ഒളിവുകാലത്ത് സര്‍വ്വസഹായങ്ങളുമായി 'പ്രത്യേക സംഘം'; കള്ളപ്പരാതിയും വിജിലന്‍സ് കഥയും പൊളിഞ്ഞു; ഉന്നത നിര്‍ദേശത്താല്‍ കീഴടങ്ങല്‍; പോലീസ് കസ്റ്റഡിയില്‍ വി.ഐ.പി പരിഗണന; ചാനല്‍ കാമറകളില്‍ നിന്നും പരമാവധി സംരക്ഷണം; ഒടുവില്‍ കൂസലില്ലാതെ ചെറു ചിരിയോടെ ദിവ്യ അഴിക്കുള്ളില്‍; നടപ്പായത് പാര്‍ട്ടി തിരക്കഥ
ഒളിവുകാലത്ത് സര്‍വ്വസഹായങ്ങളുമായി 'പ്രത്യേക സംഘം'
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ സിപിഎമ്മും സര്‍ക്കാറും ഏറെ പ്രതിരോധത്തിലായിരുന്നു. എങ്ങനെ കേസില്‍ നിന്നും ഊരുമെന്ന ചോദ്യവുമായി പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ അടക്കം കളം നിറഞ്ഞെങ്കിലും ഉപതിരഞ്ഞെടുപ്പു സമ്മര്‍ദ്ധം പണിയായി, മറുവശത്ത് സിപിഎം കുടുംബവും പത്തനംതിട്ടയിലെ പാര്‍ട്ടിയും കൂടിയായപ്പോള്‍ ശരിക്കും കുഴങ്ങിയ ദിവസങ്ങളിലായിരുന്നു സിപിഎം കടന്നു പോയത്. എന്നാല്‍, കേസ് അന്വേഷണം തുടങ്ങിയപ്പോള്‍ മുതല്‍ പി.പി. ദിവ്യക്ക് പിന്നില്‍ തന്ത്രങ്ങള്‍ മെനയാല്‍ ആളുകള്‍ ഉണ്ടായിരുന്നു. ഉന്നത ബന്ധങ്ങളുള്ള ഈ സംഘം തന്നെയാണ് എല്ലാ തിരക്കഥകള്‍ ഒരുക്കിയതും.
ഇതില്‍ ഒളിവു ജീവിതത്തിന്റെ ക്ലൈമാക്‌സായിരുന്നു ഇന്നുണ്ടായത്. പാര്‍ട്ടി ഒരുക്കിയ തിരക്കഥയില്‍ പൊലിസ് നിറഞ്ഞാടിയപ്പോള്‍ പി.പിദിവ്യയ്ക്ക് ലഭിച്ചത് വി.ഐ.പി പരിഗണനയായിരുന്നു. ഒടുവില്‍ ഒന്നിനെയും കൂസാതെ ചെറു ചിരിയോടെയാണ് ദിവ്യ അഴിക്കുള്ളില്‍ ആയത്. ഇനി വരും ദിവസങ്ങളില്‍ ദിവ്യയിലെ ദിവ്യത്തം തെളിയിക്കാനും പാര്‍ട്ടിയിലെ ബുദ്ധികേന്ദ്രങ്ങള്‍ ശ്രമം തുടരും. തലശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ തന്നെ പ്രത്യേക അന്വേഷണ സംഘം ദിവ്യയുടെ ഇരിണാവിലെ വീട്ടിലെത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ കാവലിലായിരുന്നു ദിവ്യയുടെ വീട് ഇതിനു ശേഷം ചില ഉന്നത നേതാക്കളും പോലീസില്‍ കീഴടങ്ങണമെന്നുള്ള നിര്‍ദ്ദേശവുമായി എത്തി.
പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗ മെന്ന നിലയില്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികളും വിവാദങ്ങളും ഒഴിവാക്കാനായിരുന്നു നിര്‍ദ്ദേശം. ഒരാഴ്ച്ച കൊണ്ടു ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും മാധ്യമ വേട്ടയാടലുകളുംപ്രതിപക്ഷ സമരങ്ങളും അവസാനിപ്പിക്കുന്നതിനായി കീഴടങ്ങുന്നതാണ് നല്ലതെന്ന നിര്‍ദ്ദേശമായിരുന്നു നേതാക്കള്‍ മുന്‍പോട്ടു വെച്ചത്. നവംബര്‍ ഒന്നിന് സി.പി.എം ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ ദിവ്യയെ സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നത് ആശങ്ക നേതൃത്വത്തിനുണ്ടായിരുന്നു.
പി.പി ദിവ്യ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഒരാഴ്ച്ച മുന്‍പെ നടന്ന ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ ഉയര്‍ത്തിയിരുന്നത്. മാത്രമല്ല പി. പി ദിവ്യയുടെ പ്രവര്‍ത്തന ശൈലിയോട് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിനുണ്ടായ അപ്രീതിയും കീഴടങ്ങണമെന്ന സമ്മര്‍ദ്ദത്തിന് ഇടയാക്കി. പി.പി ദിവ്യയുടെ അറസ്റ്റ് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വത്തിന് ക്ഷീണം ചെയ്തിട്ടുണ്ട്. വിവാദങ്ങളില്‍ നിന്നും തലയൂരാന്‍ ഈ മാസം 30 ന് ചേരുന്ന അടിയന്തിര സെക്രട്ടറിയേറ്റ് യോഗത്തില്‍ ദിവ്യയെ തരംതാഴ്ത്താനുള്ള നീക്കമാണ് നടത്തുന്നത്.
കണ്ണൂരില പൊലിസ് സേനയില്‍ സി.പി.എമ്മിന്റെ വിശ്വസ്തരാണ് കൂടുതല്‍ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാര്‍ സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ത്തിരുന്നു. മട്ടന്നൂര്‍ പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദേശാഭിമാനി ലേഖകനെ കസ്റ്റഡിയിലെടുത്ത അഞ്ച് പൊലിസുകാരെ സി.പി.എം നേതൃത്വത്തിന്റെ അപ്രീതിക്കിരയായതിനെ തുടര്‍ന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ സ്ഥലം മാറ്റിയിരുന്നു, ഇതുപൊലിസ് സേനയ്ക്കുള്ളില്‍ തന്നെ പൊട്ടിത്തെറിക്ക് ഇടയാക്കിയിട്ടുണ്ട്.
ഇതിനിടെയാണ് എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടാകുന്നത്. ഈ കേസ് അന്വേഷണം തുടക്കത്തില്‍ സി.പി.എം നേതൃത്വത്തിന്റെ അതീവ വിശ്വസ്തനായ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടെരിയെയാണ് ഏല്‍പ്പിച്ചതെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു. കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാറും സിപി.എം നേതൃത്വത്തിന്റെ വിശ്വസ്തരില്‍ ഒരാളാണ്.
അതുകൊണ്ടു പി.പി ദിവ്യയെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കാണിക്കാതെ രഹസ്യമായി അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കാനുള്ള തന്ത്രമാണ് പൊലിസ് തുടക്കത്തിലെ സ്വീകരിച്ചത്. ദിവ്യയുടെ അറസ്റ്റിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ തയ്യാറായിരുന്നില്ല.
ദിവ്യക്കൊപ്പം ഡി.വൈ.എഫ്.ഐയില്‍ പ്രവര്‍ത്തിച്ച ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി ഉന്നത കേന്ദ്രത്തിലെ നേതാവും മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരാളും അടങ്ങുന്ന സംഘമായിരുന്നു ദിവ്യക്ക് ഒളിവു ജീവിതവും തന്ത്രങ്ങളും മെനഞ്ഞ് ഒപ്പം നിന്നത്. കേസിന്റെ തുടക്കത്തില്‍ ഇവരുടെ നീക്കമെല്ലാം പൊളിഞ്ഞു. നവീന്‍ ബാബു മരിച്ചയുടന്‍തന്നെ പമ്പുടമ പ്രശാന്തിന്റെ പേരില്‍ തട്ടിക്കൂട്ടിയ പരാതി ആദ്യം പൊളിഞ്ഞു. പ്രശാന്തിന്റെ ഒപ്പിനു പുറമെ അദ്ദേഹത്തിന്റെ പേരുപോലും തെറ്റിച്ചായിരുന്നു ആ പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ ആ പരാതി കിട്ടിയവരും കണ്ടവരുമില്ല. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള ഉന്നതനാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
നവീന്‍ ബാബു മരിച്ചയുടന്‍ ഇറങ്ങിയ മറ്റൊരു പ്രചാരണമാണ് അദ്ദേഹത്തെ വിജിലന്‍സ് ചോദ്യം ചെയ്തുവെന്നത്. പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കാന്‍ എ.ഡി.എം കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും പരാതിയില്‍ വിജിലന്‍സ് അദ്ദേഹത്തെ ചോദ്യംചെയ്തുവെന്നുമാണ് പ്രചരിപ്പിച്ചത്. അത്തരമൊരു ആരോപണം കോടതിയില്‍പോലും തെളിയിക്കാന്‍ ദിവ്യക്ക് സാധിച്ചില്ല. അങ്ങനെ അതും എങ്ങുമെത്താതെ അവസാനിച്ചു.
ഒക്ടോബര്‍ 17നാണ് ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കേസ് ചുമത്തിയത്. പിറ്റേന്നുതന്നെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി ഒളിവില്‍ പോവാന്‍ നിര്‍ദേശിച്ചതും ദിവ്യയുടെ വിശ്വസ്ത സംഘമായിരുന്നു. ഹരജിയില്‍ നവീന്റെ കുടുംബവും കക്ഷി ചേരുമെന്ന് പ്രഖ്യാപിച്ചതോടെ ഉടന്‍ ജാമ്യമെന്ന് സ്വപ്നം കണ്ടതും വെറുതെയായത്. മൂന്നു ദിവസം കഴിഞ്ഞാണ് കോടതി ഫയലില്‍പോലും സ്വീകരിച്ചത്.
21ന് ഫയലില്‍ സ്വീകരിച്ച് 24ലേക്ക് വാദം കേള്‍ക്കാന്‍ മാറ്റിവെച്ചതോടെ ഒളിജീവിതം 10 ദിവസം പിന്നിട്ടു. വിധി പറയാന്‍ 15ാം നാളിലേക്ക് മാറ്റിവെച്ചതോടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. ഇതോടെയാണ് പോലീസ് സംവിധാനങ്ങളെ ഒപ്പം നിര്‍ത്തി കീഴടങ്ങല്‍ പ്ലാന്‍ ചെയ്തതും. ഇപ്പോഴത്തെ നിലയില്‍ പാര്‍ട്ടി സഹായിക്കില്ലെന്ന് പറയുമ്പോഴും കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഇനി കോടതിയാണ് ദിവ്യക്ക് ജാമ്യം നല്‍കേണ്ട കാര്യത്തില്‍ വാദങ്ങള്‍ ഉയര്‍ത്തേണ്ടത്. എന്നാല്‍, നവീന്റെ ഭാര്യ കേസില്‍ കക്ഷി ചേരുമ്പോള്‍ ദിവ്യക്ക് മുന്നില്‍ കാര്യങ്ങള്‍ കഠിനമായിരിക്കും. ഇനി അങ്ങോട്ട് ദിവ്യക്ക് പിന്നില്‍ പാര്‍ട്ടി എത്രകണ്ട് ശക്തമായി നിലയുറപ്പിക്കും എന്നും കണ്ടറിയേണ്ട കാര്യമാണ്.
