പൊലീസ് പുറത്തുവിട്ടത് ഫോട്ടോ താടിനീട്ടാത്ത, തടിയുള്ള ഗോവിന്ദച്ചാമിയുടേത്; താടി നീട്ടിയ മെലിഞ്ഞ പുതിയ 'ലുക്ക്' ആദ്യം മനസിലായില്ല; വേഷം കറുത്ത പാന്റും വെള്ള ഷര്‍ട്ടും; 'ഒറ്റക്കൈ' കുരുക്കായി; ജയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച കൊടുംകുറ്റവാളിയെ കിണറ്റില്‍ 'വീഴ്ത്തിയത്' നാട്ടുകാരുടെ ജാഗ്രത; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തെളിവെടുത്തു; വിയൂര്‍ ജയിലിലേക്ക് മാറ്റും
ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു തെളിവെടുത്തു
കണ്ണൂര്‍: ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ച് തെളിവെടുത്തു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത്. അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടന്നത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി എത്തിച്ചത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റുമെന്ന് അറിയിച്ചിട്ടുണ്ട്. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുന്നതെന്നാണ് വിവരം.
ഗോവിന്ദച്ചാമി ജയില്‍ ചാടിയെന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടാണ് കണ്ണൂരുകാര്‍ ഇന്ന് രാവിലെ ഉണര്‍ന്നത്. എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് മാധ്യമങ്ങളിലൂടെ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. പൊലീസ് പുറത്തുവിട്ട ഫോട്ടോ താടിനീട്ടാത്ത, തടിയുള്ള ഗോവിന്ദച്ചാമിയുടേതായിരുന്നു. അതുകൊണ്ട് തന്നെ ഗോവിന്ദച്ചാമി കണ്‍മുന്നിലൂടെ നടന്നു പോകുന്നത് പലരും കണ്ടെങ്കിലും താടി നീട്ടിയ മെലിഞ്ഞ ആളായതിനാല്‍ ശ്രദ്ധിച്ചില്ല. കറുത്ത പാന്റും വെള്ള ഷര്‍ട്ടും ജയിലില്‍ ലഭിക്കാന്‍ സാധ്യതയില്ലാത്തതും ആളുകളുടെ ശ്രദ്ധ മാറ്റി.
പുലര്‍ച്ചെ നാലിനും ആറിനും ഇടയ്ക്കാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. തുടര്‍ന്ന് ദേശീയ പാതയിലെത്തിയ ഗോവിന്ദച്ചാമി കണ്ണൂര്‍ നഗരത്തിലേക്ക് നടന്നു. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്താന്‍ സാധിക്കുന്ന തരത്തില്‍ എകെജി ആശുപത്രിയുടെ മുന്നില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞു പോകുകയായിരുന്നു. മൂന്നര കിലോമീറ്ററോളം നടന്ന് പോസ്റ്റ് ഓഫിസിന് പരിസരത്തെത്തിയപ്പോള്‍ സ്വകാര്യ കമ്പനി ജീവനക്കാരനായ വിനോജിനാണ് ഗോവിന്ദച്ചാമിയെ കണ്ടപ്പോള്‍ സംശയം തോന്നിയത്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവറേയും കൂട്ടി ഇയാളുടെ സമീപത്തെത്തി കൈ കാണിക്കാന്‍ പറഞ്ഞു. അപ്പോള്‍ ഇടതു കയ്യില്ലെന്ന് മനസ്സിലായി. ചോദ്യം ചെയ്തതോടെ ഗോവിന്ദച്ചാമി സമീപത്തെ മതില്‍ ചാടിക്കടന്ന് ഓടുകയായിരുന്നു. വിനോജ് ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു.
ഗോവിന്ദച്ചാമി മതില്‍ ചാടി ഓടിയതോടെ ഈ പരിസരത്തേക്ക് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. ദുര്‍ഘടം പിടിച്ച, മുള്ളുകള്‍ നിറഞ്ഞ കാട്ടിലൂടെ നാട്ടുകാരും പൊലീസിനൊപ്പം തിരച്ചില്‍ നടത്തി. പൊലീസ് നായയും ഇതേ പരിസരത്ത് തന്നെ ചുറ്റിത്തിരിയാന്‍ തുടങ്ങിയതോടെ ഗോവിന്ദചാമിയുടെ സാന്നിദ്ധ്യം ഉറപ്പിച്ചു.
