ഛത്തീസ്ഗഢിലെ ഗ്രാമങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബോര്‍ഡ് വെച്ച സംഭവം; വര്‍ഗീയതയുടെ പുതിയ രഥയാത്രയെന്ന് സീറോ മലബാര്‍ സഭ; ഒരു വിഭാഗത്തെ രണ്ടാംതരം പൗരന്‍മാരാക്കി മാറ്റുന്ന നടപടി; 'ഒടുവില്‍, അവര്‍ നിങ്ങളെ തേടിയെത്തി' എന്നു പറയുന്ന തീവ്രവാദികളുടെ പ്രലോഭനങ്ങള്‍ക്ക് ചെവികൊടുക്കരുതെന്നും സഭയുടെ വിമര്‍ശനം
വര്‍ഗീയതയുടെ പുതിയ രഥയാത്രയെന്ന് സീറോ മലബാര്‍ സഭ;
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളില്‍ പാസ്റ്റര്‍മാരെയും പരിവര്‍ത്തിത ക്രിസ്തുമത വിശ്വാസികളെയും വിലക്കി ബോര്‍ഡുകള്‍ സ്ഥാപിച്ച സംഭവത്തില്‍ പ്രതിഷേധവുമായ സീറോ മലബാര്‍ സഭ രംഗത്ത്. ഈ ബോര്‍ഡ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കാന്‍ ഛത്തിസ്ഗഡ് ഹൈക്കോടതി വിസമ്മതിക്കുക കൂടി ചെയ്ത പശ്ചാത്തലത്തിലാണ് സഭ വിമര്‍ശനവുമായി രംഗത്തുവന്നത്.
ബോര്‍ഡ് വെച്ച സംഭവം വര്‍ഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കമെന്ന് സീറോ മലബാര്‍ സഭ വിമര്‍ശിച്ചത്. ഒരു വിഭാഗത്തെ രണ്ടാംതരം പൗരന്‍മാരാക്കി മാറ്റുന്ന നടപടിയാണിതെന്നും സഭയുടെ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു. 'വിഭജനത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ വിഭജനപരമായ അതിര്‍ത്തിയാണിത്. ഇത് കോടതി അംഗീകരിച്ചതോടെ ഹിന്ദുത്വ ശക്തികള്‍ അസഹിഷ്ണുതയുടെ പുതിയ പരീക്ഷണം കൂടി ആരംഭിച്ചിരിക്കുന്നു. ഹൈകോടതി നടപടി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും. ഇന്ത്യയെ മതേതരമായി നിലനിര്‍ത്തുന്നതിന് ഹിന്ദുത്വ അധിനിവേശത്തിനെതിരായ ഈ പോരാട്ടം മറ്റ് വര്‍ഗീയതയുമായോ തീവ്രവാദങ്ങളുമായോ താരതമ്യം ചെയ്തുകൊണ്ടോ അല്ലെങ്കില്‍ 'വിശുദ്ധ നിശ്ശബ്ദത' പാലിച്ചുകൊണ്ടോ ആകരുത്.
'ഒടുവില്‍, അവര്‍ നിങ്ങളെ തേടിയെത്തി' എന്ന ഫാഷിസ്റ്റ് വിരുദ്ധ വാക്കുകള്‍ ദുരുപയോഗം ചെയ്യുന്ന വര്‍ഗീയ, തീവ്രവാദികളുടെ പ്രലോഭനങ്ങള്‍ക്ക് നാം ചെവികൊടുക്കരുത്. ഈ പോരാട്ടം ഏതെങ്കിലും തരത്തിലുള്ള മതഭ്രാന്തുമായി സഖ്യത്തിലായിരിക്കരുത്. അത് പൗരാവകാശങ്ങളുടെ മാഗ്‌ന കാര്‍ട്ടയായ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് മാത്രമേ നടത്താവൂ' -പ്രസ്താവനയില്‍ പറഞ്ഞു.
