ഹോസ്റ്റലിലെ നഴ്‌സുമാരെ ഗൂണ്ടകളെ വിട്ടുഭീഷണിപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുന്നു; ഷിഫ്റ്റ് കഴിഞ്ഞിട്ടും ഡ്യൂട്ടിയില്‍ തുടരാന്‍ നിര്‍ബ്ബന്ധിക്കുന്നു; പൊലീസ് കേസ് ഭീതി: ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നഴ്സുമാരുടെ വന്‍ പ്രതിഷേധം; ഏത് കൊമ്പനെയും നേരിടുമെന്ന് ജാസ്മിന്‍ ഷാ; വെള്ളക്കോട്ടുകളെ വിറപ്പിക്കാന്‍ നോക്കേണ്ടെന്ന് യുഎന്‍എ
ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നഴ്സുമാരുടെ വന്‍ പ്രതിഷേധം
കൊച്ചി: അടിസ്ഥാന ശമ്പളം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നഴ്സുമാര്‍ നടത്തിവരുന്ന സമരം പുതിയ തലത്തിലേക്ക്. ന്യായമായ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന നഴ്സുമാരെ മാനേജ്മെന്റ് ഭീഷണിപ്പെടുത്തി ജോലി ചെയ്യിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആശുപത്രി കവാടത്തില്‍ വന്‍പ്രതിഷേധമാണ് അരങ്ങേറിയത്.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (UNA) ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ നേരിട്ട് സമരരംഗത്തിറങ്ങിയതോടെ മാനേജ്മെന്റ് പ്രതിരോധത്തിലായിരിക്കുകയാണ്. ന്യായമായ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാരെ മാനേജ്മെന്റ് ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.
മാനേജ്മെന്റ് ഗുണ്ടായിസമെന്ന് പരാതി
അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഉറച്ച നിലപാടിലാണ് നഴ്സുമാര്‍. എന്നാല്‍, സമരം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാനാണ് ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നത്. നഴ്സുമാരുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള മാനേജ്മെന്റിന്റെ ഈ നീക്കം പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ കാരണമായി.
ഹോസ്റ്റലില്‍ കഴിയുന്ന നഴ്സുമാരെ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി ബസ്സില്‍ കയറ്റി ആശുപത്രിയിലേക്ക് എത്തിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. ഷിഫ്റ്റ് കഴിഞ്ഞിട്ടും നഴ്സുമാരെ ഡ്യൂട്ടിയില്‍ തുടരാന്‍ നിര്‍ബന്ധിക്കുന്നതായും, വിസമ്മതിക്കുന്നവരെ പോലീസ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും നഴ്സുമാര്‍ ആരോപിക്കുന്നു.
1333 രൂപ കുറഞ്ഞ വേതനം
പ്രതിദിനം 1333 രൂപ വേതനം ഉറപ്പാക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുഎന്‍എ പ്രഖ്യാപിച്ചു. വന്‍കിട കോര്‍പ്പറേറ്റ് ആശുപത്രികള്‍ ലാഭം കൊയ്യുമ്പോഴും നഴ്സുമാരെ അടിമപ്പണി ചെയ്യിക്കുന്നു എന്നാണ് സംഘടനയുടെ നിലപാട്. 'അടിയും ഇടിയും ചോര ചിന്തിയും വളര്‍ന്ന പ്രസ്ഥാനമാണ് യുഎന്‍എ' എന്ന് പ്രഖ്യാപിച്ചുകൊണ്ട്, മാനേജ്മെന്റിന്റെ ഏത് തരം ക്വട്ടേഷന്‍ നീക്കങ്ങളെയും നേരിടുമെന്ന് ജാസ്മിന്‍ ഷാ വ്യക്തമാക്കി.
സമരത്തിന്റെ നാള്‍വഴി
ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും മാനേജ്മെന്റ് ചര്‍ച്ചകള്‍ക്ക് തയ്യാറായില്ല. ഇതോടെ. നഴ്സുമാര്‍ ജോലി ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. തൃശൂരിലെ പ്രമുഖ ആശുപത്രികള്‍ നഴ്സുമാരുടെ ശമ്പള വര്‍ദ്ധനവ് അംഗീകരിച്ചിട്ടും, ആസ്റ്റര്‍ പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ ഇതിന് തയ്യാറാകാത്തതാണ് സ്ഥിതി വഷളാക്കിയത്. നഴ്സുമാരുടെ മനോവീര്യം തകര്‍ക്കാന്‍ നോക്കിയ മാനേജ്മെന്റ് നീക്കം തിരിച്ചടിക്കുകയാണ് ചെയ്തത്.
രാത്രിയിലും ആശുപത്രിക്ക് മുന്നില്‍ 'വെള്ളക്കോട്ടുകള്‍ക്ക് മനസ്സുണ്ട്' എന്ന മുദ്രാവാക്യവുമായി നൂറുകണക്കിന് നഴ്സുമാരാണ് നിലയുറപ്പിച്ചിരിക്കുന്നത്.'എത്ര വലിയ ക്വട്ടേഷന്‍ ടീമായാലും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. നഴ്സുമാരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാതെ ആസ്റ്ററില്‍ സമാധാനമുണ്ടാകില്ല.' ജാസ്മിന്‍ ഷാ വ്യക്തമാക്കി.
