തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ല; പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ളത് അതിശയോക്തിപരമായ പ്രചാരണം; പൂരം കലക്കണം എന്നത് സംഘപരിവാറിന്റെ താല്‍പ്പര്യം; കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് യുഡിഎഫിന്റെ താല്പര്യമായി മാറി; നിലപാട് ആവര്‍ത്തിച്ചു മുഖ്യമന്ത്രി; വിശദീകരണ കുറിപ്പിറക്കി

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ല

Update: 2024-10-28 12:49 GMT

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരം കലങ്ങി എന്നല്ല കലക്കാന്‍ ശ്രമം ഉണ്ടായി എന്നാണ് അന്നും ഇന്നും നിലപാടെന്ന് മുഖ്യമന്ത്രി വിശദമാക്കി. വെടിക്കെട്ട് മാത്രം വൈകിയെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പില്‍ വിശദീകരിച്ചത്. പൂരം കലക്കി എന്ന് സ്ഥാപിക്കേണ്ടത് സംഘപരിവാറിന്റെ ആവശ്യമാണ്. പൂരഘോഷത്തിലെ ഇടപെടലുകള്‍ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥ തലത്തില്‍ കുറ്റം ചെയ്‌തെങ്കില്‍ ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലൂടെയാണ് വിശദീകരണം. പൂര ആഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഒടുവിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വെടിക്കെട്ടുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നത്. സുരക്ഷാ ക്രമീകരണങ്ങളോട് ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ആളുകളെ ഒഴിപ്പിക്കുന്നതില്‍ തടസവാദങ്ങളുണ്ടായി. ദീപാലങ്കാരങ്ങള്‍ ഓഫ് ചെയ്യുന്നത് പോലെ നടപടികളുമുണ്ടായി. വെടിക്കെട്ട് വൈകി നടത്തേണ്ടി വന്നു. ചില ആചാരങ്ങള്‍ ദേവസ്വങ്ങള്‍ ചുരുക്കി നടത്തിയെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം:

ജനസഹസ്രങ്ങള്‍ പങ്കാളികളായ തൃശൂര്‍ പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. ഇത്തവണത്തെ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്. പൂരത്തോട് അനുബന്ധിച്ചുള്ള ചെറുപൂരങ്ങളും എഴുന്നള്ളിപ്പുകളും ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങിയ മറ്റെല്ലാ പ്രധാനപ്പെട്ട ചടങ്ങുകളും കൃത്യമായി നടക്കുകയുണ്ടായി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുകൂടിയുള്ള എഴുന്നള്ളിപ്പുകള്‍ അവസാനിക്കുന്നതോടുകൂടിയാണ് വെടിക്കെട്ട് ആരംഭിക്കേണ്ടത്.

വെടിക്കെട്ടിന്റെ മുന്നോടിയായി തൃശ്ശൂര്‍ റൗണ്ടില്‍ നിന്നും (സ്റ്റെറയില്‍ സോണ്‍) ജനങ്ങളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് തടസ്സവാദങ്ങള്‍ ഉന്നയിക്കപ്പെട്ടത്. വെടിക്കെട്ട് നടത്തുമ്പോഴുണ്ടാകേണ്ട നിയമാനുസൃതമായ സുരക്ഷാ ക്രമീകരണങ്ങളോട് ചില എതിര്‍പ്പുകളും അതിന്റെ ഭാഗമായി ദീപാലങ്കാരങ്ങള്‍ ഓഫ് ചെയ്യുന്നതുള്‍പ്പെടെയുള്ള ചില നടപടികളും ഉണ്ടായിട്ടുണ്ട്. പുലര്‍ച്ചെ മൂന്നുമണിയോടുകൂടി നടക്കേണ്ട വെടിക്കെട്ട് രാവിലെയാണ് നടന്നത്. പിറ്റേന്ന് നടക്കേണ്ട സമാപന വെടിക്കെട്ടും വൈകി.

ചില ആചാരങ്ങള്‍ ദേവസ്വങ്ങള്‍ ആ സമയത്ത് ചുരുക്കി നടത്തുകയാണ് ഉണ്ടായത്. സംഭവിച്ചതിന്റെയെല്ലാം കാരണങ്ങള്‍ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കവേ, പൂരം ആകെ അട്ടിമറിക്കപ്പെട്ടു എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത എന്തിനാണ് പ്രതിപക്ഷത്തിന് ഉണ്ടാവുന്നത്? പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളത്. അന്വേഷണം സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിലും നിയമസഭയിലും ഇത് വ്യക്തമാക്കിയതാണ്.

പൂരവും അതുപോലുള്ള ഉത്സവങ്ങളും വര്‍ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള താല്പര്യം സംഘപരിവാറിന്റേതാണ്. അത്തരം കുത്സിത നീക്കങ്ങള്‍ രാഷ്ട്രീയമായി തുറന്നു കാട്ടാനും തടയാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു പകരം സംഘപരിവാറിന്റെ അതേ ലക്ഷ്യത്തോടെ പൂരം കലങ്ങി എന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാനുള്ള കുടില നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. അവ തുറന്നുകാട്ടുമ്പോള്‍ അസഹിഷ്ണുതയോടെ പൂരം കലങ്ങി എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് സംഘപരിവാറിന്റെ ബി ടീമായി കളിക്കുന്നത് കൊണ്ടാണ്. പൂരം കലക്കണം എന്നത് സംഘപരിവാറിന്റെ താല്പര്യം ആയിരുന്നു. കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് യുഡിഎഫിന്റെ താല്പര്യമായി മാറിയിരിക്കുന്നു. ഇതിന് രണ്ടിനോടും ഒപ്പം അല്ല പൂര പ്രേമികളും ജനങ്ങളാകെയും.

ഉദ്യോഗസ്ഥതലത്തില്‍ ആരെങ്കിലും കുറ്റം ചെയ്യുകയോ അനാസ്ഥ കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും അര്‍ഹമായ ശിക്ഷ നല്‍കുകയും ചെയ്യും എന്നതാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട്. പുരാഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും പരിശോധിക്കപ്പെടും. വരും വര്‍ഷങ്ങളില്‍ കുറ്റമുറ്റരീതിയില്‍ പൂരം നടത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റേത്.

അതേസമയം തൃശൂര്‍ പൂരം കലക്കിയത് സംസ്ഥാന സര്‍ക്കാരാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു. പോലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സര്‍ക്കാര്‍ പൂരം കലക്കിയതെന്നും പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ പൂരം കലക്കിയതിനെതിരെ ഇപ്പോള്‍ പോലീസ് എഫ്.ഐ.ആര്‍. ഇട്ടിരിക്കുകയാണ്. പേരില്ലാത്ത എഫ്.ഐ.ആര്‍. കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും സുരേന്ദ്രന്‍ ആരാഞ്ഞു.

പൂരത്തിന്റെ സമയക്രമം തെറ്റിക്കാന്‍ ശ്രമം നടത്തി. വെടിക്കെട്ട് മനഃപൂര്‍വ്വം വൈകിച്ചു. എല്ലാം സര്‍ക്കാരിന്റെ വീഴ്ചയാണ്. എന്നാല്‍ ഈ കാര്യത്തില്‍ പിണറായിയെ വി.ഡി. സതീശന്‍ പിന്തുണയ്ക്കുകയാണ്. ആര്‍.എസ്.എസാണ് പൂരംകലക്കിയതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ആര്‍.എസ്.എസിനോ ബി.ജെ.പിക്കോ ഇതില്‍ ഒരു ബന്ധവുമില്ല. ആര്‍.എസ്.എസിനെ പറഞ്ഞാല്‍ ചില വോട്ടുകള്‍ കിട്ടുമെന്ന് വിചാരിച്ചാണ് സതീശന്‍ കള്ളം പറയുന്നത്. സുരേഷ് ഗോപി ഓടിയെത്തിയതിനെയാണ് സതീശനും സി.പി.ഐയും കുറ്റം പറയുന്നത്. ലക്ഷക്കണക്കിന് ഭക്തര്‍ ആശങ്കയിലായപ്പോള്‍ ഓടിയെത്തിയതാണോ അദ്ദേഹം ചെയ്ത കുറ്റം. ഇടതുപക്ഷത്തിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാര്‍ഥികള്‍ അങ്ങോട്ട് വരാതെ കിടന്നുറങ്ങിയത് സുരേഷ് ഗോപിയുടെ കുറ്റമാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

മുനമ്പത്ത് വഖഫ് നിയമത്തിന്റെ പേരില്‍ തീരദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിന് എല്‍.ഡി.എഫും യു.ഡി.എഫും പിന്തുണ നല്‍കുകയാണ്. ഇതിനെതിരെ കത്തോലിക്കാ സഭയുടെ മുഖപത്രം രംഗത്ത് വന്നിരിക്കുകയാണ്. വോട്ടുബാങ്കിന് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ബില്ലിനെതിരെ നിയമസഭയില്‍ ഐകകണ്ഠ്യേന പ്രമേയം അവതരിപ്പിച്ച ഭരണ-പ്രതിപക്ഷങ്ങള്‍ മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുകയാണ്. നിലവിലുള്ള വഖഫ് നിയമം രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ വഖഫ് ബോര്‍ഡിന് അധിനിവേശം നടത്താനുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. എന്നാല്‍ യു.ഡി.എഫും എല്‍.ഡി.എഫും പ്രീണന രാഷ്ട്രീയത്തിന് വേണ്ടി ഇതിനെ തുരങ്കംവെക്കുകയാണെന്നും ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.

പാലക്കാട്ടേക്ക് ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടി ഡി.സി.സി. പ്രസിഡന്റും സ്ഥലം എം.പിയും നാല് മുന്‍ ഡി.സി.സി. പ്രസിഡന്റുമാരും കത്തയച്ചിട്ടും അത് പരിഗണിക്കാതെ മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണെന്നും സുരന്ദ്രന്‍ പറഞ്ഞു ഇപ്പോഴത്തെ സ്ഥാനാര്‍ഥി ഷാഫിയുടെ നോമിനി ആണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ തന്നെ പറയുന്നു. വിഡി സതീശനും അതിന് പിന്തുണ നല്‍കി, സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വലിയ ഇടപെടലുകളാണ് നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുതലപ്പൊഴി ഹാര്‍ബറിന്റെ വികസനത്തിന് 177 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. കാസര്‍കോട്, ബേപ്പൂര്‍, കൊയിലാണ്ടി തുടങ്ങിയ ഹാര്‍ബറുകളുടെ വികസനത്തിനും കേന്ദ്രസര്‍ക്കാര്‍ പണം അനുവദിച്ചിരിക്കുകയാണ്. നൂറുകണക്കിന് കോടി രൂപയുടെ വികസനമാണ് കേരളത്തിന്റെ തീരദേശ മേഖലയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ജോര്‍ജ് കുര്യന്റെ ഇടപെടലിനെ ബിജെപി കേരള ഘടകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News