ജമ്മു കശ്മീരില്‍ ഇന്ന് അടിയന്തര അവലോകന യോഗം; അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടുതല്‍ ഷെല്‍ട്ടറുകളും ഭക്ഷ്യസംഭരണവും ഒരുക്കും; കശ്മീരിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധി; അതിര്‍ത്തിയില്‍ കനത്ത ജാഗ്രത; പാക്കിസ്ഥാന്റെ തുടര്‍നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ

Update: 2025-05-08 02:59 GMT

ന്യൂഡല്‍ഹി: 'ഓപ്പറേഷന്‍ സിന്ദൂര്‍'ന് പിന്നാലെ പാക്കിസ്ഥാന്റെ പ്രത്യാക്രമണ സാധ്യതയെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ഇന്ത്യ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ശത്രുതാപൂര്‍ണ നീക്കങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സേനയുടെ എല്ലാ യൂണിറ്റുകളുമായും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി നിരന്തരമായി സമ്പര്‍ക്കത്തില്‍ കഴിയുകയാണ്.

നിയന്ത്രണരേഖയില്‍ സിവിലിയന്‍മാരെ ലക്ഷ്യമിട്ട് പാക് സൈന്യം ശക്തമായ ഷെല്ലാക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നു ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശമണ് നല്‍കിയിരിക്കുന്നത്.

അതേസമയം, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അടിയന്തര അവലോകനയോഗം വിളിച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടുതല്‍ ഷെല്‍ട്ടറുകളും ഭക്ഷ്യസംഭരണവും ഒരുക്കണമെന്നു അദ്ദേഹം ഡെപ്യൂട്ടി കമ്മിഷണര്‍മാരെ ആവശ്യപ്പെട്ടു. അതിര്‍ത്തി ജില്ലകള്‍ക്ക് 5 കോടി രൂപയും മറ്റു ജില്ലകള്‍ക്ക് 2 കോടി രൂപയും അടിയന്തര സഹായമായി അനുവദിക്കും. സുരക്ഷാ സാഹചര്യത്തെ തുടര്‍ന്ന് കശ്മീരിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളവും അടച്ചിരിക്കുകയാണ്.

പാക് ഭീകരതയെ തുടര്‍ന്നുള്ള ഇന്ത്യയുടെ തിരിച്ചടിയായി ഉണ്ടായ 'ഓപ്പറേഷന്‍ സിന്ദൂര്‍' പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം ഇന്ന് വിളിച്ചു ചേര്‍ക്കും. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ ആഭ്യന്തര, പ്രതിരോധ മന്ത്രിമാരുടെ നേതൃത്വത്തിലായിരിക്കും ചര്‍ച്ചകള്‍. രാജ്യത്തിന്റെ സുരക്ഷാ സമീപനങ്ങള്‍, നയതന്ത്ര നീക്കങ്ങള്‍, പാകിസ്ഥാന്‍ തുടരുന്ന പ്രകോപനങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയാകും. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ സുരക്ഷയ്ക്ക് ഏത് ഘട്ടത്തിലും തയ്യാറായ നിലയിലാണ് ഇന്ത്യയുടെ സേനകള്‍ എത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Similar News