ഭാര്യയ്ക്ക് തെരുവുനായ്ക്കളോട് അമിത സ്നേഹം; കിടക്കയിൽ നിന്ന് നായയെ മാറ്റാൻ ശ്രമിച്ചപ്പോൾ കടിയേറ്റു; പൊതുസമൂഹത്തിലെ മാന്യത നഷ്ടപ്പെട്ടു; ജീവിക്കാനുള്ള ആഗ്രഹം തന്നെ ഇല്ലാതായി; മാനസ്സിക സമ്മർദ്ദം ലൈംഗിക ശേഷി ഇല്ലാതാക്കി; വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് ഹൈക്കോടതിയിൽ

Update: 2025-11-13 15:58 GMT

അഹമ്മദാബാദ്: തെരുവുനായ്ക്കളോടുള്ള ഭാര്യയുടെ അമിതമായ സ്നേഹം കാരണം ദാമ്പത്യം തകർന്നുവെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ച് ഭർത്താവ്. 41 വയസ്സുള്ള ഗുജറാത്ത് സ്വദേശിയാണ് വിവാഹ മോചനം ആവശ്യപ്പെട്ട് നിയപോരാട്ടം നടത്തുന്നത്. ഭാര്യ വീട്ടിൽ തെരുവുനായ്ക്കളെ വളർത്തുന്നത് കാരണം തൻ്റെ പൊതുസമൂഹത്തിലെ മാന്യത നഷ്ടപ്പെട്ടെന്നും, ജീവിക്കാനുള്ള ആഗ്രഹം ഇല്ലാതായെന്നും കാണിച്ചാണ് ഇയാൾ വിവാഹമോചനം ആവശ്യപ്പെട്ടത്.

2006-ൽ വിവാഹിതരായ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തത് താമസിക്കുന്ന സ്ഥലത്തെ നിയമങ്ങൾ ലംഘിച്ച് ഭാര്യ തെരുവുനായയെ വീട്ടിൽ കൊണ്ടുവന്നതോടെയാണ്. പിന്നീട് വീട് നായ്ക്കളുടെ താവളമായി മാറിയെന്നും, അവരെ ശുശ്രൂഷിക്കാനും വൃത്തിയാക്കാനും ഭാര്യ നിർബന്ധിച്ചതായും ഭർത്താവ് ആരോപിച്ചു. ഒരു ഘട്ടത്തിൽ, കിടക്കയിൽ നിന്ന് നായയെ മാറ്റാൻ ശ്രമിച്ചപ്പോൾ തനിക്ക് കടിയേറ്റെന്നും അയാൾ പറഞ്ഞു. വീട്ടിലെ നായ്ക്കളുടെ എണ്ണം വർധിച്ചതോടെ അയൽക്കാരുമായി വഴക്കുകളുണ്ടാവുകയും ഇത് പൊലീസ് കേസിലേക്ക് വരെ എത്തുകയും ചെയ്തു.

ഭാര്യ മൃഗാവകാശ ഗ്രൂപ്പിൽ സജീവമായിരുന്നെന്നും, മറ്റുള്ളവർക്കെതിരെ കേസുകൾ നൽകുമ്പോൾ തന്നെ പൊലീസ് സ്റ്റേഷനുകളിൽ ഒപ്പം വരാൻ നിർബന്ധിച്ചതായും ഭർത്താവ് വെളിപ്പെടുത്തി. ഇത് തന്നെ മാനസികമായും ശാരീരികമായും തളർത്തിയെന്നും, ലൈംഗിക ശേഷിയെ ഇത് ഇല്ലാതാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഒരിക്കൽ ഭാര്യ ഒരു റേഡിയോ ജോക്കിയുമായി ചേർന്ന് തനിക്ക് വ്യാജ ബന്ധമുണ്ടെന്ന് പറഞ്ഞ് പ്രാങ്ക് കോൾ ചെയ്യിപ്പിച്ചതായും, ഇത് ജോലിസ്ഥലത്തും നാട്ടിലും വലിയ നാണക്കേടുണ്ടാക്കിയെന്നും ഭർത്താവ് പറയുന്നു.

2017-ൽ അഹമ്മദാബാദ് കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയെങ്കിലും, ഭർത്താവാണ് ഉപേക്ഷിച്ചതെന്നും മൃഗക്ഷേമ പ്രവർത്തനങ്ങളിൽ തന്നെ ഉൾപ്പെടുത്തിയത് അദ്ദേഹമാണെന്നും വാദിച്ച ഭാര്യയെ അനുകൂലിച്ച കോടതി, നായകളുമായി ഭർത്താവ് സ്നേഹത്തോടെ ഇടപഴകുന്ന ചിത്രങ്ങളും ഹാജരാക്കി. ക്രൂരത തെളിയിക്കാൻ സാധിക്കാത്തതിനാലും, പ്രാങ്ക് കോൾ വിവാഹമോചനത്തിന് മതിയായ കാരണമല്ലെന്ന് കണ്ടതിനാലും 2024 ഫെബ്രുവരിയിൽ കുടുംബ കോടതി ഹർജി തള്ളി. ഇതിനെതിരെയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഡിസംബർ 1-ന് വീണ്ടും പരിഗണിക്കും.

Tags:    

Similar News