വിമാനം നെഗറ്റീവ് ജി-ഫോഴ്‌സ് ടേണില്‍ നിന്ന് പുറത്തുകൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു; ദുബായ് ഏയര്‍ ഷോയില്‍ തേജസ് യുദ്ധവിമാന അപകടത്തില്‍ വീരമൃത്യു വരിച്ച് പൈലറ്റ്; കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നെന്ന് വ്യോമസേന; അപകടകാരണം അറിയാന്‍ അന്വേഷണം; രണ്ട് വര്‍ഷത്തിനിടെ തേജസ് വിമാനം ഉള്‍പ്പെടുന്ന രണ്ടാമത്തെ അപകടം

ദുബായ് ഏയര്‍ ഷോയില്‍ തേജസ് യുദ്ധവിമാന അപകടത്തില്‍ പൈലറ്റ് വീരമൃത്യു വരിച്ചു

Update: 2025-11-21 11:36 GMT

ദുബായ്: ദുബായ് എയര്‍ ഷോയില്‍ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നു വീണ സംഭവത്തില്‍ പൈലറ്റ് വീരമൃത്യു വരിച്ചു. അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളില്‍ വച്ചാണ് വിമാനം തകര്‍ന്നുവീണത്. സംഘമായുള്ള പ്രകടനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഒറ്റയ്ക്ക് അഭ്യാസപ്രകടനം (Solo Display) നടത്തുന്നതിനിടെയാണ് വിമാനം നിയന്ത്രണം വിട്ട് തകര്‍ന്നത്. വിമാനം മുകളിലേക്ക് കുതിച്ചുയര്‍ന്ന് കരണംമറിയുന്നതിനിടെ (Looping) നേരെ താഴേക്ക് പതിക്കുകയായിരുന്നു. അപകട സ്ഥലത്ത് കനത്ത പുക ഉയരുകയും ഉടന്‍ തന്നെ അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും ചെയ്തു.


ഐഎഎഫിന്റെ ഔദ്യോഗിക പ്രസ്താവന:

'ഇന്ന് ദുബായ് എയര്‍ ഷോയില്‍ വ്യോമാഭ്യാസ പ്രകടനത്തിനിടെ ഐഎഎഫിന്റെ തേജസ് വിമാനത്തിന് അപകടം സംഭവിച്ചു. അപകടത്തില്‍ പൈലറ്റിന് ജീവന്‍ നഷ്ടപ്പെട്ടു. ഈ ദുഃഖകരമായ സമയത്ത് ജീവന്‍ നഷ്ടപ്പെട്ടതില്‍ ഇന്ത്യന്‍ വ്യോമസേന അഗാധമായി ഖേദിക്കുകയും ദുരിതത്തിലായ കുടുംബത്തോടൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുന്നതാണ്,' ഐഎഎഫ് പ്രസ്താവനയില്‍ അറിയിച്ചു.

പൈലറ്റിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല

ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL) വികസിപ്പിച്ചെടുത്ത ഒറ്റ സീറ്റുള്ള ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (LCA) ആയ വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 2:10 ഓടെയാണ് തകര്‍ന്നതെന്ന് ദൃക്സാക്ഷി വിവരണങ്ങളും വീഡിയോകളും വ്യക്തമാക്കുന്നു.

്‌വിമാനം നെഗറ്റീവ് ജി-ഫോഴ്സ് ടേണില്‍ (Negative G-Force turn) നിന്ന് പുറത്തുവരുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് വ്യോമയാന വിദഗ്ധര്‍ പറയുന്നത്. ഗുരുത്വാകര്‍ഷണ ദിശയ്ക്ക് വിപരീത ദിശയില്‍ അനുഭവപ്പെടുന്ന ശക്തിയാണ് നെഗറ്റീവ് ജി-ഫോഴ്സ്.

മുമ്പത്തെ അപകടവും സവിശേഷതകളും:

രണ്ട് വര്‍ഷത്തിനിടയിലെ തേജസ് വിമാനം ഉള്‍പ്പെടുന്ന രണ്ടാമത്തെ അപകടമാണിത്. 2024 മാര്‍ച്ചില്‍ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ തേജസ് വിമാനം തകര്‍ന്നിരുന്നു. 2001-ല്‍ ആദ്യത്തെ പരീക്ഷണ പറക്കല്‍ നടത്തിയതിന് ശേഷമുള്ള വിമാനത്തിന്റെ 23 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യത്തെ അപകടമായിരുന്നു അത്. ആ സംഭവത്തില്‍ പൈലറ്റ് പുറത്തേക്ക് തെറിച്ച് രക്ഷപ്പെട്ടിരുന്നു.

തേജസ് ഒരു 4.5-ാം തലമുറ വിവിധോദ്ദേശ്യ യുദ്ധവിമാനമാണ്. വ്യോമ പ്രതിരോധ ദൗത്യങ്ങള്‍, ആക്രമണങ്ങള്‍ക്ക് വ്യോമ പിന്തുണ, ക്ലോസ്-കോംബാറ്റ് ദൗത്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് തേജസ് നിര്‍മ്മിച്ചത് അതിന്റെ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞതും ചെറുതുമായ യുദ്ധവിമാനങ്ങളില്‍ ഒന്നാണിത്.

പൂജ്യം ഉയരത്തിലും പൂജ്യം വേഗതയിലും പോലും പൈലറ്റുമാര്‍ക്ക് സുരക്ഷിതമായി പുറത്തേക്ക് തെറിക്കാന്‍ കഴിയുന്ന മാര്‍ട്ടിന്‍-ബേക്കര്‍ സീറോ-സീറോ ഇജക്ഷന്‍ സീറ്റ് ആണ് ഈ ജെറ്റിന്റെ ഒരു പ്രധാന പ്രത്യേകത.

കാഴ്ചക്കാര്‍ക്ക് മുന്നിലാണ് അപകടം സംഭവിച്ചത്. വിമാനം ഉയരം നഷ്ടപ്പെട്ട് അതിവേഗം താഴേക്ക് പതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം കറുത്ത പുകയുടെ നിര ഉയര്‍ന്നു, ഇത് സന്ദര്‍ശകരില്‍ പരിഭ്രാന്തിയുണ്ടാക്കി.

ഇന്ത്യയുടെ കാലഹരണപ്പെട്ട യുദ്ധവിമാനങ്ങളുടെ ശേഖരം നവീകരിക്കുന്നതിനും വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ കേന്ദ്രബിന്ദുവാണ് തേജസ് പദ്ധതി. 2016-ലാണ് ആദ്യ തേജസ് സ്‌ക്വാഡ്രണ്‍, നമ്പര്‍ 45 'ഫ്‌ലൈയിംഗ് ഡാഗേഴ്‌സ്', IAF-ല്‍ ഉള്‍പ്പെടുത്തിയത്.

Tags:    

Similar News