ടൂര്‍ നോട്ടിലും വെഹിക്കിള്‍-വീക്ക്‌ലി ഡയറിയിലും സ്വകാര്യ നമ്പറിലെ ഫോണ്‍വിളി രേഖകളിലും തെളിഞ്ഞത് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള രഹസ്യനീക്കം; സെന്‍സേഷന്‍ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് നല്‍കിയത് പ്രതികാരം തീര്‍ക്കാന്‍; മറ്റൊരാളുടെ വിലാസത്തിലെ സിം കാര്‍ഡും ഉപയോഗിച്ചു; അന്‍വറിന്റെ വിശ്വസ്തന്‍ ഡി വൈ എസ് പി ഷാജിക്ക് പണിയായത് ഈ നിരീക്ഷണങ്ങള്‍
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അന്വേഷണത്തിന്റെ രഹസ്യരേഖകള്‍ മുന്‍ എംഎല്‍എ പി.വി.അന്‍വറിന് ചോര്‍ത്തി നല്‍കിയ ഡിവൈഎസ്പി എം.ഐ.ഷാജിക്ക് സസ്‌പെന്‍ഷന്‍ എത്തുന്നത് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍. ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഷാജി, മുതിര്‍ന്ന ഉദ്യോഗസ്ഥരോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഇത് ചോര്‍ത്തിയെന്ന് രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയത്. നടപടി സ്വീകരിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ശിപാര്‍ശ അംഗീകരിച്ച് ആഭ്യന്തര വകുപ്പാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തിരുന്ന ഷാജിയെ നേരത്തേ കാസര്‍കോട്ടേയ്ക്കു മാറ്റിയിരുന്നു.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ അന്വേഷണം ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചുവെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കൊടുത്ത രഹസ്യറിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥര്‍ക്കു ബിജെപി ബന്ധമുണ്ടെന്നും നടപടി ഒന്നും ഉണ്ടായില്ലെന്നും അന്‍വര്‍ ആരോപിച്ചു. തുടര്‍ന്നാണ്, ക്രൈംബ്രാഞ്ച് നല്‍കിയ രഹസ്യറിപ്പോര്‍ട്ട് അന്‍വറിനു ലഭിച്ചതിനെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗം അന്വേഷിച്ചത്. ക്രൈംബ്രാഞ്ചില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ഐ.ഷാജിയാണു വിവരം ചോര്‍ത്തി നല്‍കിയതെന്നു കണ്ടെത്തി. അന്‍വറുമായി ഷാജി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും നേരില്‍ കണ്ടുവെന്നും ഇന്റലിജന്‍സ് ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി എടുത്തത്.
ഷാജിയുടെ ടൂര്‍ നോട്ട്, വെഹിക്കിള്‍ ഡയറി, വീക്ക്‌ലി ഡയറി, സ്വകാര്യ നമ്പറിലെ ഫോണ്‍വിളി രേഖകള്‍ എന്നിവ പരിശോധിച്ചപ്പോള്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കെതിരേ രഹസ്യനീക്കം നടത്തിയതായി കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ട് സെന്‍സേഷന്‍ കേസിലെ പുറത്ത് നല്‍കിയത് മുതിര്‍ന്ന ഉദ്യോഗസ്ഥനോടുള്ള പ്രതികാരം തീര്‍ക്കാനാണ്. മറ്റൊരാളുടെ വിലാസത്തിലെടുത്ത സിം കാര്‍ഡ് ഷാജി ഉപയോഗിച്ചതായും കണ്ടെത്തി. രഹസ്യരേഖയായ അന്വേഷണ റിപ്പോര്‍ട്ടുകള്‍, പി.വി അന്‍വര്‍ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പൊലീസുദ്യോഗസ്ഥര്‍ക്കെതിരേ ആരോപണമുന്നയിച്ചു. രേഖകള്‍ ചോര്‍ന്നതില്‍ ഷാജിക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ആശ്രമം കത്തിച്ച കേസില്‍ പൊലീസ് കേസ് വഴി തിരിച്ചുവിട്ടു എന്നായിരുന്നു അന്‍വറിന്റെ ആരോപണം. പ്രതികളെ രക്ഷിക്കാന്‍ ശ്രമമുണ്ടായി. കേസന്വേഷിച്ച ഡിവൈ.എസ്.പി. വിരമിച്ചശേഷം ബിജെപിയുടെ ബൂത്ത് ഏജന്റായി. സന്ദീപാനന്ദഗിരിയാണ് ആശ്രമം കത്തിച്ചതെന്ന് പൊലീസ് പ്രചരിപ്പിച്ചു. ഒരുഘട്ടത്തില്‍ സന്ദീപാനന്ദഗിരിയെ കേസില്‍ കുടുക്കാന്‍വരെ നോക്കി. സ്വാമിക്ക് പേരെടുക്കാന്‍ വേണ്ടിയാണ് ആശ്രമം കത്തിച്ചതെന്ന പ്രചാരണമുണ്ടായി. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. കേസ് സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എഡിജിപി എം.ആര്‍.അജിത്കുമാറിന്റെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.കെ.ശശിയുടെയും നേതൃത്വത്തില്‍ മുക്കി. ഇപ്പോഴും റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് ബിജെപി ബന്ധം ഉണ്ടെന്ന രേഖയാണ് അന്‍വര്‍ പുറത്തുവിട്ടത്.
മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് മുന്‍ എംഎല്‍എ പി.വി അന്‍വര്‍ ക്രൈംബ്രാഞ്ചിന്റെ സുപ്രധാന രേഖ പുറത്തുവിട്ടത്. മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇത്. രേഖ പുറത്തുവന്നത് ആഭ്യന്തരവകുപ്പിനുള്ളില്‍ വലിയ കോലാഹലങ്ങള്‍ക്ക് ഇടയാക്കുകയും തുടര്‍ന്ന് ഇന്റലിജന്‍സ് അന്വേഷണം നടത്തുകയുമായിരുന്നു. ഈ അന്വേഷണത്തില്‍ എം.ഐ ഷാജിയെന്ന ഡിവൈഎസ്പി പി.വി അന്‍വറുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും അദ്ദേഹത്തിന്റെ വീട്ടിലെത്തി ചില രേഖകള്‍ കൈമാറി എന്നും കണ്ടെത്തുകയായിരുന്നു.