മുസ്ലീങ്ങള്‍ക്കും കശ്മീരികള്‍ക്കും പിന്തുണ നല്‍കി പഹല്‍ഗാമില്‍ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥന്റെ ഭാര്യ; പിന്നാലെ സൈബര്‍ ആക്രമണം; പെന്‍ഷന് പോലും അര്‍ഹതയില്ലെന്ന് ഒരുകൂട്ടര്‍; പിന്തുണച്ചും ആളുകള്‍; ഒരു സ്ത്രീ തന്റെ അഭിപ്രായം പറഞ്ഞതില്‍ അവരെ ടാര്‍ഗറ്റ് ചെയ്യുന്നത് തെറ്റെന്ന് ദേശീയ വനിതാ കമ്മീഷന്‍

Update: 2025-05-05 10:44 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവികസേന ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാളിനെതിരേ ശക്തമായ സൈബര്‍ ആക്രമണം. ആക്രമണത്തിനുശേഷം സമാധാനവും ഐക്യവും ആവശ്യപ്പെട്ട ഹിമാന്‍ഷിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് സൈബര്‍ ആക്രമികളുടെ ആക്രമണം. വിനയ് നര്‍വാളിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ സ്വദേശമായ കര്‍ണാലില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹിമാന്‍ഷി.

മുസ്ലിംകള്‍ക്കും കശ്മീരികള്‍ക്കും എതിരേ പ്രകോപനമുണ്ടാവരുതെന്നാവശ്യപ്പെട്ട ഹിമാന്‍ഷിയുടെ പ്രതികരണത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ കടുത്ത അധിക്ഷേപങ്ങളും വ്യക്തിപരമായ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഭര്‍ത്താവിന്റെ പെന്‍ഷന്‍ പോലും അവര്‍ക്ക് അര്‍ഹതയില്ലെന്നുവരെ ഹിമാന്‍ഷിക്കെതിരെ വ്യാപകമായ ട്രോളുകളും ദുഷ്പ്രചരണങ്ങളും നടക്കുകയും ചെയ്തു.

പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ ആരും മുസ്ലിംങ്ങള്‍ക്കോ കശ്മീരികള്‍ക്കോ എതിരാകുന്നത് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഹിമാന്‍ഷിയുടെ വാക്കുകള്‍. 'രാജ്യം മുഴുവന്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നാണ് എന്റെ ആഗ്രഹം. അദ്ദേഹം എവിടെയായിരുന്നാലും സന്തോഷവാനായും ആരോഗ്യവാനായും തുടരണം. ഇതിന്റെ പേരില്‍ ആളുകള്‍ മുസ്ലീങ്ങള്‍ക്കോ കശ്മീരികള്‍ക്കോ എതിരേ തിരിയുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് സമാധാനം മതി. സമാധാനം മാത്രം. പക്ഷേ, തീര്‍ച്ചയായും ഞങ്ങള്‍ക്ക് നീതി ലഭിക്കണം' ഗവേഷക വിദ്യാര്‍ഥിനിയും ഗുരുഗ്രാം സ്വദേശിയുമായ ഹിമാംശി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു സ്ത്രീ തന്റെ അഭിപ്രായം പറഞ്ഞതില്‍ അവരെ ടാര്‍ഗറ്റ് ചെയ്ത് വിമര്‍ശിക്കുന്നത് അപലപനീയമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ പറഞ്ഞു. യോജിച്ചാലും, വിയോജിച്ചാലും, അഭിപ്രായ പ്രകടനം ഭരണഘടനാപരിധിക്കുള്ളില്‍ മാന്യമായി നടത്തേണ്ടതാണെന്നും കമ്മീഷന്‍ എക്‌സില്‍ കുറിച്ചു. സ്ത്രീകളുടെ ബഹുമാനവും സംരക്ഷണവും ഉറപ്പാക്കാനാണ് കമ്മീഷന്‍ പ്രതിജ്ഞാബദ്ധമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, ഹിമാന്‍ഷിക്ക് വലിയ പൊതുപിന്തുണയും സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നുണ്ട്. വിദ്വേഷമല്ല, സമാധാനവും ഐക്യവുമാണ് ഹിമാന്‍ഷിയുടെ വാക്കുകളുടെ ഉള്ളടക്കമെന്നു അനേകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഏപ്രില്‍ 16 നായിരുന്നു കൊച്ചിയില്‍ നാവികസേന ഉദ്യോഗസ്ഥനായ വിനയ് നര്‍വാളിന്റെയും ഹിമാംശിയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ആറാംദിവസം ഹണിമൂണിനിടെയാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ വിനയ് നര്‍വാള്‍ ഭാര്യയുടെ കണ്മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ മൃതദേഹത്തിനരികില്‍ തകര്‍ന്നിരിക്കുന്ന ഹിമാന്‍ഷി നര്‍വാളിന്റെ ചിത്രം രാജ്യത്തെ ഒന്നാകെ നൊമ്പരപ്പെടുത്തിയ ചിത്രമായിരുന്നു. വിനയ് നര്‍വാള്‍ ഉള്‍പ്പെടെ 26 പേര്‍ക്കാണ് രാജ്യം നടുങ്ങിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.

Tags:    

Similar News