മുകളിലേക്ക് കുതിച്ചുയര്‍ന്ന് കരണം മറിയുന്നതിനിടെ പൊടുന്നനെ താഴേക്ക് പതിച്ചു; ദുബായ് എയര്‍ഷോയില്‍ ഇന്ത്യയുടെ തേജസ് യുദ്ധ വിമാനം തകര്‍ന്നുവീണത് ഒറ്റയ്ക്കുള്ള അഭ്യാസ പ്രകടനത്തിനിടെ; അപകടം അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം; അപകടം സ്ഥീരികരിച്ച് വ്യോമസേന; തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്
ദുബായ് എയര്‍ഷോയില്‍ ഇന്ത്യയുടെ തേജസ് യുദ്ധ വിമാനം തകര്‍ന്നുവീണത് ഒറ്റയ്ക്കുള്ള അഭ്യാസ പ്രകടനത്തിനിടെ
ദുബായ് ദുബായ് എയര്‍ ഷോയില്‍ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (LCA) തേജസ് യുദ്ധവിമാനം തകര്‍ന്നു വീണു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:10 ഓടെയാണ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപകടമുണ്ടായത്.
അപകടസമയത്ത് പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് തെറിച്ചു (Ejected) രക്ഷപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സംഘമായുള്ള പ്രകടനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഒറ്റയ്ക്ക് അഭ്യാസപ്രകടനം (Solo Display) നടത്തുന്നതിനിടെയാണ് വിമാനം നിയന്ത്രണം വിട്ട് തകര്‍ന്നത്. വിമാനം മുകളിലേക്ക് കുതിച്ചുയര്‍ന്ന് കരണംമറിയുന്നതിനിടെ (Looping) നേരെ താഴേക്ക് പതിക്കുകയായിരുന്നു. അപകട സ്ഥലത്ത് കനത്ത പുക ഉയരുകയും ഉടന്‍ തന്നെ അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും ചെയ്തു.
വ്യോമസേനയുടെ പ്രതികരണം
സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ വ്യോമസേനയുടെ (IAF) ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. 'IAF-ന്റെ ഒരു തേജസ് വിമാനം ദുബായ് എയര്‍ ഷോ-25ല്‍ തകര്‍ന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഉടന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാം,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തെത്തുടര്‍ന്ന് ദുബായ് എയര്‍ ഷോ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
എയ്‌റോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സി രൂപകല്‍പ്പന ചെയ്യുകയും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) നിര്‍മ്മിക്കുകയും ചെയ്ത തേജസ്, നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ Mk1 വകഭേദമാണ് ഉപയോഗിക്കുന്നത്. കൂടാതെ Mk1A വകഭേദത്തിന്റെ വിതരണത്തിനായി കാത്തിരിക്കുകയുമാണ്. ദുബായിലെ രണ്ടാമത്തെ വിമാനത്താവളമാണ് അല്‍മക്തും.
ഈ വര്‍ഷം എമിറേറ്റ്‌സ് എയര്‍ലൈന്‍സും അവരുടെ സഹോദര സ്ഥാപനമായ ഫ്‌ലൈദുബായും വിമാനങ്ങള്‍ക്കായി വന്‍ ഓര്‍ഡറുകള്‍ നല്‍കിയതിലൂടെ ദുബായ് എയര്‍ ഷോ വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു.