അദാനിക്ക് ഇന്ത്യയിലും തിരിച്ചടി; വൈദ്യുതി കരാര്‍ റദ്ദാക്കാന്‍ ആന്ധ്ര; 100 കോടി രൂപയുടെ സഹായം വേണ്ടെന്ന് തെലങ്കാന സര്‍ക്കാറും; അമേരിക്കന്‍ നടപടി തുടങ്ങിയതിന് പിന്നാലെ നിക്ഷേപത്തില്‍ നിന്ന് പിന്‍മാറി കൂടുതല്‍ കമ്പനികള്‍; ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി
അദാനിക്ക് ഇന്ത്യയിലും തിരിച്ചടി
ന്യൂഡല്‍ഹി: യു.എസില്‍ അഴിമതി കേസില്‍ ആരോപണ വിധേയനായതിന് പിന്നാലെ ഗൗതം അദാനിക്ക് ഇന്ത്യയിലും തരിച്ചടി ഉണ്ടാകുമെന്ന് ഭീതി. അദാനിയുമായുള്ള വൈദ്യുത കരാര്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഭരണകാലത്ത് തുടങ്ങിയ കരാറാണ് പുതിയ ആന്ധ്ര സര്‍ക്കാര്‍ മറികടക്കാന്‍ ഒരുങ്ങുന്നത്. അദാനിയുടെ 100 കോടിയുടെ സഹായം വേണ്ടെന്ന് തെലങ്കാന നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ആന്ധ്ര ധനകാര്യമന്ത്രി പയ്യുവാല കേശവ് റോയിട്ടേഴ്‌സിനോടാണ് അദാനിയുമായുള്ള കരാര്‍ പുനഃപരിശോധിക്കാനുള്ള സാധ്യതകള്‍ ആരായുമെന്ന് അറിയിച്ചത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ റദ്ദാക്കുന്നത് പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കരാര്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും ഇതിന് ശേഷം റദ്ദാക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അദാനിയുടെ സഹായം ആവശ്യമില്ലെന്ന് തെലങ്കാന സര്‍ക്കാറും നിലപാടെടുത്തു. 100 കോടി രൂപയുടെ സഹായം വേണ്ടെന്നാണ് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. യങ് സ്‌കില്‍ യൂനിവേഴ്‌സിറ്റിക്ക് നല്‍കാനിരുന്ന ഫണ്ടാണ് വേണ്ടെന്ന് പറഞ്ഞിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി അദാനി ഫൗണ്ടേഷനാണ് സഹായം നല്‍കുമെന്ന് അറിയിച്ചത്. തന്റെയും മന്ത്രിസഭയുടേയും പ്രതിഛായ മോശമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാറിന് അദാനി ഗ്രൂപ്പില്‍ നിന്ന് ഒരു സഹായവും വേണ്ടെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.
നാല് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സൗരോര്‍ജ കരാറുകള്‍ക്ക് അനുകൂലമായ വ്യവസ്ഥകള്‍ക്ക് പകരമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 265 മില്യണ്‍ ഡോളര്‍ (ഏകദേശം 2,200 കോടി രൂപ) കൈക്കൂലി നല്‍കാനുള്ള ശ്രമം നടത്തിയെന്നാണ് അദാനിക്കെതിരായ യു.എസ് നീതിന്യായ വകുപ്പിന്റെ കുറ്റപത്രം.
അതേസമയം അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ എനര്‍ജിക്കെതിരേ അമേരിക്കയില്‍ നടപടി തുടങ്ങിയതിന് പിന്നാലെ നിക്ഷേപത്തില്‍നിന്ന് പിന്‍മാറി കൂടുതല്‍ കമ്പനികളും രംഗത്തുണ്ട്. രാജ്യത്തിന്റെ പ്രധാന വിമാനത്താവളത്തിന്റെ വികസനത്തിനായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറുകള്‍ നേരത്തെ കെനിയ റദ്ദാക്കിയതിന് പിന്നാലെ ഗ്രീന്‍ എനര്‍ജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി. ഗ്രീന്‍ എനര്‍ജിയില്‍ 19.75 ശതമാനം ഓഹരിയാണ് ടോട്ടര്‍ എനര്‍ജീസിനുണ്ടായിരുന്നത്. ഇതിന് പുറമെ കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാവില്ലെന്നും ബന്ധപ്പെട്ടവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.
സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ കൈക്കൂലി നല്‍കുകയോ വാഗ്ദാനം നല്‍കുകയോ ചെയ്തെന്നും ഇതേ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തി യു.എസ് നിക്ഷേപകരേയും ആഗോള ധനകാര്യ സ്ഥാപനങ്ങളേയും വഞ്ചിച്ചുവെന്നുമായിരുന്നു ഗ്രീന്‍ എനര്‍ജിക്കെതിരേയുള്ള കേസ്. അമേരിക്കയില്‍ നടപടി നേരിടുന്നത് സംബന്ധിച്ച വിവരങ്ങള്‍ തങ്ങളെ അറിയിച്ചില്ലെന്നും നിക്ഷേപത്തില്‍നിന്ന് പിന്‍മാറിയ ടോട്ടല്‍ എനര്‍ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലായി അമ്പത് ശതമാനത്തോളം നിക്ഷേപമുള്ളവരാണ് ടോട്ടല്‍ എനര്‍ജി.
അതേസമയം ഗൗതം അദാനിക്കെതിരെ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കൈക്കൂലി കേസിന് പിന്നാലെ നിക്ഷേപകര്‍ക്ക് വലിയ തിരിച്ചടിയും സാമ്പത്തിക നഷ്ടവുമാണുണ്ടായത്. അദാനിക്ക് രാജ്യാന്തര തലത്തില്‍ പേരുദോഷവുമുണ്ടായി. ഇതിനെല്ലാം മൂലകാരണമായ കേസും അന്വേഷണവും തുടങ്ങുന്നത് ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ഒരു കുഞ്ഞന്‍ കമ്പനിയില്‍ നിന്നാണ്.
ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ 2022-23 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കൈക്കൂലിയുടെ ആദ്യ വിവരങ്ങള്‍ വരുന്നത്. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിവരം നല്‍കുന്ന രണ്ടുപേരുടേതായ പരാതികള്‍ 2022 മെയ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഓഡിറ്റ് കമ്മിറ്റിക്ക് ലഭിച്ചു. ഈ കമ്പനി ഇന്ത്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ അനധികൃത പണമിടപാടുകളെ സംബന്ധിച്ചായിരുന്നു ഇത്. കമ്പനി ആഭ്യന്തര അന്വേഷണം നടത്തിയെങ്കിലും പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ല. പിന്നീട് പരാതിയും കണ്ടെത്തലുകളും യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനും മാര്‍ക്കറ്റ് റെഗുലേറ്ററായ യുഎസ് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് കമ്മിഷനും കൈമാറുകയായിരുന്നു.