ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കിയ ലഹരിക്ക് അടിമയായ മകന്‍! ലഹരിയ്ക്ക് നിരന്തരം പണം ആവശ്യപ്പെട്ടു; അമ്മയുടെ പേരിലെ വസ്തു വില്‍ക്കാത്തത് പ്രതികാരം കൂട്ടി; മുമ്പ് കൊല്ലാന്‍ ശ്രമിച്ചത് രണ്ടു തവണ; മസ്തിഷ്‌കാര്‍ബുദം വന്നിട്ടും സുബൈദയെ ആഷിഖ് വെറുതെ വിട്ടില്ല; ഇരിങ്ങാപ്പുഴയില്‍ സംഭവിച്ചത്

Update: 2025-01-19 08:58 GMT

കോഴിക്കോട്: താമരശ്ശേരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ആഷിഖ് നേരത്തെ രണ്ട് തവണ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി താമരശ്ശേരി സിഐ അറിയിച്ചു. പണത്തിനും സ്വത്തിനും വേണ്ടിയായിരുന്നു ഇതെല്ലാം. ആഷിഖ് അമ്മയോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. അതുപോലെ തന്നെ അമ്മയുടെ പേരില്‍ ഉള്ള സ്ഥലം വില്‍ക്കുവാനും ആവശ്യപ്പെട്ടിരുന്നു. ഇതിന് അമ്മ വഴങ്ങിയില്ല. ഇതാണ് കൊലയ്ക്ക് പിന്നിലെ പ്രതികാരമെന്നാണ് സൂചന. അമ്മയെ കൊല്ലണമെന്ന് ചിലരോട് പറഞ്ഞിരുന്നെന്നും പോലീസ് വ്യക്തമാക്കി.

കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കും. അമ്മയെ കൊലപ്പെടുത്തിയതില്‍ യാതൊരു കുറ്റബോധമോ കൂസലോ ഇല്ലാതെയായിരുന്നു പ്രതിയുടെ പ്രതികരണം. വൈദ്യപരിശോധനക്കെത്തിച്ചപ്പോഴും പ്രതി അഞ്ചലനായിരുന്നു. ലഹരി ഉപയോഗം വൈദ്യ പരിശോധനയില്‍ തെളിയും. ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കി എന്നാണ് ഇന്നലെ കൊലപാതകത്തിന് ശേഷമുള്ള മകന്റെ പ്രതികരണമെന്ന് നാട്ടുകാര്‍ പറയുന്നു.

താമരശ്ശേരി ഇരിങ്ങാപ്പുഴയ്ക്ക് സമീപം ചോഴിയോട് ഇന്നലെയാണ് നാടിനെ നടുക്കിയ ക്രൂരകൊലപാതകം നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയായിരുന്ന സുബൈദയെ തൊട്ടടുത്ത വീട്ടില്‍ നിന്ന് ആയുധം വാങ്ങിയാണ് ആഷിഖ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം വീട്ടില്‍ ഒളിച്ചിരുന്ന ആഷിഖിനെ നാട്ടുകാരാണ് പൊലീസില്‍ ഏല്‍പിച്ചത്. സുബൈദയുടെ സഹോദരി സക്കീനയുടെ ചോയിയോട്ടെ വീട്ടില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം.

മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. അടുത്ത വീട്ടില്‍ നിന്നും കൊടുവാള്‍ ചോദിച്ച് വാങ്ങിയ ശേഷം വീട്ടിനകത്ത് കയറി സുബൈദയെ ആഷിഖ് വെട്ടിക്കൊല്ലുകയായിരുന്നു. കഴുത്തിന് പല തവണ മാരകമായി വെട്ടുകളേറ്റ സുബൈദ തത്ക്ഷണം മരിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രതിയെ കെട്ടിയിട്ട് താമരശ്ശേരി പോലീസിലേല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി സഹോദരിക്കൊപ്പമാണ് സുബൈദയും മകന്‍ ആഷിഖും കഴിയുന്നത്. പ്ലസ്ടുവിന് ശേഷം ഓട്ടോ മൊബൈല്‍ കോഴ്സ് പഠിക്കാന്‍ ആഷിഖിനെ ചേര്‍ത്തിരുന്നു. കോളേജില്‍ ചേര്‍ന്ന ശേഷം ആഷിഖ് മയക്കുമരുന്നിന് അടിമയായി. അന്ന് മുതല്‍ സുബൈദയ്ക്ക് പ്രതിസന്ധിയും തുടങ്ങി.

മയക്ക് മരുന്നിന് അടിമയായ ആഷിഖ് ഇടയ്ക്ക് വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കാറുണ്ടായിരുന്നു. ഒരു തവണ നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിക്കുകയും ചെയ്തും. പിന്നീട് ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഒരാഴ്ച മുമ്പ് ബെംഗളൂരുവില്‍ നിന്നെത്തിയ ആഷിഖ് നാലുദിവസം മുമ്പ് കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയിലാണ് മടങ്ങിയെത്തിയത്. ഈ ഘട്ടത്തില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ശനിയാഴ്ച സക്കീന ജോലിക്കായി പുറത്തുപോയിരുന്നു. ആ സമയത്തായിരുന്നു കൊല.

Similar News