വേവിക്കാന്‍ എടുത്ത അരി തട്ടിമറിച്ചും പാചകക്കാരിയുടെ കൈപിടിച്ച് തിരിച്ചും അതിക്രമം കാട്ടി; ലക്ഷ്യമിട്ടത് ഉച്ചഭക്ഷണം മുടക്കി പാവപ്പെട്ട കുട്ടികളെ കടുത്ത പട്ടിണിയിലാക്കാന്‍; വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശങ്ങള്‍ ലംഘിച്ചു; കണ്ണൂര്‍ മണത്തണ സ്‌കൂള്‍ സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് അക്ഷയ മനോജിന് എതിരെ ദേശീയ ബാലാവകാശ കമ്മീഷനില്‍ എബിവിപി നേതാവിന്റെ പരാതി
അക്ഷയ മനോജിന് എതിരെ ദേശീയ ബാലാവകാശ കമ്മീഷനില്‍ എബിവിപി നേതാവിന്റെ പരാതി
കണ്ണൂര്‍: എസ്എഫ്ഐയുടെ പഠിപ്പുമുടക്കിന്റെ പേരില്‍ കണ്ണൂര്‍ മണത്തണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാചക തൊഴിലാളി, വസന്ത, ഡിവൈഎഫ്‌ഐ നേതാവ് അക്ഷയ മനോജ്, എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ആര്യ ലക്ഷ്മി, ദേശീയ ബാലാവകാശ കമ്മീഷന്‍, പരാതി
പാചക തൊഴിലാളി വസന്തയ്ക്ക് നേരേ നടന്ന അതിക്രമത്തില്‍ ഡിവൈഎഫ്ഐ പേരാവൂര്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അക്ഷയ മനോജ് അടക്കമുള പ്രവര്‍ത്തകര്‍ക്കെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ പരാതി. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ആര്യ ലക്ഷ്മിയാണ് പരാതിക്കാരി. 2005 ലെ ബാലാവകാശ സംരക്ഷണ നിയമപ്രകാരമാണ് പരാതി.
ജൂലൈ 10 ന് മണത്തണ സ്‌കൂളില്‍ നടന്ന സംഭവത്തില്‍ ബാലാവകാശ ലംഘനം, പൊതുപ്രവര്‍ത്തകയ്ക്ക് നേരേയുള്ള ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയുടെ പേരിലാണ് പരാതി. സംഭവത്തില്‍, അക്ഷയ മനോജിനെതിരേ പേരാവൂര്‍ പോലീസ് കേസെടുത്തിരുന്നു.
മണത്തണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പാചകത്തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ അതിക്രമം. ഉച്ചഭക്ഷണം തയ്യാറാക്കിയാല്‍ ക്ലാസ് തുടരേണ്ടി വരും എന്നു പറഞ്ഞ് പാചകപ്പുരയില്‍ കയറുകയും പാചകക്കാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. കഴുകിയ അരി ഇടാന്‍ ശ്രമിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായതെന്ന് പാചകക്കാരിയായ വസന്ത പറഞ്ഞിരു്ന്നു. 'പ്രായത്തിന്റെ ബഹുമാനമെങ്കിലും കാണിക്കേണ്ടേ. ഓള്‍ടെ അമ്മയാകാന്‍ പ്രായമുണ്ട്. ചെലക്കല്ലാന്നാണ് എന്നോട് പറഞ്ഞത്. ഞാന്‍ ഇറങ്ങടീ എന്നു തിരിച്ചു പറഞ്ഞു.'' വസന്ത പറഞ്ഞു. തന്റെ കൈ പിടിച്ച് തിരിച്ചുവെന്നും അരി തട്ടിമറിച്ചുവെന്നും വസന്ത ആരോപിച്ചു.
രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണ് സംഭവം നടന്നത്. എസ്എഫ്ഐ ആഹ്വാനംചെയ്ത പഠിപ്പുമുടക്ക് സമരത്തിന്റെ ഭാഗമായാണ് പുറത്തുനിന്നുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകരടക്കം സ്‌കൂളിലെത്തിയത്. സമരമായതിനാല്‍ ക്ലാസ്സില്ലെന്നും അതുകൊണ്ട് ഭക്ഷണം പാകം ചെയ്യരുതെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പാചകത്തൊഴിലാളി വസന്ത ഇതിനെ എതിര്‍ത്തതോടെ ഇവരുമായി വാക്കേറ്റമുണ്ടായി. പിന്നാലെ വേവിക്കാന്‍ എടുത്ത അരി പ്രവര്‍ത്തകര്‍ തട്ടിക്കളയുകയായിരുന്നു.
വസന്തയുടെ പരാതിയിലാണ് പോലീസ് അക്ഷയക്കെതിരേ കേസെടുത്തത്. കൈ തട്ടിമാറ്റിയപ്പോള്‍ ചൂടുവെള്ളം കാലില്‍വീണ് പൊള്ളലേറ്റെന്നും ഇവരുടെ പരാതിയിലുണ്ട്. സര്‍വകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി എസ്എഫ്‌ഐ സംസ്ഥാനസെക്രട്ടറി ഉള്‍പ്പെടെ 30 പ്രവര്‍ത്തകരെ പോലീസ് റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനവ്യാപകമായി എസ്എഫ്ഐ പഠിപ്പുമുടക്കിയത്.
ദേശീയ ബാലാവകാശ കമ്മീഷനിലെ പരാതിയില്‍ പറയുന്നത്
സ്വന്തം രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ പ്രതിഷേധം അടിച്ചേല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ, ക്രൂരവും പ്രാകൃതവുമായ അതിക്രമം വഴി കൊച്ചുകുട്ടികള്‍ക്ക് ഉച്ചഭക്ഷണം മുടക്കി അവരെ കടുത്ത പട്ടിണിയിലാക്കിയെന്നും, അവരുടെ വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശം ലംഘിച്ചുവെന്നും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ആര്യ ലക്ഷ്മിയുടെ പരാതിയില്‍ ആരോപിക്കുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തക പേരറിയാത്ത ഏതാനും ചിലരുമായി ചേര്‍ന്ന് കുട്ടികളുടെ ഭക്ഷ്യസുരക്ഷ തടസ്സപ്പെടുത്താനും, വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശം അനധികൃതമായി നിഷേധിക്കാനും ഇടവരുത്തി. കുട്ടികളുടെ ക്ഷേമത്തിനും വികാസത്തിനും വേണ്ടി വിഭാവന ചെയ്യപ്പെട്ട പിഎം പോഷണ്‍ പദ്ധതിയുടെ ലക്ഷ്യങ്ങളെ അട്ടിമറിച്ചു.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിടണം. വസന്തയ്ക്ക് നേരേ അതിക്രമം കാട്ടുകയും അരി തട്ടിക്കളയുകയും ചെയ്ത അക്ഷയ മനോജ് അടക്കമുള്ള എസ്എഫ്‌ഐ/ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. യോഗ്യരായ എല്ലാ കുട്ടികള്‍ക്കും പി എം പോഷണ്‍ ഉച്ചഭക്ഷണ പദ്ധതി പ്രകാരം തുടര്‍ച്ചയായി ഭക്ഷണം ലഭിക്കാന്‍ ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും എം ആര്യ ലക്ഷ്മി തന്റെ പരാതിയില്‍ പറയുന്നു. അഭിഭാഷകരായ അഡ്വ.അരുണ്‍.ജി.കൃഷ്ണന്‍, അഡ്വ.പൂജ സതീഷ് എന്നിവര്‍ മുഖേനയാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ പരാതി സമര്‍പ്പിച്ചത്.
പ്രധാനമന്ത്രി, ഗവര്‍ണര്‍, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, വനിതാ ശിശുവികസന വകുപ്പ്് സെക്രട്ടറി, ചീഫ് സെക്രട്ടറി, കണ്ണൂര്‍ കളക്ടര്‍ എന്നിവര്‍ക്ക് പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.