അനുവാദമില്ലാതെ കരാര്‍ പുതുക്കി റഷ്യന്‍ സൈന്യം തന്നെ യുദ്ധമുഖത്തേക്ക് അയയ്ക്കുന്നു; എങ്ങനെയെങ്കിലും രക്ഷിക്കണം; തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശി ജെയിന്റെ വീഡിയോ സന്ദേശം; സഹായം അഭ്യര്‍ഥിച്ച് നാട്ടിലെ കുടുംബം
റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശി ജെയിന്റെ വീഡിയോ സന്ദേശം;
തൃശ്ശൂര്‍: യുക്രെയിനുമായുള്ള യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഷ്യയുടെ കൂലിപ്പട്ടാളത്തില്‍ പെട്ടുപോയ നിരവധി മലയാളി യുവാക്കളുടെ അനുഭവങ്ങള്‍ ഇതിനുമുമ്പ് പുറത്തുവന്നിരുന്നു. ഏറ്റവുമൊടുവില്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ തൃശൂര്‍ കുറാഞ്ചേരി സ്വദേശി സഹായം അഭ്യര്‍ഥിച്ച് വീഡിയോ സന്ദേശം അയച്ചിരിക്കുകയാണ്. തൊഴില്‍ തട്ടിപ്പിന് ഇരയായ ജെയിനാണ് സഹായം തേടിയത്.
കരാര്‍ കാലാവധി അവസാനിച്ചിട്ടും സൈന്യം സ്വയം കരാര്‍ പുതുക്കി വീണ്ടും തന്നെ യുദ്ധമുഖത്തേക്ക് അയക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ജെയിന്‍ പറയുന്നത്. പ്രധാനമന്ത്രിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇടപെട്ട് എങ്ങനെയെങ്കിലും തന്നെ നാട്ടിലെത്തിക്കണമെന്നും ജെയിന്‍ ആവശ്യപ്പെട്ടു
നേരത്തെ യുക്രെയിനിന്റെ ഡ്രോണാക്രമണത്തില്‍ പരിക്കേറ്റ ജെയിന്‍ മോസ്‌കോയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് ഇലക്ട്രീഷ്യന്‍ ജോലിക്കെന്ന പേരില്‍ ജെയിനും ബന്ധു ബിനിലും റഷ്യയിലേക്ക് പോയത്. ഏപ്രില്‍ 14 മുതല്‍ ഒരു വര്‍ഷത്തേക്കുള്ള കരാറിലായിരിക്കും ജോലിയെന്നായിരുന്നു ഏജന്റ് പറഞ്ഞത്, എന്നാല്‍ റഷ്യയിലെത്തിയതോടെ ഇവരെ റഷ്യന്‍ കൂലിപ്പട്ടാളത്തിലെത്തിക്കുകയായിരുന്നു. ഇതിനിടെ കൂടെ പോയ ബിനില്‍ ജനുവരി എട്ടാം തീയതി കൊല്ലപ്പെട്ടു, ജെയിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
അനുവാദമില്ലാതെ കരാര്‍ പുതുക്കുന്നു
പരിക്കേറ്റ ജെയിന്‍ അടുത്ത ദിവസം ആശുപത്രി വിടുമെങ്കിലും, തിരികെ നാട്ടിലേക്ക് എത്തുന്ന കാര്യം അനിശ്ചിതത്വത്തിലാണെന്ന് ജെയിന്റെ കുടുംബം പറയുന്നു. റഷ്യന്‍ സൈന്യവുമായുള്ള ഒരു വര്‍ഷത്തെ കരാര്‍ ഏപ്രില്‍ 14ന് അവസാനിച്ചു. തന്റെ അനുവാദമില്ലാതെ കരാര്‍ പുതുക്കാന്‍ സാധ്യത ഉണ്ടെന്ന് ജെയിന്‍ അറിയിച്ചതായി കുടുംബം പറയുന്നു. വീണ്ടും യുദ്ധഭൂമിയിലേക്ക് കൊണ്ടുപോകുമോ എന്ന് ആശങ്കയിലാണ്. തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജെയിന്‍ അഭ്യര്‍ത്ഥിക്കുന്നു.
മോസ്‌കോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജെയിനിന്റെ സന്ദേശം ഇന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. കൂടെ പോയ ബന്ധു ബിനിലിന്റെ മരണം ജെയിനാണ് സ്ഥിരീകരിച്ചത്. ബിനിലിന്റെ കുടുംബത്തെ അറിയിച്ചതും ജെയിനാണ്. തൊട്ടുപിന്നാലെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ജെയിനും പരിക്കേല്‍ക്കുകയായിരുന്നു.
കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലും ജെയിനും റഷ്യയിലേക്ക് പോയത്. അവിടുത്തെ മലയാളി ഏജന്റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്.