ദിവസങ്ങള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ച; സീറ്റ് മോഹിച്ച എംപിമാര്‍ക്ക് ഒപ്പം സിറ്റിംഗ് എംഎല്‍എയും പടിക്ക് പുറത്ത്; സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കി; യുവാക്കള്‍ക്കും അവസരം; ദീപ്തി മേരി വര്‍ഗീസും മറിയ ഉമ്മനും അരിത ബാബുവുമില്ല; കോണ്‍ഗ്രസിനായി മത്സര രംഗത്ത് ആകെ ഒന്‍പത് വനിതകള്‍ മാത്രം
തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയ്ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ സീറ്റ് മോഹിച്ച എംപിമാര്‍ക്ക് ഒപ്പം ഒരു സിറ്റിംഗ് എംഎല്‍എയും പടിക്ക് പുറത്ത്. കണ്ണൂരില്‍ മത്സരിക്കാന്‍ മോഹിച്ച കെ സുധാകരനും കോന്നി മോഹിച്ച അടൂര്‍ പ്രകാശിനും സീറ്റ് നല്‍കിയില്ല. പെരുമ്പാവൂരില്‍ സിറ്റിങ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളിക്കും ഇത്തവണ സീറ്റ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചു. രണ്ട് പേരുകള്‍ ഉയര്‍ന്ന് കേട്ട മണ്ഡലങ്ങളില്‍ ഒന്നായ കൊച്ചിയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മത്സരിക്കും. സീറ്റ് പ്രതീക്ഷിച്ച് പോസ്റ്ററുകള്‍ വരെ അച്ചടിപ്പിച്ച ദീപ്തി മേരി വര്‍ഗീസ് വീണ്ടും അവഗണിക്കപ്പെട്ടു. ചെങ്ങന്നൂരില്‍ പരിഗണിച്ച ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനും കായംകുളത്ത് പരിഗണിച്ച യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ് അരിത ബാബു അടക്കമുള്ള വനിതാ നേതാക്കളെ ഒഴിവാക്കി. രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒറ്റ വനിത സ്ഥാനാര്‍ത്ഥികള്‍ പോലുമില്ല എന്നതും ശ്രദ്ധേയമാണ്. ആദ്യ ഘട്ട പട്ടികയില്‍ ഉള്‍പ്പെട്ട ഒന്‍പത് സ്ത്രീകള്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ വനിത സ്ഥാനാര്‍ത്ഥികളായിട്ടുള്ളത്.
37 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കെ. സുധാകരന്‍ മത്സരിക്കില്ലെന്നുറപ്പായി. പാര്‍ട്ടിയാണ് വലുതെന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം അവഗണിച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വെല്ലുവിളിച്ച കെ സുധാകരന്‍ എംപി ഒടുവില്‍ പാര്‍ട്ടിക്ക് കീഴടങ്ങുകയായിരുന്നു. കണ്ണൂരില്‍ കെ സുധാകരന് പകരം ടിഒ മോഹനന്‍ ആണ് സ്ഥാനാര്‍ത്ഥി. കോന്നിയില്‍ അടൂര്‍ പ്രകാശിന് പകരം സതീഷ് കൊച്ചുപറമ്പിലും എല്‍ദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടനും മത്സരിക്കും.
നിയമസഭ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന കര്‍ശന നിലപാട് ആദ്യം വ്യക്തമാക്കിയത് സംസ്ഥാന നേതൃത്വമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും, രാഹുല്‍ ഗാന്ധിയും പിന്തുണച്ചു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കണ്ണൂരില്‍ തന്നെ മത്സരിക്കുമെന്ന് സുധാകരന്‍ വെല്ലുവിളിച്ചു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി ഫേസ്ബുക്ക് പോസ്റ്റിലൂടെയും പ്രതിഷേധിച്ചു. വീണ്ടും ഡല്‍ഹിയിലെത്തിയ സുധാകരന്‍ നേതാക്കള്‍ ചര്‍ച്ചക്ക് വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഫ്‌ലാറ്റില്‍ കാത്തിരുന്നു.തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഭീഷണി മുഴക്കി. എന്നാല്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പ് സമിതിയില്‍ സുധാകരന്റെ മോഹം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തന്നെ വെട്ടി. ഒരു അനുനയവും വേണ്ടെന്ന് സംസ്ഥാന നേതൃത്വത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും നിലപാട് കടുപ്പിക്കുകയായിരുന്നു.
എ കെ ആന്റണിയും, കെ സി വേണുഗാപാലും , രമേശ് ചെന്നിത്തലയും സുധാകരനെ വിളിച്ച് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുതെന്ന് പറഞ്ഞു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വിളിച്ചും തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചു. സ്വതന്ത്രനായി മത്സരിച്ചാല്‍ എംപി പദവി കൂടി നഷ്ടപ്പെടുമെന്ന തിരിച്ചറിവും അണികള്‍ കൂടയുണ്ടാകില്ലെന്ന തിരിച്ചറിവും സുധാകരനെ പിന്നോട്ടടിച്ചു. മറ്റ് നേതാക്കള്‍ അയഞ്ഞപ്പോഴും വി ഡി സതീശന്‍ തുടര്‍ന്ന കര്‍ശന നിലപാടും കെ സുധാകരന്റെ അധികാര മോഹത്തിന് തിരിച്ചടിയായി.
ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന നേമത്ത് കെ.എസ് ശബരീനാഥനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ആറന്മുളയില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി മത്സരിക്കും. ഈഴവ പ്രാതിനിധ്യം കൂടി ഉറപ്പാക്കി കെ.ബാബു പിന്മാറിയ സാഹചര്യത്തില്‍ അദ്ദേഹം നിര്‍ദേശിച്ച ദീപക് ജോയ് തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയായി. അതോടെ അവിടെ തുടക്കത്തില്‍ പരിഗണിച്ചിരുന്ന എം.ലിജുവിനെ കായംകുളത്ത് സ്ഥാനാര്‍ഥിയാക്കി.
അടൂര്‍ പ്രകാശ് മത്സരിക്കാന്‍ ആഗ്രഹിച്ച കോന്നിയില്‍ സാമുദായിക പ്രാതിനിധ്യം പ്രകാരം ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനാണ് സീറ്റ്. കേരള കോണ്‍ഗ്രസില്‍നിന്ന് കോണ്‍ഗ്രസ് ഏറ്റെടുത്ത ഇടുക്കിയില്‍ റോയ് കെ പൗലോസിന് നറുക്കുവീണു. എല്‍ദോസിന് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് യാക്കോബായ പ്രാതിനിധ്യം കണക്കിലെടുത്ത് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയത്. തൃക്കരിപ്പൂരില്‍ പാര്‍ട്ടി വക്താവ് സന്ദീപ് വാര്യര്‍ മത്സരിക്കും. നാല് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്വതന്ത്രരെ പിന്തുണക്കും. ഇതില്‍ മൂന്ന് പേര്‍ സിപിഎം വിമതരാണ്. അമ്പലപ്പുഴയില്‍ ജി.സുധാകരനേയും തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദനേയും ഒറ്റപ്പാലത്ത് പി.കെ. ശശിയേയും കോണ്‍ഗ്രസ് പിന്തുണക്കും.
