പശ്ചിമേഷ്യയില്‍ 80 ലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികള്‍; സുരക്ഷ വിലയിരുത്തി പ്രധാനമന്ത്രിയുടെ നിര്‍ണായക യോഗം; ഇറാനിലെയും ഇസ്രയേലിലെയും പൗരന്മാരെ തിരിച്ചെത്തിക്കാന്‍ അതിവേഗ നീക്കം; വ്യോമസേനയ്ക്കും നാവികസേനയ്ക്കും നിര്‍ദേശം
ന്യൂഡല്‍ഹി: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് പ്രത്യാക്രമണം കടുപ്പിച്ചതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്. വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും നേരെയുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളെ കൂടി ബാധിച്ചതോടെ ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ വലിയ ആശങ്കയിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികളുള്ള മേഖലയാണ് പശ്ചിമേഷ്യ. ഏകദേശം 80 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഇവിടെ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ബഹ്റൈന്‍, കുവൈത്ത്, യുഎഇ, ഖത്തര്‍ തുടങ്ങിയ എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളും നിലവിലെ സംഘര്‍ഷാവസ്ഥയില്‍ കടുത്ത ആശങ്കയിലാണ്.
അതേസമയംഗള്‍ഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നിര്‍ണായക യോഗം ചേര്‍ന്നു. വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കി. സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ഇറാന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ആവശ്യമെങ്കില്‍ അയല്‍രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനയോടും നാവികസേനയോടും സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശിച്ചു. വിമാനത്താവളങ്ങള്‍ ഭാഗികമായി അടച്ചിരിക്കുന്ന സാഹചര്യത്തില്‍, സുരക്ഷിതമായ ഇടങ്ങള്‍ കണ്ടെത്തി പ്രത്യേക വിമാനങ്ങള്‍ അയക്കുന്നതിനുള്ള 'ഓപ്പറേഷന്‍ അജയ്' പോലുള്ള പുതിയൊരു മിഷന്‍ ആരംഭിക്കാന്‍ തീരുമാനമായി. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ പ്രവാസികളുമായി നേരിട്ട് ബന്ധപ്പെടാനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുകള്‍ ഉറപ്പാക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയില്‍ 80 ലക്ഷത്തിലധികം പ്രവാസികള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ ലോകത്ത് തന്നെ ഏറ്റവും മുന്നില്‍ സൗദി അറേബ്യയാണ്. 25.9 ലക്ഷം പ്രവാസികള്‍ സൗദി അറേബ്യയിലുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. യുഎഇയില്‍ 34.2 ലക്ഷം, ഒമാനില്‍ 13.75 ലക്ഷം, കുവൈത്ത് 11.52 ലക്ഷം, ഖത്തര്‍ 7ലക്ഷം, ബഹറൈന്‍ 3.2 ലക്ഷം ഇന്ത്യക്കാരും പലമേഖലകളിലായി ഉണ്ട്. ആക്രമണത്തിന് തുടക്കം കുറിച്ച ഇസ്രയേലില്‍ 97,467 ഇന്ത്യന്‍ പ്രവാസികളും ജോര്‍ദാനില്‍ 20,760 ഇന്ത്യക്കാരുമാണുള്ളത്. ഏറ്റവും കുറവ് ഇന്ത്യന്‍ പ്രവാസികളുള്ളത് ഇറാനിലാണ്. 4,337 പേരാണ് ഇറാനിലുള്ളത്.
അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും എംബസികളുമായും കോണ്‍സുലേറ്റുകളുമായും നിരന്തരം ബന്ധം പുലര്‍ത്താനും പ്രവാസികളോട് നിര്‍ദേശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഗള്‍ഫ് മേഖലയിലുള്ളത്. ഇവരെ ഒഴിപ്പിക്കുക എന്നുള്ളത് അസാധ്യമാണ്. അതിനാല്‍ സുരക്ഷിതരായി വീടുകള്‍ക്കുള്ളില്‍ കഴിയാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. ഇസ്രായേലുമായി അടുത്ത ബന്ധം പുലര്‍ത്തുമ്പോഴും പക്ഷം പിടിക്കാതെ സമാധാനത്തിനായുള്ള ആഹ്വാനമാണ് ഇന്ത്യ നല്‍കിയത്. പ്രധാനമായും ഇന്ത്യക്കാരുടെ സുരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ ഉറ്റുനോക്കുന്നത്.
ഒമാന്‍, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ പ്രവാസി സമൂഹത്തിനിടയില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 80 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഈ മേഖലയിലുള്ളത്. വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ തിരിച്ചടിയായി.
അതേസമയം, ഇറാനിലെയും ഇസ്രയേലിലെയും പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു വരുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചത്. ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യയാത്ര ഒഴിവാക്കണമെന്നും ടെഹ്റാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷ മേഖലയിലുള്ള മലയാളികള്‍ക്കായി ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് കണ്‍ട്രോള്‍ റൂം തുറന്നത്. 011-23747079, 011-23742320, +91-9310443880 എന്നീ കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാം.
