17കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് സ്വന്തം അമ്മാവനെന്ന് ആരോപണം; പൊലീസില്‍ പരാതി നല്‍കി ആക്റ്റിവിസ്റ്റുകള്‍; ഹെഗ്ഡെ കുടുംബത്തിന് കേസില്‍ പങ്കില്ല; കൂട്ടക്കുഴിമാട കേസിന് അടിസ്ഥാനമായ സൗജന്യ ബലാത്സംഗക്കൊലയിലും ട്വിസ്റ്റ്; അടിമുടി ഉള്‍ട്ടയിടച്ച് ധര്‍മ്മസ്ഥല

അടിമുടി ഉള്‍ട്ടയിടച്ച് ധര്‍മ്മസ്ഥല

Update: 2025-09-17 17:09 GMT

ബെംഗളൂരു: കര്‍ണാടകയിലെ ധര്‍മ്മസ്ഥല ശ്രീ മഞജുനാഥ ക്ഷേത്രത്തില്‍, നൂറുകണക്കിന് പെണ്‍കുട്ടികളെയടക്കം കൊന്ന് കുഴിച്ചുമൂടിയെന്ന ആരോപണത്തിന് അടിസ്ഥാനമായ സൗജന്യ വധക്കേസിലും അടിമുടി ട്വിസ്റ്റ്. 2012-ല്‍ നടന്ന ഈ ബലാത്സംഗക്കൊലയിലെ പ്രതികളെ വെറുതെ വിട്ടതായിരുന്നു, വലിയ ജനകീയ പ്രക്ഷോഭത്തിനും, ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാട ആരോപണത്തിലേക്കും നീങ്ങിയത്. എന്നാല്‍ ശുചീകരണത്തൊഴിലാളി ചിന്നയ്യയുടെ മൊഴി വ്യാജമാണെന്ന് തെളിഞ്ഞു. അയാള്‍ അറസ്റ്റിലായി. തന്റെ മകള്‍ അനന്യ ഭട്ടിനെ കാണാനില്ലെന്ന് പറഞ്ഞുവന്ന സുജാത ഭട്ടിന് അങ്ങനെ ഒരു മകള്‍ ഇല്ലെന്നു തെളിഞ്ഞു. ലോറിക്കാരന്‍ മനാഫ് അടക്കം വിഷയം കത്തിച്ചവരെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു.

ഇങ്ങനെ അടിമുടി ഉള്‍ട്ടയടിച്ച ധര്‍മ്മസ്ഥ കേസില്‍ അടിസ്ഥാന കാരണമായ സൗജന്യ വധക്കേസിലും കാര്യങ്ങള്‍ മാറി മറിയുകയാണ്. കോളജ് വിദ്യാര്‍ഥിനിയായ 17കാരി സൗജന്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നില്‍ അമ്മാവന്‍ വിട്ടല്‍ ഗൗഡയാണെന്ന് ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നത്. ഈ ദിശയില്‍ കേസ് അന്വേഷിക്കാന്‍ ദക്ഷിണ കന്നഡ ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ.അരുണിന് പരാതി നല്‍കിയിട്ടുണ്ടെന്ന് ആക്റ്റിവിസ്റ്റ് സ്നേഹമയി കൃഷ്ണ പറഞ്ഞു. നേരത്തെ ഇതും ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ നടന്ന അതിക്രമമായാണ് ചിത്രീകരിക്കപ്പെട്ടത്.

കത്തിക്കയറിയ സൗജന്യ കേസ്

സിനിമാക്കഥകളെപ്പോലും അവിശ്വസിപ്പിക്കുന്ന രീതിയിലാണ് ധര്‍മ്മസ്ഥലയിലെ സൗജന്യ എന്ന 17കാരിയുടെ മരണം. ധര്‍മ്മസ്ഥല മഞ്ജുനാഥ കോളജില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ അവളെ കാണാതാവുകയായിരുന്നു. പിന്നീട് ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട നിലയിലാണ് വീട്ടില്‍ നിന്ന് വെറും 300 മീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ അവളെ കണ്ടെത്തിയത്. വലിയ ജനരോഷം ഉണ്ടായതോടെയാണ് ബെല്‍ത്തങ്ങാടി പൊലീസ് അനങ്ങിയത്. ധര്‍മ്മസ്ഥല മഞ്ജുനാഥ ട്രസ്റ്റിലെ ജീവനക്കാരന്‍ സന്തോഷ് റാവു ആയിരുന്നു കേസിലെ ഏക പ്രതി. അന്നുതന്നെ സൗജന്യയുടെ കുടുംബം ഇത് ഫേക്ക് പ്രതിയാണെന്ന് ആരോപിച്ചിരുന്നു. അതുതന്നെ സംഭവിച്ചു. 2023 ജൂണ്‍ 16 ന് ബെംഗളൂരു സെഷന്‍സ് കോടതി റാവുവിനെ കുറ്റവിമുക്തനാക്കി.

