അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 110 ദിവസത്തോളം വിസ്തരിച്ചു; ഇതില്‍ 87 ദിവസവും എടുത്തത് ദിലീപിന്റെ അഭിഭാഷകന്‍; ആദ്യ കുറ്റപത്രത്തില്‍ ദിലീപ് പ്രതിയായിരുന്നില്ല. ആറു മാസത്തിന് ശേഷം അനുബന്ധ കുറ്റപത്രം നല്‍കി എട്ടം പ്രതിയാക്കി; ഇന്ന് വിധി ദിനം; ദിലീപ് അകത്തോ പുറത്തോ? പള്‍സര്‍ അഴിക്കുള്ളിലാകുമോ?

Update: 2025-12-08 00:51 GMT

തിരുവനന്തപുരം: ഇരയ്‌ക്കൊപ്പം നിന്ന് പ്രതിയ്ക്ക് വേണ്ടി വാദിച്ചവര്‍... അങ്ങനെ കേരളത്തില്‍ പല വിധ ചര്‍ച്ചകള്‍ക്ക് വിധേയമായ കേസാണ് നടിയെ ആക്രമിച്ച കേസ്. പള്‍സര്‍ സുനി പോലും താനല്ല ഈ ക്രൂരത ചെയ്തതെന്നാണ് കോടതിയില്‍ വാദിച്ചത്. പക്ഷേ ഈ കേസില്‍ പള്‍സറിന് ശിക്ഷ ഉറപ്പാണെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. എന്നാല്‍ മുഖ്യ ഗൂഡാലോചനകയനായ ദിലീപിന് എന്ത് സംഭവിക്കും? ശിക്ഷ കിട്ടുമെന്നാണ് പ്രോസിക്യൂഷന്‍ പ്രതീക്ഷ. എന്നാല്‍ വെറുതെ വിടുമെന്ന് അടുപ്പക്കാരോടെല്ലാം പറയുകയാണ് ആലുവക്കാരനായ നടന്‍. ഇന്ന് 11 മണിക്ക് കോടതി വിധി പറയും. 3215 ദിവസത്തിന് ശേഷമാണ് വിധി വരുന്നത്. ദിലീപ് അടക്കം 10 പ്രതികളും കോടതിയില്‍ എത്തും.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. നടന്‍ ദിലീപ് ഉള്‍പ്പടെ 10 പേര്‍ പ്രതികളായ കേസിലാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്. 7 വര്‍ഷവും 7 മാസവും നീണ്ട വിചാരണയ്‌ക്കൊടുവിലാണ് നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിധി പറയുന്നത്. പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ഒന്നാം പ്രതിയായ കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സലീം, പ്രദീപ്, ചാര്‍ലി തോമസ്, സനില്‍കുമാര്‍, ദിലീപിന്റെ സുഹൃത്ത് ശരത് എന്നിവരാണ് മറ്റുപ്രതികള്‍.

2017 ഫെബ്രുവരി 17ന് രാത്രിയാണ് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഓടുന്ന വാഹനത്തില്‍വെച്ച് നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് പ്രതികള്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പള്‍സര്‍ സുനി ഉള്‍പ്പടെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. നടന്‍ ദിലീപിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടിയെ ആക്രമിച്ചതെന്നതിന് തെളിവുകള്‍ ലഭിച്ചതോടെ കേസില്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. ബലാത്സംഗം, ഗൂഢാലോചന തുടങ്ങി 10ലധികം വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുകയും 2018ല്‍ വിചാരണ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകളും രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചതും കൊവിഡ് നിയന്ത്രണങ്ങളും എട്ടാം പ്രതി ദിലീപ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തുടരെ തുടരെ ഹര്‍ജികള്‍ സമര്‍പ്പിച്ചതുമെല്ലാം വിചാരണ നീണ്ടുപോകാന്‍ കാരണമായി. 260ല്‍പ്പരം സാക്ഷികളെ വിസ്തരിക്കുകയും 1600ലധികം രേഖകള്‍ പരിശോധിക്കുകയും ചെയ്ത ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് തിങ്കളാഴ്ച അന്തിമ വിധി പറയുന്നത്.

ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധത്താല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നാണ് ദിലീപിനെതിരായ കേസ്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ആക്രമിച്ച ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനി ഒന്നാം പ്രതിയാണ്. ബലാല്‍സംഗത്തിന് ആദ്യമായി ക്വട്ടേഷന്‍ നല്‍കിയ കേസാണിത്. എന്നാല്‍ ഇത് കെട്ടുകഥയാണെന്നും പ്രോസിക്യുഷന്‍ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയില്‍ എത്തിയതെന്നുമാണ് ദിലീപിന്റെ വാദം. വിധി പറയുന്നതിന്റെ ഭാഗമായി കോടതിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കും. കോടതി പരിസരത്തേക്ക് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രവേശനം നിയന്ത്രിക്കും. 2018ല്‍ ആരംഭിച്ച വിചാരണ നടപടികള്‍ കഴിഞ്ഞമാസം 25നാണ് പൂര്‍ത്തിയായത്.

വിചാരണ കോടതിയുടെ നടപടികളില്‍ പ്രതിഷേധിച്ച് രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചിരുന്നു. അതിജീവിതയുടെ അപേക്ഷ പരിഗണിച്ച് അഡ്വ.വി. അജകുമാറാണ് മൂന്നാമത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റത്. സാക്ഷിവിസ്താരം അനന്തമായി നീണ്ടതോടെ വിചാരണ കോടതിയുടെ അപേക്ഷ പരിഗണിച്ച് സുപ്രീംകോടതി പല തവണ കാലാവധി നീട്ടി നല്‍കി. ക്രോസ് വിസ്താരത്തിന് ഏറ്റവും സമയം എടുത്തത് ദിലീപിന്റെ അഭിഭാഷകരായിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 110 ദിവസത്തോളമാണ് വിസ്തരിച്ചത്. ഇതില്‍ 87 ദിവസവും എടുത്തത് ദിലീപിന്റെ അഭിഭാഷകനാണ്.

കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് പ്രതിയായിരുന്നില്ല. ആറുമാസത്തിന് ശേഷം അനുബന്ധ കുറ്റപത്രം നല്‍കിയാണ് ദിലീപിനെ എട്ടാം പ്രതിയാക്കുന്നത്. കേസിലെ പ്രതികള്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന ദിലീപിന്റെ പരാതി തന്നെ അന്വേഷണത്തിന്റെ ഗതിമാറ്റി. ദിലീപിന്റെതായിരുന്നു ക്വട്ടേഷന്‍ എന്ന് വ്യക്തമാക്കുന്ന കത്ത് ഒന്നാം പ്രതി പള്‍സര്‍ സുനി സഹതടവുകാരനെ കൊണ്ട് എഴുതിച്ചിരുന്നു. പിന്നാലെ ദിലീപിന് ജയിലില്‍ നിന്ന് ഒന്നരകോടി ആവശ്യപ്പെട്ട് സുനിയുടെ സഹതടവുകാരന്‍ വിഷ്ണു സനലിന്റെ ഫോണ്‍. ഇതോടെ ദിലീപിന്റെ പരാതി ഡിജിപിക്ക് മുന്നിലെത്തി. പരാതിയെത്തി രണ്ടു മാസത്തിന് ശേഷം ജൂണ്‍ 28 നാണ് ദിലീപും സുഹൃത്തായ നാദിര്‍ഷവും ചോദ്യമുനയിലായത്. ജൂലൈ 10 തിന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തിന് ശേഷമാണ് ജയില്‍ മോചിതനായത്.

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ കൈവശമുണ്ടെന്നും ദിലീപും സുനിയും തമ്മില്‍ അടുത്തബന്ധമുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തുന്നത് 2022 ജനുവരി ആദ്യം. ദിലീപിനെതിരെ അന്വേഷണം നടത്തിയ 5 പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. ഇതിന് പിന്നാലെ വിചാരണ നിര്‍ത്തിവെച്ച് കേസില്‍ തുടരന്വേഷണം നടത്തി. ?തുടരന്വേഷണം പൂര്‍ത്തിയായപ്പോള്‍ അന്വേഷണസംഘം കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെയും പ്രതിചേര്‍ത്തു.

Tags:    

Similar News