ഒന്‍പത് മണിയോടെയാണ് ഗോവിന്ദച്ചാമിയെ നാട്ടുകാര്‍ കണ്ടത്. ഇതേ സമയത്താണ് പൊലീസ് നായയെ വച്ച് പരിശോധന നടക്കുന്നതും. ജയില്‍ പരിസരത്തു നിന്നും മണം പിടിച്ച നായ കണ്ണൂര്‍ ടൗണ്‍ ഭാഗത്തേക്കാണ് ഓടിയത്. ഡിസിസി ഓഫിസിന്റെ സമീപത്തായാണ് നായയും എത്തിയത്. ഇതോടെ ഈ പരിസരത്തു തന്നെ ഗോവിന്ദച്ചാമിയുണ്ടെന്ന് ഉറപ്പിച്ചു. പൊലീസും ജയില്‍ അധികൃതരും ഇവിടം കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചു.
ഗോവിന്ദച്ചാമി തലയില്‍ വച്ചുകൊണ്ടുവന്ന കെട്ട് കാട്ടില്‍ നിന്ന് കിട്ടിയതോടെ തിരച്ചില്‍ ഊര്‍ജിതമാക്കി. കാടുപിടിച്ചു കിടക്കുന്ന, നിരവധി ഒഴിഞ്ഞ കെട്ടിടങ്ങളുണ്ടായിരുന്ന സ്ഥലത്തേക്കാണ് ഗോവിന്ദച്ചാമി കയറിയത്. ഓരോ വീടിനു ചുറ്റും മതില്‍ക്കെട്ടുമുണ്ടായിരുന്നു. ഇതെല്ലാം ചാടിക്കടന്ന് നാട്ടുകാരും പൊലീസും വ്യാപക തിരച്ചില്‍ നടത്തി. സമീപത്തുണ്ടായിരുന്ന തോട്ടിലും കിണറുകളിലും പരിശോധിച്ചു. ഇതിനിടെയാണ് ഒരു കെട്ടിടത്തിന്റെ കിണറ്റില്‍ നിന്ന് സുരക്ഷാ ജീവനക്കാരനായ എം. ഉണ്ണികൃഷ്ണന്‍ ഗോവിന്ദച്ചാമിയെ കണ്ടെത്തുന്നത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ വലിച്ച് പുറത്തിട്ടു.
കിണറ്റില്‍ നിന്ന് ഗോവിന്ദച്ചാമിയെ വലിച്ചുകയറ്റാന്‍ നാട്ടുകാരുമുണ്ടായിരുന്നു. കരയ്ക്കു കയറ്റിയതോടെ നാട്ടുകാര്‍ ഗോവിന്ദച്ചാമിക്കുനേരെ തിരിഞ്ഞു. പൊലീസ് അടുത്തുണ്ടായിരുന്നതുകൊണ്ടുമാത്രമാണ് ഗോവിന്ദച്ചാമിക്ക് വലിയ പരുക്കേല്‍ക്കാതിരുന്നത്. അക്രമാസക്തരായ നാട്ടുകാരുടെ ഇടയില്‍ നിന്ന് ഒരുവിധത്തിലാണ് പൊലീസ് ഗോവിന്ദച്ചാമിയെ ജീപ്പില്‍ കയറ്റി കൊണ്ടുപോയത്. ഗോവിന്ദച്ചാമിയെ കയറ്റി ജീപ്പ് പാഞ്ഞുപോകുമ്പോള്‍ നാട്ടുകാര്‍ പൊലീസിനു അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യവും മുഴക്കി. അതിസുരക്ഷാ ജയിലില്‍നിന്ന് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് പുറത്തുചാടാനായെങ്കിലും ഗോവിന്ദച്ചാമിക്ക് നാട്ടുകാരുടെ ജാഗ്രത മറികടക്കാനായില്ല. പൊലീസ് ട്രെയിനിങ് സെന്ററിലേക്കാണ് ഗോവിന്ദച്ചാമിയെ ആദ്യം കൊണ്ടുപോയത്.
ഇന്ന് പുലര്‍ച്ചെ 4:30ക്ക് ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില്‍ ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപ്പെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടി എന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയത് അറിഞ്ഞത്.