ധര്‍മ്മസ്ഥ ധര്‍മ്മാധികാരി, ഡോ വീരേന്ദ്ര ഹെഗ്ഡെ കുടുംബം യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് സൗജന്യയുടെ കുടുംബം ആരോപിച്ചു. അതോടെ ദക്ഷിണ കന്നഡയിലുടനീളം പ്രതിഷേധങ്ങള്‍ നടന്നു. ജസ്റ്റിസ് ഫോര്‍ സൗജന്യ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പയിനും നടന്നു. കര്‍ണ്ണാടക പൊലീസില്‍ നിന്ന് കേസ് സിബിഐ ഏറ്റെടുത്ത കേസായിരുന്നു ഇത്. വിധി തിരിച്ചായതോടെ സിബിഐ പിന്നെ ഒന്നും ചെയ്തില്ല. എന്നാല്‍ സൗജന്യയുടെ കുടുംബം നിരന്തരം പുനര്‍ അന്വേഷണം ആവശ്യപ്പെട്ടു. 2023-ല്‍ ബിജെപി എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ള സൗജന്യകേസില്‍ പുനര്‍ അന്വേഷണം ആവശ്യപ്പെട്ടു.

എന്നാല്‍, 2025 ജനുവരിയില്‍ ആ ആവശ്യം തള്ളി. അതോടെ വിസ്മൃതിയിലാവാന്‍ തുടങ്ങിയ സൗജന്യകേസിന് ജീവന്‍ വെപ്പിച്ചത് ഒരു യുട്യൂബറാണ്. ഫെബ്രുവരി 27 ന് കണ്ടന്റ് ക്രിയേറ്ററായ സമീര്‍ എംഡി എന്ന 25കാരന്‍ തന്റെ യൂട്യൂബ് ചാനലായ ധൂതയില്‍ അപ്ലോഡ് ചെയ്ത വീഡിയോ വൈറലായി, 1.8 കോടിയിലധികം പേര്‍ കണ്ടു. ക്ഷേത്രം നിയന്ത്രിക്കുന്ന ജൈന കുടുംബമായ ഹെഗ്‌ഡേമാര്‍ പ്രതിക്കൂട്ടിലായി. സമീര്‍ പുതിയ തെളിവുകള്‍ കണ്ടെത്തിയിരുന്നില്ല. മറിച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങളെ ആശ്രയിച്ചു. കുറ്റകൃത്യവും തുടര്‍ന്നുണ്ടായ അന്വേഷണത്തിലെ പാളിച്ചകളും വിശദമായി പ്രതിപാദിക്കുന്ന 39 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ, സമീറിന്റെ ശക്തവും വ്യക്തവുമായ ആഖ്യാന ശൈലി കാരണം വൈറലായി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗ്രാഫിക്‌സും വീഡിയോയ്ക്ക് സഹായകമായി. സോഷ്യല്‍ മീഡിയയില്‍ വീഡിയോയ്ക്ക് വലിയ പിന്തുണ ലഭിച്ചപ്പോള്‍, ഒരു വിഭാഗം ആളുകള്‍ യൂട്യൂബറുടെ മതപരമായ വ്യക്തിത്വം ഉയര്‍ത്തിക്കാട്ടി ഇത് ഒരു വര്‍ഗീയ പ്രശ്‌നമാക്കി, ഒരു ക്ഷേത്രനഗരത്തെക്കുറിച്ച് ഇത്തരമൊരു വീഡിയോ നിര്‍മ്മിച്ചതിലെ സമീറിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തു.

സൗജന്യയുടെ കുടുംബം വീഡിയോ നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന് പണം നല്‍കിയതായി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. സൗജന്യയുടെ അമ്മ ഇത് നിഷേധിച്ച് ശക്തമായി രംഗത്തെത്തി. മാര്‍ച്ച 5ന് സമീറിനെതിരെ മതസ്പര്‍ധയുണ്ടാക്കിയെന്ന് പറഞ്ഞ് പൊലീസ് കേസെടുത്തു. പക്ഷേ താന്‍ വ്യക്തമായി പഠിച്ചിട്ടാണ് ഈ വിഷയം ചെയ്തതെന്നും കേസ് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ സമീറിന്റെ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.

ഈ വീഡിയോയാണ് ധര്‍മ്മസ്ഥല കൊലപാതകങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കിയത്. ഇത് കണ്ടിട്ടാണ് ആ മുന്‍ ശുചീകരണത്തൊഴിലാളി ചിന്നയ്യക്കുവരെ മാനസാന്തരം വന്നത് എന്നാണ് പറയുന്നത്. എന്നാല്‍ അരക്കോടി രൂപ ചെലവിട്ട് നേത്രാവതി നദിക്കരെ കുഴിച്ചിട്ടും, കാര്യമായി ഒന്നും കിട്ടാത്തതിനാല്‍ ചിന്നയ്യ അറസ്റ്റിലുമായി. ഇപ്പോള്‍ യുട്യൂബര്‍ സമീറിനെതിരെയും പൊലീസ് അന്വേഷണം നടക്കയാണ്.

