പി പി ദിവ്യയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും; ഇന്ന് ജാമ്യഹര്‍ജി നല്‍കില്ല; നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി കെ രാജന്‍; പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്ന വഴിയില്‍ കൊടിവീശിയും കൂകിവിളിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

വാഹനങ്ങള്‍ക്കുനേരെ വഴിമധ്യേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

Update: 2024-10-29 11:12 GMT

കണ്ണൂര്‍: എഡിഎമ്മിന്റെ മരണത്തില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയ പി പി ദിവ്യയെ തളിപ്പറമ്പ് കോടതിയില്‍ ഇന്ന് ഹാജരാക്കും. നിലവില്‍ ദിവ്യയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. പൊലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യല്‍. പി പി ദിവ്യക്കായി ഇന്ന് ജാമ്യഹര്‍ജി നല്‍കില്ലെന്ന് വിവരം. നാളെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കാനാണ് നീക്കം.

പൊലീസും ദിവ്യയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. ദൃശ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ പൊലീസും ശ്രദ്ധിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് കീഴടങ്ങിയത്. പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി എവിടെ വെച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ദിവ്യ കസ്റ്റഡിയിലാണ് ഉള്ളത്. അറസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും. പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ച ശക്തമായ വാദങ്ങളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാന്‍ കാരണം. കുറഞ്ഞത് 10 തവണ വിധിപ്പകര്‍പ്പില്‍ പ്രൊസിക്യൂഷനെ കോടതി പരാമര്‍ശിച്ചിട്ടുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ട് അധികം വൈകാതെ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് സാധിച്ചു. ദിവ്യയെ കമ്മീഷണര്‍ ഓഫീസിലേക്ക് ഉടന്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ പി പി ദിവ്യക്കെതിരെ പ്രതിഷേധം തുടരുകയാണ്. കീഴടങ്ങിയ പ്രതി ദിവ്യയെ കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്ന വഴിയിലും പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിനുള്ളതെന്ന് ചൂണ്ടാകാട്ടി ആദ്യം മുതലെ തന്നെ വലിയ പ്രതിഷേധമാണ് കണ്ണൂരിലടക്കം ഉയര്‍ന്നിരുന്നത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നും കണ്ടത്.

വാഹനങ്ങള്‍ക്കുനേരെ വഴിമധ്യേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഡിസിസി ഓഫിസിന് മുന്നില്‍ കോണ്‍ഗ്രസ് കൊടികളേന്തിയെത്തിയ ചെറുസംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നിലേക്ക് കൊടിവീശുകയും കൂകിവിളിക്കുകയുമായിരുന്നു. ദിവ്യയുടെ അറസ്റ്റ് പൊലീസ് വൈകിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു പ്രതിഷേധം.

അതേ സമയം കേസില്‍ ആരെയും സഹായിക്കില്ലെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും മന്ത്രി കെ രാജന്‍ പ്രതികരിച്ചു. പ്രോസിക്യൂഷന്‍ വാദങ്ങളില്‍ പോരായ്മ ഉണ്ടായിട്ടില്ലെന്ന് തെളിഞ്ഞെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലാണ് ദിവ്യ ഉച്ചയോടെ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ദിവ്യ കീഴടങ്ങിയത്. പൊലീസും ദിവ്യയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയതെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.

ദൃശ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ പൊലീസ് അതീവ ശ്രദ്ധയാണ് കാട്ടിയത്. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ ഒരു കേന്ദ്രത്തിലെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. ദിവ്യയെ കസ്റ്റഡിയിലെടുത്ത അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ദിവ്യ പൊലീസില്‍ കീഴടങ്ങാനെത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് കമ്മിഷണര്‍ വിശദീകരിച്ചിരുന്നു. കണ്ണപുരത്തുവച്ചാണ് ദിവ്യ പൊലീസ് കസ്റ്റഡിയിലാകുന്നത്. കണ്ണപുരത്തേക്ക് ദിവ്യ ആസൂത്രിതമായി കണ്ണപുരത്തേക്ക് എത്തിയെന്നാണ് വിവരം. ദിവ്യയ്ക്കൊപ്പം ഡ്രൈവറുമുണ്ടായിരുന്നു. വഴിമധ്യേ പൊലീസ് തടയുകയായിരുന്നു. ദിവ്യ മുന്‍പ് തന്നെ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നും കമ്മിഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ദിവ്യയെ പ്രാഥമികമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും. കോടതി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന ഘട്ടത്തിലാണ് ദിവ്യയുടെ കീഴടങ്ങല്‍. നവീന്റെ മരണത്തിന് പിന്നാലെ ദിവ്യ ഒളിവിലായിരുന്നു. മുന്‍പ് തന്നെ ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ നിയമതടസമില്ലാതിരുന്ന ഘട്ടത്തില്‍ പോലും ദിവ്യയെ അന്വേഷണസംഘം അറസ്റ്റ് ചെയ്യാതിരുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

ദിവ്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ദിവ്യയുടെ പ്രവൃത്തി ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. യാത്രയയപ്പ് യോഗത്തിലേക്ക് എത്തിയത് ക്ഷണിക്കാതെയാണ്. എഡിഎമ്മിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടിയിലേക്ക് എത്തിയത്. പിപി ദിവ്യയുടെ പ്രസംഗം ആസൂത്രിതമാണെന്ന് കോടതി നിരീക്ഷിച്ചു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകുമെന്ന് കോടതി പറഞ്ഞു.

ദിവ്യയുടെ നടപടികള്‍ ആസൂത്രിതം എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ദിവ്യ സാക്ഷികളെ സ്വാധീനിച്ചേക്കാം. പ്രഥമദൃഷ്ട്യ ദിവ്യക്കെതിരെ ഗൗരവമുള്ള കേസ് നില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാന്‍ ആകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേസ് ഗൗരവമുള്ളതെന്ന് കോടതിയുടെ നിരീക്ഷണം. 38 പേജുള്ള വിധിയുടെ വിവരങ്ങളാണ് പുറത്തുവന്നത്.

ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താന്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ദിവ്യ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസും പ്രതിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. താന്‍ കീഴടങ്ങാന്‍ കോടതിയിലേക്ക് പോവുകയായിരുന്നുവെന്നാണ് ദിവ്യ പൊലീസിനെ അറിയിച്ചത്. ഇതോടെ വഴിയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Tags:    

Similar News