അനീഷ് ബാബു കള്ളപ്പണക്കേസിലെ പ്രതി; ഇയാളുടെ അച്ഛനും അമ്മയും കേസിലെ പ്രതികള്‍; ഇഡിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഇറങ്ങി തിരിച്ചത് കേസ് റദ്ദാക്കാനുളള അപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും നിരസിച്ചതോടെ; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന വിശദീകരണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന വിശദീകരണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Update: 2025-05-19 13:39 GMT

കൊച്ചി: ഇഡി ഉദ്യോഗസ്ഥനെ പ്രതിയാക്കിയുള്ള വിജിലന്‍സ് കേസില്‍ ഔദ്യോഗിക പ്രതികരണവുമായി ഇഡി. അനീഷ് ബാബു ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അനീഷ് നടത്തുന്നത് മാധ്യമങ്ങളെ ഉപയോഗിച്ചുള്ള വിചാരണ. ഇയാള്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണ കേസിലെ പ്രതിയാണ്. അനീഷിനെ കൂടാതെ അയാളുടെ അച്ഛനും അമ്മയും കേസിലെ പ്രതികളാണ്.

കേസ് റദ്ദാക്കാനുള്ള അനീഷിന്റെ അപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും നിരസിച്ചിരുന്നു. ഇതോടെയാണ് ഇയാള്‍ ഇഡിയെ അപകീര്‍ത്തിപ്പെടുത്താന്‍ കൈക്കൂലി ആരോപണവുമായി രംഗത്തെത്തിയതെന്നും ഇഡി കുറിപ്പില്‍ പറഞ്ഞു.

ഉദ്യോഗസ്ഥനെതിരേയുള്ള അഴിമതി ആരോപണത്തില്‍ സംസ്ഥാന വിജിലന്‍സിനോട് തെളിവും കേസിന്റെ വിശദാംശങ്ങളും ഇഡി തേടിയിരുന്നു. ഉദ്യോഗസ്ഥരുടെയെല്ലാം ഫോണ്‍കോള്‍ രേഖകള്‍ പരിശോധിക്കാനും നടപടി തുടങ്ങി. ഡല്‍ഹി ഇഡി ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് കൊച്ചി ഇഡിയുടെ നടപടി. ഇ-മെയില്‍ മുഖാന്തരമാണ് വിജിലന്‍സുമായുള്ള ആശയവിനിമയമെന്നാണ് സൂചന.

കേസ് ഒത്തുതീര്‍പ്പാക്കാനെന്നപേരില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാരുമായി ഓഫീസിലെ ആര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്നത് സംബന്ധിച്ചും ഇഡി അന്വേഷണം നടത്തും. കോള്‍ലിസ്റ്റിനൊപ്പം ഉദ്യോഗസ്ഥരുടെ മെയിലുകളും സോഷ്യല്‍മീഡിയ അക്കൗണ്ടുകളും പരിശോധിക്കും. വിജിലന്‍സില്‍നിന്ന് രേഖകള്‍ ലഭ്യമായാല്‍ ഇഡി ആഭ്യന്തര അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്.

അതേസമയം, കള്ളപ്പണക്കേസുകള്‍ ഒതുക്കാന്‍ പണം വാങ്ങിയ ഏജന്റുമാരിലൊരാളെ കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിനുള്ളില്‍ കണ്ടുവെന്ന് പരാതിക്കാര്‍ ആരോപിച്ചിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ക്കെന്നപേരില്‍ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് അറസ്റ്റ് ചെയ്ത രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷിനെയാണ് ഇഡി ഓഫീസിനുള്ളില്‍ കണ്ടത്.

ഇഡി ഓഫീസിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങളുണ്ടാകുമെന്നും പരിശോധിക്കണമെന്നും പരാതിക്കാരനായ കൊട്ടാരക്കര സ്വദേശി അനീഷ്ബാബു പറയുന്നു. കേസ് ഒത്തുതീര്‍പ്പാക്കി രേഖ തരുന്നത് ഡല്‍ഹിയില്‍നിന്ന് ഇഡി ഡയറക്ടറാണെന്ന് ഏജന്റുമാര്‍ ഉറപ്പു നല്‍കിയെന്നും അനീഷ് ബാബു പറഞ്ഞു.

