അതിജീവിതയെ വേട്ടയാടാന്‍ സൈബര്‍ ക്വട്ടേഷന്‍; മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിക്കാന്‍ പണം വാങ്ങി 'ഏജന്റുമാര്‍'; മൂന്നുപേര്‍ അകത്തായി; 200 സൈറ്റുകളില്‍ വിഷം വിതറി; വീഡിയോയില്‍ ഉന്നയിച്ചത് ബലാത്സംഗം നടന്നിട്ടില്ലെന്നും അത് കെട്ടുകഥയാണെന്നുമുള്ള വിചിത്രവാദം; ഷെയര്‍ ചെയ്തവരും ലൈക്ക് ചെയ്തവരും സൂക്ഷിക്കുക; പെയ്ഡ് ടീമുകള്‍ക്ക് കുരുക്ക് മുറുക്കി പൊലീസ്
'അതിജീവിതയ്‌ക്കെതിരെ 'സൈബര്‍ ക്വട്ടേഷന്‍'
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ വീണ്ടും വേട്ടയാടാനുള്ള നീക്കത്തിന് തടയിട്ട് പോലീസ്. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയും അപകീര്‍ത്തിപ്പെടുത്തിയുമിറക്കിയ വീഡിയോ പ്രചരിപ്പിച്ച മൂന്നുപേരെ തൃശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കേവലം വ്യക്തിപരമായ ഷെയറിംഗല്ല, മറിച്ച് പണം വാങ്ങി വാണിജ്യ അടിസ്ഥാനത്തില്‍ നടത്തിയ വലിയൊരു ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ തടവുകാരനായി കഴിയുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിക്കൊണ്ടാണ് വീഡിയോ പുറത്തിറക്കിയത്.
അറസ്റ്റിലായത് സൈബര്‍ ഏജന്റുമാര്‍
എറണാകുളം, ആലപ്പുഴ, തൃശൂര്‍ സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്. ഇവര്‍ ഫേസ്ബുക്ക് പേജുകള്‍ വഴിയും മറ്റ് പ്ലാറ്റ്ഫോമുകള്‍ വഴിയും പണം കൈപ്പറ്റി അതിജീവിതയ്ക്കെതിരായ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ബി.എന്‍.എസ്.എസ് 72, 75 വകുപ്പുകളും ഐ.ടി ആക്ട് സെക്ഷന്‍ 67 ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇരുന്നൂറോളം സൈറ്റുകളില്‍ പെയ്ഡ് വീഡിയോ
അതിജീവിതയുടെ സ്വകാര്യത ലംഘിക്കുന്ന ഈ വീഡിയോ ഏകദേശം 200-ഓളം സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിച്ചതായാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. വീഡിയോ പ്രചരിച്ച ലിങ്കുകളും സൈറ്റുകളും സൈബര്‍ സെല്‍ മുഖേന പോലീസ് നശിപ്പിച്ചു.
കോടതി ബലാത്സംഗ കുറ്റത്തിന് ശിക്ഷിച്ച പ്രതിയെ വെള്ളപൂശാനും അതിജീവിതയെ അപമാനിക്കാനും ബോധപൂര്‍വ്വം നടത്തിയ നീക്കമായിരുന്നു ഇത്.
കമ്മിഷണറുടെ കര്‍ശന മുന്നറിയിപ്പ്
വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് അറിയിച്ചു. ജയിലില്‍ കഴിയുന്ന മാര്‍ട്ടിന്‍ പുറത്തുവിട്ട വീഡിയോയില്‍ ബലാത്സംഗം നടന്നിട്ടില്ലെന്നും അത് കെട്ടുകഥയാണെന്നുമാണ് വിചിത്രമായി അവകാശപ്പെടുന്നത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ കുറ്റമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.
'അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവൃത്തികള്‍ കടുത്ത ശിക്ഷയര്‍ഹിക്കുന്ന കുറ്റമാണ്. പണം വാങ്ങി വീഡിയോ പ്രചരിപ്പിക്കുന്ന സംഘങ്ങളെ നിരീക്ഷിച്ചു വരികയാണ്.' - നകുല്‍ രാജേന്ദ്ര ദേശ്മുഖ് (സിറ്റി പോലീസ് കമ്മിഷണര്‍) പറഞ്ഞു
അതിജീവിതയുടെ പരാതിയില്‍ സൈബര്‍ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വീഡിയോ ഇനിയും ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും ലൈക്ക് ചെയ്യുന്നവര്‍ക്കെതിരെയും ഐടി ആക്ട് പ്രകാരം കര്‍ശന നടപടിയുണ്ടാകും.
