പൈലറ്റിന്റെ പിഴവോ കോക്ക് പിറ്റിലെ ആശയക്കുഴപ്പമോ ആണ് അപകടകാരണമെന്ന് നിങ്ങള്‍ എങ്ങനെ കണ്ടെത്തി? അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ എവിടെ? എയര്‍ ഇന്ത്യ അപകടത്തില്‍ പൈലറ്റുമാരെ പഴിക്കുന്ന റിപ്പോര്‍ട്ടിന് വാള്‍ സ്ട്രീറ്റ് ജേണലിനും റോയിട്ടേഴ്‌സിനും വക്കീല്‍ നോട്ടീസ് അയച്ച് എഫ്‌ഐപി
വാള്‍ സ്ട്രീറ്റ് ജേണലിനു റോയിട്ടേഴ്‌സിനും വക്കീല്‍ നോട്ടീസ് അയച്ച് എഫ്‌ഐപി
ന്യൂഡല്‍ഹി: അഹമ്മദാബാദിലെ എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ അപകടത്തെ കുറിച്ച് വസ്തുതാവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയതിന്റെ പേരില്‍ വാള്‍ സ്ട്രീറ്റ് ജേണലിനും, റോയിട്ടേഴ്‌സിനും എതിരെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ്( എഫ്‌ഐപി) വക്കീല്‍ നോട്ടീസ് അയച്ചു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടിനെ ആധാരമാക്കി തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചെന്നാണ് ആരോപണം. ഔദ്യോഗികമായി മാപ്പുപറയണമെന്നും എഫ്‌ഐപി ആവശ്യപ്പെട്ടതായി പ്രസിഡന്റ് ക്യാപ്റ്റന്‍ സി എസ് രണ്‍ധാവ പറഞ്ഞു.
ജൂണ്‍ 12 ന് നടന്ന വിമാനാപകടം പൈലറ്റിന്റെ പിഴവ് മൂലമെന്നാണ് വാള്‍ സ്ട്രീറ്റ് ജേണലും റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തത്. അപകടത്തിന് കാരണം പൈലറ്റിന്റെ പിഴവോ കോക്ക്പിറ്റ് ആശയക്കുഴപ്പമോ ആണെന്നാണ് ഈ വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍, ഈ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് എഫ്‌ഐപി വാദിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയും അന്തിമ റിപ്പോര്‍ട്ട് വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ഉത്തരവാദിത്വത്തോടെ അല്ലെന്നും സംഘടന പറഞ്ഞു.
സ്വയം പ്രതിരോധിക്കാന്‍ കഴിയാത്ത, മരിച്ച പൈലറ്റുമാരുടെ പ്രശസ്തിക്ക് ഗുരുതരവും പരിഹരിക്കാനാകാത്തതുമായ ദോഷമാണ് റിപ്പോര്‍ട്ടുകള്‍ വരുത്തിയിരിക്കുന്നത്. ഇങ്ങനെ ചെയ്തതിലൂടെ റോയിറ്റേഴ്സ് പൈലറ്റുമാരുടെ കുടുംബത്തിന് അനാവശ്യ ദുരിതം വരുത്തിവെച്ചു. പൈലറ്റുമാരുടെ മനോവീര്യത്തെ ഇത് ബാധിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ എഫ്‌ഐപി മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.നേരത്തേ വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് എഎഐബി രംഗത്തെത്തിയിരുന്നു