സീറോമലബാര്‍ സഭയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം ഇങ്ങനെ:
ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളില്‍, പാസ്റ്റര്‍മാരെയും മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികളെയും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന സൈന്‍ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട് - കോടതി ഇപ്പോള്‍ ഈ നീക്കത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഒരു കൂട്ടം ആളുകളെ രണ്ടാം തരം പൗരന്മാരായി അടയാളപ്പെടുത്തുന്ന ആ സൈന്‍ബോര്‍ഡാണ് വിഭജനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ വിവേചനം. മതേതര ഇന്ത്യയില്‍, ഹിന്ദുത്വ ശക്തികള്‍ മതപരമായ വിവേചനത്തിലും ആക്രമണാത്മക അസഹിഷ്ണുതയിലും മറ്റൊരു പരീക്ഷണം വിജയകരമായി ആരംഭിച്ചു. ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളില്‍ പാസ്റ്റര്‍മാരെയും മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികളെയും നിരോധിക്കുന്ന ഈ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലൂടെ, സ്ഥാപനവല്‍ക്കരിക്കപ്പെട്ട വര്‍ഗീയതയുടെ ഒരു പുതിയ രഥയാത്രയ്ക്ക് തുടക്കമിട്ടിരിക്കുന്നു.
ഇതിനെതിരായ ഹര്‍ജി തള്ളിയ ഹൈക്കോടതി, പ്രസ്തുത ബോര്‍ഡ് ഭരണഘടനാ വിരുദ്ധമല്ലെന്ന് വിധിച്ചു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തുന്ന കൊലയാളികള്‍, ദലിതരെയും ആദിവാസികളെയും പീഡിപ്പിക്കുന്നവര്‍, 'ഘര്‍ വാപസി' വഴി മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നവര്‍ എന്നിവരെ വിലക്കാത്ത രാജ്യത്ത്, ഈ വിധി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യണം.
ഇന്ത്യയെ മതേതരമായി നിലനിര്‍ത്തുന്നതിന് ഹിന്ദുത്വ അധിനിവേശത്തിനെതിരായ ഈ പോരാട്ടം മറ്റ് വര്‍ഗീയതയുമായോ തീവ്രവാദങ്ങളുമായോ താരതമ്യം ചെയ്തുകൊണ്ടോ അല്ലെങ്കില്‍ 'വിശുദ്ധ നിശ്ശബ്ദത' പാലിച്ചുകൊണ്ടോ ആകരുത്. 'ഒടുവില്‍, അവര്‍ നിങ്ങളെ തേടിയെത്തി' എന്ന ഫാഷിസ്റ്റ് വിരുദ്ധ വാക്കുകള്‍ ദുരുപയോഗം ചെയ്യുന്ന വര്‍ഗീയ, തീവ്രവാദികളുടെ പ്രലോഭനങ്ങള്‍ക്ക് നാം ചെവികൊടുക്കരുത്. ഈ പോരാട്ടം ഏതെങ്കിലും തരത്തിലുള്ള മതഭ്രാന്തുമായി സഖ്യത്തിലായിരിക്കരുത്. അത് പൗരാവകാശങ്ങളുടെ മാഗ്‌ന കാര്‍ട്ടയായ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് മാത്രമേ നടത്താവൂ'
ഛത്തീസ്ഗഢിലെ ഗ്രാമങ്ങളില്‍ 'ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ക്കും മതംമാറിയ ക്രിസ്ത്യാനികള്‍ക്കും പ്രവേശനമില്ല' എന്ന് എഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ നല്‍കിയ ഹരജിയാണ് കഴിഞ്ഞദിവസം ഹൈകോടതി തള്ളിയത്. നിര്‍ബന്ധിത മതംമാറ്റം തടയാന്‍ ഗ്രാമസഭയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ഇവ ഭരണഘടനാവിരുദ്ധമല്ലെന്നായിരുന്നു ഹൈകോടതിയുടെ കണ്ടെത്തല്‍. മതപരിവര്‍ത്തനത്തിന് എതിരെ കടുത്ത വിമര്‍ശനവും വിധിയിലുണ്ടായിരുന്നു.
