2021 ല്‍ കൊല്ലപ്പെട്ടത് 119 തടവുകാര്‍, കഴിഞ്ഞ ദിവസം ഉണ്ടായ അക്രമണത്തില്‍ കൊല്ലപ്പെട്ടത് 15 പേര്‍, 14 പേര്‍ക്ക് ഗുരുതര പരിക്ക്; ജയിലില്‍ ആകെ കൊല്ലപ്പെട്ടത് 400 ലേറെ ആളുകള്‍ എന്ന് കണക്ക്; ജയില്‍ പുള്ളികളുടെ കൈയ്യില്‍ തോക്കുകളും: സംഭവം ലോകത്തിലെ കുപ്രസിദ്ധമായതും ഏറ്റവും വലുതും അപകടകരമായതെന്നും വിശേഷിക്കപ്പെട്ട ലിറ്റോറല്‍ പെനിറ്റന്‍ഷ്യറി ജയിലില്‍
ക്വിറ്റോ: ജയിലില്‍ തടവുകാര്‍ തമ്മില്‍ വാക്കേറ്റത്തെ തുടര്‍ന്ന് അക്രമണം. വാക്കേറ്റം കലാശിച്ചത് തമ്മില്ലിലാണ്. ഇക്വഡോറിലെ കുപ്രസിദ്ധമായതും ഏറ്റവും വലുതും ഏറ്റവും അപകടകരമായതെന്നും വിശേഷിക്കപ്പെട്ട ലിറ്റോറല്‍ പെനിറ്റന്‍ഷ്യറി ജയിലിലാണ് സംഭവം. തമ്മില്‍ തല്ലില്‍ 15 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 14 പേര്‍ക്ക് ഗുതുര പരിക്കും ഉണ്ടായതയി റിപ്പോര്‍ട്ടില്‍ പറയുന്നു. 2021ല്‍ ഇവിടെ തടവുകാര്‍ക്കിടയിലുണ്ടായ കലാപത്തില്‍ 119 പേരാണ് കൊല്ലപ്പെട്ടത്.
ലിറ്റോറല്‍ പെനിറ്റന്‍ഷ്യറി ജയിലില്‍ നിലവിലെ പരമാവധി ശേഷിയുടെ ഇരട്ടിയിലേറെ തടവുകാരാണ് ഉള്ളത്. പതിനായിരത്തോളം തടവുകാരാണ് ഇവിടെയുള്ളത്. 2001 മുതല്‍ ജയിലിനുള്ളിലുണ്ടായ അക്രമങ്ങളില്‍ 400 ലേറെ തടവുകാര്‍ കൊല്ലപ്പെട്ടതായാണ് ലഭ്യമാകുന്ന കണക്കുകള്‍. രാജ്യം മുഴുവന്‍ വ്യാപിക്കുന്ന അക്രമത്തിന്റെ പ്രത്യക്ഷമായ സൂചനയാണ് ജയിലിനുള്ളില്‍ അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്നതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.
രാജ്യത്തെ ജയിലുകളിലെ പ്രതിസന്ധി കൂടുതല്‍ വിശദമാക്കുന്നതാണ് നിലവിലെ അക്രമം. ജനുവരി മാസത്തില്‍ ഇക്വഡോറിലെ ഏഴ് ജയിലുകളിലായി 150ഓളം ജയില്‍ ജീവനക്കാരെ തടവുകാരാക്കുന്ന സാഹചര്യമുണ്ടായിരുന്നു. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ലിറ്റോറല്‍ പെനിറ്റന്‍ഷ്യറി ജയിലിന് മുകളിലൂടെ ഹെലികോപ്ടര്‍ തലങ്ങും വിലങ്ങും പറക്കുകയും തടവുകാരുടെ ബന്ധുക്കള്‍ ജയിലിന് പുറത്ത് നിലവിളിക്കുന്നതുമായ കാഴ്ചയാണ് ഗ്വായാക്വിലിലുള്ളത്.
ക്രമസമാധാന പാലനത്തില്‍ ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയല്‍ നോബോയ്ക്ക് വലിയ തലവേദനയാവുകയാണ് ജയിലിനുള്ളിലെ പുതിയ അക്രമ സംഭവമെന്നാണ് അന്തര്‍ ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കുപ്രസിദ്ധമാണ് ഇക്വഡോറിലെ ജയിലുകള്‍. പരമാവധി ശേഷിയിലും അധികം ആളുകളാണ് ഇവിടെ കഴിയുന്നത്. അധികാരികള്‍ക്ക് നിയന്ത്രണം സാധ്യമാകാത്ത രീതിയില്‍ ലഹരി കാര്‍ട്ടലുകള്‍ ജയിലില്‍ നിന്ന് രാജ്യത്തെ ലഹരിമരുന്ന് വിതരണം നിയന്ത്രിക്കുന്നതും ഇവിടുത്തെ പതിവ് കാഴ്ചയാണ്. തടവുകാരില്‍ ഏറിയ പങ്കിനും തോക്കുകള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ ജയിലിനുള്ളില്‍ സുലഭമാണ്.