കാന്‍ പണം നല്‍കരുതെന്നുമായിരുന്നു അടൂര്‍ നടത്തിയ പരാമര്‍ശം. ഇതിനെതിരെ ഗായിക പുഷപവതി പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ സിനിമയുമായി ബന്ധമില്ലാത്ത ആളാണ് തനിക്കെതിരെ പ്രിതിഷേധിച്ചതെന്നായിരുന്നു അടൂറിന്റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് പ്രതിരോധം തീര്‍ക്കാന്‍ സിനിമയ്ക്ക് കിട്ടിയ അവാര്‍ഡും അംഗീകരാവുമെല്ലാം സര്‍ക്കാര്‍ ചര്‍ച്ചകളിലേക്ക് കൊണ്ടു വരുന്നത്.

Tags:    

Similar News