കശുവണ്ടി ഇറക്കുമതി വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പ് നടത്തിയ അനീഷ് ബാബു ബാങ്ക് ഇടപാടുകളുടെ വ്യാജരേഖകള്‍ ചമച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ടാന്‍സാനിയയിലെ ഐ. ആന്‍ഡ് എം. ബാങ്കില്‍ 40.22 ലക്ഷം ഡോളര്‍ കൊട്ടാരക്കര സ്വദേശി അനീഷിന്റെ പേരിലുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന 'സിഫ്ട്' (സൊസൈറ്റി ഫോര്‍ വേള്‍ഡൈ്വഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലി കമ്യൂണിക്കേഷന്‍) രേഖ കണ്ടാല്‍ ആര്‍ക്കും സംശയമുണ്ടാകില്ല. പണം നല്‍കാനുള്ള വ്യാപാരികളെ ഈ രേഖ കാട്ടിയാണ് അനീഷ് സമാധാനിപ്പിച്ച് അയച്ചത്. എന്നാല്‍ വ്യാപാരികള്‍ ബാങ്കില്‍ നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് ബോധ്യമായി.

ഇതുമാത്രമല്ല അനീഷിന്റെ പേരില്‍ 1.60 കോടി രൂപ അനുവദിച്ച എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സിന്റെ ചെക്ക്, ഇന്‍ഡസിന്‍ഡ് ബാങ്കിന്റെ രേഖകള്‍, കോടികളുടെ ബാങ്ക് ഇടപാടുകള്‍ സൂചിപ്പിക്കുന്ന ബാങ്കുകളുടെ പേരിലുള്ള എസ്.എം.എസ്. സന്ദേശങ്ങള്‍, കപ്പല്‍ ഏജന്‍സിയുടെ കത്ത് ഇവയെല്ലാം തട്ടിപ്പിനായി അനീഷും സംഘവും വ്യാജമായി നിര്‍മിച്ചെന്ന കണ്ടെത്തലിലാണ് പോലീസ് എത്തിയത്. ആസൂത്രിതമായി നടത്തിയ കൊള്ളയാണ് കോടികളുടെ തട്ടിപ്പെന്ന് ഈ രേഖകള്‍ സൂചിപ്പിക്കുന്നു. വിദേശ ബാങ്കുകളുടെയും നാട്ടിലെ ബാങ്കുകളുടെയും വ്യാജരേഖകള്‍ ഇവര്‍ തയ്യാറാക്കി. പോലീസ് ഉദ്യോഗസ്ഥരെവരെ ഈ രേഖകള്‍ കാട്ടി കബളിപ്പിച്ചു. ഓണ്‍ലൈന്‍ ബാങ്ക് ഇടപാട് സംബന്ധിച്ച നിരവധി വ്യാജരേഖകള്‍ ഇവര്‍ തയ്യാറാക്കിയതായി പോലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അന്വേഷണം ഇഡിയിലേക്ക് എത്തിയത്. വ്യാജ രേഖയിലെ വിശദ വാര്‍ത്ത 2020ല്‍ മാതൃഭൂമി നല്‍കിയതാണ്.

അനീഷ് ബാബു ആഡംബര കാറുകളില്‍ സഞ്ചരിക്കുകയും ആഡംബരജീവിതം നയിക്കുകയും ചെയ്തിരുന്ന വ്യക്തിയാണെന്ന് പൊലീസ് വിശദീകരിച്ചതായി 2020ല്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. അവസാനമായി അന്ന് അനീഷിനെ ശാസ്തമംഗലത്തുള്ള ഫ്ലാറ്റില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനൊപ്പം ഉല്ലാസയാത്ര നടത്തി മടങ്ങുമ്പോഴായിരുന്നു അറസ്റ്റെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അനീഷിനെതിരേ പൊലീസില്‍ നല്‍കിയ പല പരാതികളിലും നടപടി ഉണ്ടാകാതിരുന്നത് തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഈ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. റൂറല്‍ എസ് പിക്ക് പരാതി ലഭിച്ചതോടെയാണ് അന്ന് അറസ്റ്റ് ഉണ്ടായത്.

തട്ടിപ്പിലൂടെ ലഭിച്ച പണമൊക്കെ ആഡംബര ജീവിതത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും അനീഷ് ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍ എന്നായിരുന്നു വാര്‍ത്തകള്‍. ചില സീരിയല്‍ നടിമാരുമായി സൗഹൃദം ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായും വാര്‍ത്ത എത്തി. ഇടയ്ക്ക് വിദേശ യാത്രകള്‍ക്കും പോകാറുണ്ട്. അടുത്ത സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥനെയും ഇത്തരം ഉല്ലാസയാത്രകളില്‍ അനീഷ് കൂടെ കൊണ്ടുപോകാറുള്ളതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമയാണ് അനീഷ് ബാബു. വിവിധ കശുവണ്ടി വ്യാപാരികളില്‍നിന്നായി 50 കോടിയോളം രൂപ ഇയാള്‍ തട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. 2020ല്‍ അഞ്ചല്‍ റോയല്‍ കാഷ്യൂ ഉടമ കുഞ്ഞുമോന്റെ പരാതിയിലായിരുന്നു അറസ്റ്റ്.

Tags:    

Similar News