പാസ്റ്റര്‍മാര്‍ക്കും മതം മാറിയ ക്രിസ്ത്യാനികള്‍ക്കും പ്രവേശനം വിലക്കി എട്ട് ഗ്രാമങ്ങളില്‍ സ്ഥാപിച്ച ഹോര്‍ഡിങ്ങുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തീര്‍പ്പാക്കിയത്. എന്നാല്‍, പ്രലോഭിപ്പിച്ചും വഞ്ചിച്ചും നിര്‍ബന്ധിതമായി മതംമാറ്റുന്നത് തടയാനാണ് ഈ ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് രമേശ് സിന്‍ഹ, ജസ്റ്റിസ് ബിഭു ദത്ത ഗുരു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഒക്ടോബര്‍ 28നാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തദ്ദേശീയരായ ഗോത്രവര്‍ഗക്കാരുടെയും പ്രാദേശിക സാംസ്‌കാരിക പൈതൃകത്തിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് ബന്ധപ്പെട്ട ഗ്രാമസഭകള്‍ ഈ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചതെന്ന് ഉത്തരവില്‍ കോടതി നിരീക്ഷിച്ചു.
ക്രിസ്ത്യന്‍ സമൂഹത്തെയും മത നേതാക്കളെയും മുഖ്യധാരയില്‍ നിന്ന് വേര്‍തിരിച്ച് ഊരുവിലക്കുന്ന ഇത്തരം ബോര്‍ഡുകള്‍ക്കെതിരെ കാങ്കര്‍ സ്വദേശിയായ ദിഗ്ബല്‍ താണ്ടി എന്നയാളാണ് റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. പഞ്ചായത്ത് വകുപ്പിന്റെ നിര്‍ദേശപ്രകാരം 'നമ്മുടെ പാരമ്പര്യം, നമ്മുടെ പൈതൃകം' എന്ന പേരില്‍ പ്രമേയം പാസാക്കാന്‍ ജില്ലാ പഞ്ചായത്ത്, ജന്‍പഥ് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും, പാസ്റ്റര്‍മാരുടെയും മതം മാറിയ ക്രിസ്ത്യാനികളുടെയും പ്രവേശനം ഗ്രാമത്തില്‍ നിരോധിക്കുക എന്നതായിരുന്നു ഈ സര്‍ക്കുലറിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിസ്ത്യന്‍ ന്യൂനപക്ഷ സമുദായത്തില്‍ ഭയമുണ്ടാക്കുന്ന വിധത്തില്‍ കാങ്കര്‍ ജില്ലയില്‍ മാത്രം കുറഞ്ഞത് എട്ട് ഗ്രാമങ്ങളില്‍ ഊരുവിലക്ക് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
1996-ലെ പഞ്ചായത്ത് നിയമത്തിലെ വ്യവസ്ഥകള്‍ ക്രിസ്ത്യന്‍ സമുദായത്തിനെതിരെ മതപരമായ വിദ്വേഷം പ്രചരിപ്പിക്കാന്‍ ദുരുപയോഗം ചെയ്തുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, പ്രാദേശിക സാംസ്‌കാരിക പൈതൃകം, ആരാധനാ കേന്ദ്രങ്ങള്‍, സാമൂഹിക ആചാരങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ പെസ നിയമം ഗ്രാമസഭക്ക് അധികാരം നല്‍കുന്നുണ്ടെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ (എഎജി) വൈ.എസ്. താക്കൂര്‍ വാദിച്ചു.
ഗോത്രവര്‍ഗക്കാരെ നിയമവിരുദ്ധമായി മതപരിവര്‍ത്തനം ചെയ്യുന്നതിനായി ഗ്രാമത്തില്‍ പ്രവേശിക്കുന്ന മറ്റ് ഗ്രാമങ്ങളിലെ ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ക്ക് മാത്രമായി നിരോധനം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.
