പിടിച്ചെടുത്ത ലാന്‍ഡ്‌റോവര്‍ തിരികെ നല്‍കണം; വാഹനം വാങ്ങിയത് തികച്ചും നിയമവിധേയമായി; കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍; നടന്റെ ഒരു വാഹനത്തിന്റെ രജിസ്ട്രേഷനില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി സംശയിച്ച് കസ്റ്റംസ്
ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍
കൊച്ചി: ഓപ്പറേഷന്‍ 'നുംഖോറി'ന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. കസ്റ്റംസ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്.
എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും, നിയമപരമായി കൈവശം വെക്കുന്ന വാഹനം തിരികെ ലഭിക്കണമെന്നും ഹര്‍ജിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആവശ്യപ്പെട്ടു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങളെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.
'ഓപ്പറേഷന്‍ നുംഖോറി'ന്റെ അന്വേഷണത്തിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങള്‍ ഇതിനോടകം കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങളില്‍ ഒരെണ്ണം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും സ്വകാര്യ സ്ഥാപനങ്ങളിലും കസ്റ്റംസ് പരിശോധന നടന്നിരുന്നു.
ദുല്‍ഖറിന്റെ ഒരു വാഹനത്തിന്റെ രജിസ്ട്രേഷനില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി കസ്റ്റംസ് സംശയിക്കുന്നു. ദുല്‍ഖറിന്റെ കൈവശമുള്ള 28 വര്‍ഷം പഴക്കമുള്ള ഒരു വാഹനമാണ് പ്രധാനമായും അന്വേഷണത്തിലുള്ളത്. ഈ വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ 'പരിവാഹന്‍' വെബ്‌സൈറ്റില്‍ വാഹനത്തിന് 2038 വരെ ഫിറ്റ്‌നസ് കാലാവധിയുണ്ടെന്ന് കാണിക്കുന്നു. രേഖകളില്‍ കൃത്രിമം നടത്തിയാണ് രജിസ്ട്രേഷന്‍ നേടിയതെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. ഇറക്കുമതി തീരുവ വെട്ടിച്ച് കടത്തിയ നാല് വാഹനങ്ങള്‍ ദുല്‍ഖര്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി മറ്റു രണ്ടു വാഹനങ്ങള്‍ കൂടി ഹാജരാക്കാന്‍ അദ്ദേഹത്തിന് നോട്ടീസ് നല്‍കും.
ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ച വാഹനങ്ങള്‍ നികുതി വെട്ടിച്ചു കേരളത്തിലെത്തിച്ച് രജിസ്റ്റര്‍ ചെയ്യുന്ന സംഘത്തെ കണ്ടെത്താനുള്ള 'ഓപ്പറേഷന്‍ നുംഖോറി'ന്റെ ഭാഗമായാണ് ചൊവ്വാഴ്ച രാജ്യവ്യാപകമായി റെയ്ഡ് നടന്നത്. ദുല്‍ഖറിന്റെ കൊച്ചി ഇളംകുളത്തെ വസതിയിലും മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ ഗാരേജിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
കേസിന്റെ ഭാഗമായി നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. അമിത് ചക്കാലക്കലിന്റെ വീട്ടില്‍ നിന്നും വര്‍ക്ക്ഷോപ്പില്‍ നിന്നുമായി എട്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിരുന്നു, അതേസമയം, പൃഥ്വിരാജിന്റെ തേവരയിലെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയെങ്കിലും സംശയത്തിലുള്ള വാഹനം കണ്ടെത്താനായില്ല. ഇത്തരത്തില്‍ കേരളത്തിലേക്ക് കടത്തിയ 140-ലധികം വാഹനങ്ങള്‍ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍.