ആരെങ്കിലും ഉറങ്ങുന്ന സമയത്താണ് ഇങ്ങനെ കയറി വന്നിരുന്നെങ്കിലോ?; ഒന്നും നോക്കാതെ നല്ല ആഡംബര ഹോട്ടൽ തന്നെ ബുക്ക് ചെയ്ത ആ കുടുംബം; അത്താഴം കഴിക്കാൻ നേരം ആറ് വയസുകാരിയുടെ മുന്നിൽ ഭയപ്പെടുത്തുന്ന കാഴ്ച; അപരിചിതരുടെ വരവിൽ സംഭവിച്ചത്

Update: 2026-01-15 10:15 GMT

ജയ്പൂർ: ജയ്പൂരിലെ ഒരു പ്രമുഖ ആഡംബര ഹോട്ടലിൽ അതിഥികളുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ഗുരുതര ആരോപണവുമായി ഡെൽഹി സ്വദേശിനിയായ ജാൻവി ജെയിൻ രംഗത്ത്. ഹോട്ടൽ ജീവനക്കാർ യാതൊരു മുന്നറിയിപ്പുമില്ലാതെ മുറിയിൽ അതിക്രമിച്ച് കയറിയതിനെ തുടർന്ന് ആറ് വയസ്സുകാരിയായ തന്റെ സഹോദരപുത്രി ഭയന്ന് കരഞ്ഞുകൊണ്ട് പുറത്തേക്കോടുകയായിരുന്നുവെന്ന് യുവതി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

വിനോദയാത്രയ്ക്കിടെ ജയ്പൂരിലെ ഹോട്ടലിൽ താമസിക്കുമ്പോഴാണ് ജാൻവിയുടെ കുടുംബത്തിന് ദുരനുഭവം നേരിട്ടത്. മുറി വൃത്തിയാക്കാൻ ആവശ്യപ്പെടാതെയും യാതൊരു മുൻകൂർ അറിയിപ്പുമില്ലാതെയും ജീവനക്കാർ മുറിയിലേക്ക് കടന്നുകയറിയെന്നാണ് ജാൻവി ആരോപിക്കുന്നത്. ആറ് വയസ്സുകാരിയായ സഹോദരപുത്രി മുറിയിലേക്ക് ചെന്നപ്പോൾ നെയിം ബാഡ്ജുകളില്ലാത്ത രണ്ട് അപരിചിതരായ പുരുഷന്മാരെയാണ് കണ്ടതെന്നും, അവരെക്കണ്ട് ഭയന്ന് കുട്ടി കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നുവെന്നും ജാൻവി തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു.

"ആരെങ്കിലും കുളിക്കുകയോ വസ്ത്രം മാറിക്കൊണ്ടിരിക്കുകയോ അല്ലെങ്കിൽ ഉറങ്ങുകയോ ചെയ്യുന്ന സമയത്താണ് ഇവർ ഇത്തരത്തിൽ അകത്ത് കയറുന്നതെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഞങ്ങളുടെ വ്യക്തിപരമായ സാധനങ്ങൾ നഷ്ടപ്പെട്ടാലോ, മകൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാലോ ആര് ഉത്തരവാദിത്തം ഏൽക്കും?" എന്ന് ജാൻവി പോസ്റ്റിൽ ചോദിക്കുന്നു.

കുടുംബം അത്താഴം കഴിക്കാൻ പുറത്തേക്ക് പോകാൻ തയ്യാറെടുക്കുകയാണെന്ന് ഹോട്ടൽ അധികൃതർക്ക് അറിയാമായിരുന്നിട്ടും, ആ സമയം നോക്കി മുറിയിൽ പ്രവേശിച്ചത് സംശയാസ്പദമാണെന്നും അവർ ചൂണ്ടിക്കാട്ടി. കുട്ടി മുറിയിൽ തനിച്ചായിരുന്ന സമയത്ത് ഇവർ കയറുകയും എന്തെങ്കിലും ലൈംഗികാതിക്രമങ്ങൾ നടത്തുകയും ചെയ്തിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന ഭയവും ജാൻവി പങ്കുവെച്ചു.

സംഭവത്തെ തുടർന്ന് കുടുംബം ഹോട്ടലിലെ സെക്യൂരിറ്റി സൂപ്പർവൈസറോടും ജീവനക്കാരോടും വിശദീകരണം തേടിയെങ്കിലും അവ്യക്തമായ മറുപടിയാണ് ലഭിച്ചത്. മുറിയിൽ കയറിയത് ആരൊക്കെയാണെന്നോ എന്തിനാണെന്നോ വെളിപ്പെടുത്താൻ ഹോട്ടൽ അധികൃതർ തയ്യാറായില്ല.

സിസിടിവി ദൃശ്യങ്ങൾ കാണിക്കാനും അവർ വിസമ്മതിച്ചതായി ജാൻവി പറയുന്നു. അതിഥികളുടെ സ്വകാര്യതയിലേക്കുള്ള ഈ കടന്നുകയറ്റം ഒരു ആഡംബര ഹോട്ടലിൽ നിന്ന് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ജാൻവി തന്റെ കുറിപ്പിൽ പറഞ്ഞു. ഹോട്ടൽ ജനറൽ മാനേജരുടെ പ്രതികരണം തങ്ങളെ കൂടുതൽ പ്രകോപിതരാക്കിയെന്നും യുവതി കൂട്ടിച്ചേർത്തു.

Tags:    

Similar News