കൊന്നത് അമ്മാവനോ?

സൗജന്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നില്‍ അമ്മാവന്‍ വിട്ടല്‍ ഗൗഡയാണെന്ന് ആക്ടിവിസ്റ്റ് സ്നേഹമയി കൃഷ്ണ ആരോപിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് എതിരെ 'മുഡ'അഴിമതിക്കേസ് ഫയല്‍ ചെയ്തയാളാണ് കൃഷ്ണ. 'സൗജന്യ വധക്കേസിലെ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണം. എന്റെ കൈവശമുള്ള രേഖകളും തെളിവുകളും സൂചിപ്പിക്കുന്നത് സൗജന്യയെ അമ്മാവന്‍ വിട്ടല്‍ ഗൗഡ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ്. അയാള്‍ അവളോട് മോശമായി പെരുമാറാറുണ്ടായിരുന്നു. അവള്‍ നിലവിളിച്ചപ്പോള്‍ തലയിണയോ സമാനമായ മറ്റേതെങ്കിലും വസ്തുവോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്നു' -കൃഷ്ണ പറഞ്ഞു.

'അവളെ തട്ടിക്കൊണ്ടുപോയിരുന്നെങ്കില്‍, ബാഗ് താഴെ വീഴുമായിരുന്നു, പക്ഷേ അത് അവളുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. ആ ദിവസം അവള്‍ക്ക് ഭക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്ന് അവളുടെ കുടുംബം പറയുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അവളുടെ വയറ്റില്‍ ഭക്ഷണം കണ്ടെത്തിയിരുന്നു. ബലാത്സംഗവും കൊലപാതകവും ഉദ്ദേശിച്ചവര്‍ ഇരക്ക് ഭക്ഷണം നല്‍കില്ല. സംഭവത്തിന്റെ സമയം കാണിക്കുന്നത് അവള്‍ അമ്മാവന്‍ വിട്ടല്‍ ഗൗഡയുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചു എന്നാണ്. അന്ന് വി ഗൗഡ അദ്ദേഹത്തിന്റെ ഹോട്ടലില്‍ പോയിരുന്നില്ല. അദ്ദേഹം വീട്ടിലായിരുന്നു.

അപ്പോഴാണ് അയാള്‍ അവളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. കൊലപ്പെടുത്തി. അവളുടെ മൃതദേഹം ഒളിപ്പിച്ച് ഹോട്ടലിലേക്ക് തിരികെ പോയി. അവര്‍ അവളെ അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍, അവള്‍ വീട്ടിലേക്ക് പോകുന്നത് കണ്ടതായി വ്യാജ അവകാശവാദം ഉന്നയിച്ചു. എല്ലാവരും വീട്ടിലേക്ക് പോയ ശേഷം അയാള്‍ അവളുടെ മൃതദേഹം ഉപേക്ഷിച്ചു.അവളുടെ യൂണിഫോം വലിച്ചുകീറി, ഷാള്‍ ഉപയോഗിച്ച് കൈകള്‍ ബന്ധിച്ചു, പ്രേമയുടെയും ബാലകൃഷ്ണയുടെയും നമ്പറുകള്‍ എഴുതിയ ഒരു കുറിപ്പ് എഴുതിവച്ചു. നേരത്തെ സമഗ്രമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ ധര്‍മ്മസ്ഥലക്കെതിരായ പ്രചാരണം തടയാമായിരുന്നു. വ്യക്തമായും പൊലീസിന്റെ പരാജയം' -സ്നേഹമായി പറഞ്ഞു.

വിട്ടല്‍ ഗൗഡയെ നാര്‍ക്കോ വിശകലനത്തിന് വിധേയമാക്കണമെന്ന് കൂട്ടിച്ചേര്‍ത്തു. നേരത്തെ അറസ്റ്റിലായെങ്കിലും കുറ്റവിമുക്തനാക്കപ്പെട്ട സന്തോഷ് റാവു സംഭവസ്ഥലത്ത് ഉണ്ടായിരുന്നിരിക്കാമെന്നും അയാള്‍ എന്തെങ്കിലും കാണുകയോ മൃതദേഹം സംസ്‌കരിക്കാന്‍ അവരെ സഹായിക്കുകയോ ചെയ്തിരിരിക്കാമെന്നും കൃഷ്ണ പറഞ്ഞു. സംഭവം കന്നഡ മാധ്യമങ്ങള്‍ ഏറ്റുപടിച്ചതോടെ വീണ്ടും വിവാദം അണപൊട്ടുകയാണ്.

Tags:    

Similar News