കേരളത്തില്‍ തുടരാന്‍ ഐ.എ.എസുകാരില്ല; സംസ്ഥാന ഭരണം പ്രതിസന്ധിയില്‍; 231 പേര്‍ക്കു പകരമുള്ളത് 48 പേര്‍ മാത്രം; നിലവിലെ സ്ഥിതി കേരള ചരിത്രത്തില്‍ ആദ്യമായി; അധിക ചുമതലകള്‍ ഇനി താങ്ങാനാവില്ലെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍; രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിയന്ത്രിക്കണമെന്ന് മറുപടി മാത്രം നല്‍കി സര്‍ക്കാര്‍

കേരളത്തില്‍ തുടരാന്‍ ഐ.എ.എസുകാരില്ല

Update: 2025-10-22 09:42 GMT

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രതീക്ഷിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭരണരംഗത്ത് മടി തുടരുന്നതിനിടെ, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കുറവും സംസ്ഥാന ഭരണത്തെ പ്രതിസന്ധിയിലാക്കുന്നു. ചട്ടപ്രകാരം 231 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കേരളത്തിന് ആവശ്യമാണ്. എന്നാല്‍, നിലവിലുള്ള 126 പേരില്‍ 78 പേരുടെ കുറവാണുള്ളത്. അതായത്, 231 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ആവശ്യമുള്ള കേരളത്തില്‍ ഇപ്പോഴുള്ളത് 48 പേര്‍ മാത്രമാണ്.

കേരള ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഐ.എ.എസുകാരുടെ കുറവ് സംസ്ഥാനത്തുണ്ടാകുന്നത്. അധിക ചുമതലകള്‍ ഇനി താങ്ങാനാവില്ലെന്നും പ്രതിസന്ധി പരിഹരിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ഐ.എ.എസ് ഉദ്യോഗസ്ഥര്‍. എന്നാല്‍, കൃത്യമായ മറുപടി നല്‍കാതെ, രാഷ്ട്രീയ താല്‍പര്യങ്ങളും ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരികളുമെല്ലാം ഇതിനു കാരണമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍.

സംസ്ഥാനത്ത് 231 ഐഎഎസ് ഉദ്യോഗസ്ഥര്‍ വേണമെങ്കിലും നിലവില്‍ 126 പേര്‍ മാത്രമാണുള്ളത്. അതില്‍ നിന്നും ചിലര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലും ഉന്നത പഠനത്തിനും അവധിയിലും പോയതോടെയാണ് 78 പേരുടെ കുറവുണ്ടായത്. നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അഞ്ചും ആറും വകുപ്പുകളുടെ ചുമതലയാണുള്ളത്. വിവിധ വകുപ്പുകള്‍ ഒരേസമയം നോക്കുന്നതിനാല്‍ ഒന്നിലും പൂര്‍ണ്ണമായ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉദ്യോഗസ്ഥര്‍ക്കാകില്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അലസതയിലാണ്.

തങ്ങളുടെ അധിക ജോലിഭാരവും ഭരണരംഗത്തെ പ്രശ്നങ്ങളും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍, ഇത് സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടില്ലെന്ന പരാതിയും ഐ.എ.എസുകാര്‍ക്കുണ്ട്. പ്രശ്നം പരിഹരിക്കുന്നതിനു പകരം ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോര് ചൂണ്ടിക്കാട്ടുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ പരാതിപ്പെടുന്നു.

മുപ്പതിലധികം ഐ.എ.എസുകാരാണ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയിട്ടുള്ളത്. കേന്ദ്രാനുമതി ലഭിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലെന്നതു കൊണ്ടും ഈ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ഉദ്യോഗസ്ഥ ക്ഷാമത്തിന് പുറമേയുള്ള ചേരിപ്പോരും ഭരണരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്് കേരളത്തിലെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നിലവില്‍ രണ്ടു ചേരികളാാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. ഈ വിഷയത്തില്‍ ഭരണപരമായ ഏകോപനം സാധ്യമാക്കാന്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന് കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനെല്ലാം പുറമേയാണ് മാസങ്ങളായി സസ്പെന്‍ഷനില്‍ കഴിയുന്ന എന്‍. പ്രശാന്ത് ഐ.എ.എസുകാര്‍ക്കും സര്‍ക്കാരിനും എതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍.

സര്‍ക്കാരിന് താല്‍പര്യമില്ലാത്ത പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോകും ഭരണ നിലപാടിനെതിരെയാണ്. അതിനാല്‍ തുടരെത്തുടരെയുള്ള സ്ഥലം മാറ്റത്തിനാണ് ബി. അശോക് വിധേയനാകുന്നത്. എന്നാല്‍, ഇതിനെതിരെ അശോക് നിയമപരമായി കേസ് നല്‍കുകയും സ്ഥലം മാറ്റ ഉത്തരവുകള്‍ റദ്ദാക്കുകയും ചെയ്യുകയാണ്. ഈ വര്‍ഷം കേരള കേഡറിലെ നിരവധി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വിരമിച്ചിരുന്നു. ചീഫ് സെക്രട്ടറിയായിരുന്ന ശാരദ മുരളീധരന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്.ശ്രീനിവാസന്‍, ഇഷിത റോയി, റാണി ജോര്‍ജ്, ബിജു പ്രഭാകര്‍ എന്നിവര്‍ ഈ വര്‍ഷം വിരമിച്ചിരുന്നു. ഇവര്‍ക്കെല്ലാം മൂന്നും നാലും വകുപ്പുകളുടെ ചുമതലയുണ്ടായിരുന്നു. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ ഇവര്‍ക്കു പകരം കാര്യശേഷിയുള്ളവര്‍ വകുപ്പ് ഭരണത്തിന് എത്തിയിട്ടില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.

Tags:    

Similar News