പാക് അടയാളങ്ങള്‍ പാലക്കാട് വേണ്ട! നഗരത്തിലെ ജിന്നാ സ്ട്രീറ്റിന്റെ പേര് മാറ്റണം; ചേറ്റൂര്‍ ശങ്കരന്‍ നായര്‍ റോഡ് എന്നാക്കണം; മുന്‍സിപ്പല്‍ കൗണ്‍സിലില്‍ അടിയന്തര പ്രമേയവുമായി ബിജെപി; ഭിന്നശേഷി കേന്ദ്രത്തിന് ഹെഡ്‌ഗേവാര്‍ എന്ന പേര് നല്‍കിയത് വിവാദമാകുമ്പോള്‍ ജിന്നാ സ്ട്രീറ്റിന്റെ പേരില്‍ ബിജെപിയുടെ ചെക്ക്..!

പാക് അടയാളങ്ങള്‍ പാലക്കാട് വേണ്ട! നഗരത്തിലെ ജിന്നാ സ്ട്രീറ്റിന്റെ പേര് മാറ്റണം

Update: 2025-04-30 10:16 GMT

പാലക്കാട്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ ജിന്നാ സ്ട്രീറ്റ് എന്ന സ്ഥലത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി. പകരം ചേറ്റൂര്‍ ശങ്കരന്‍ നായര്‍ റോഡ് എന്നാക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. കളിക്കാര സ്ട്രീറ്റ് എന്നറിയപ്പെട്ടിരുന്ന നഗരസഭാ പരിധിയിലെ മഞ്ഞക്കുളം റോഡ് മുതല്‍ വിത്തുണി വരെയുള്ള പ്രദേശമാണ് ജിന്നാ സ്ട്രീറ്റായി മാറിയത്.

ഭാരതത്തെ വെട്ടിമുറിച്ച് പാകിസ്ഥാന്‍ രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ മുഹമ്മദലി ജിന്നയുടെ പേരിട്ടത് കോണ്‍ഗ്രസ് ഭരണകാലത്താണ്. കോണ്‍ഗ്രസ് നഗരസഭ ഭരിച്ചിരുന്ന 1988ലാണ് കളിക്കാര സ്ട്രീറ്റ് എന്ന പേര് മാറ്റി ജിന്ന സ്ട്രീറ്റ് എന്നാക്കിയത്. അന്ന് ലീഗ് കൗണ്‍സിലറായിരുന്ന മൊയ്തുണ്ണി സാഹിബ് ആണ് ആ പേര് നിര്‍ദ്ദേശിച്ചത്.

പാലക്കാട് നഗരത്തിലെ ജിന്നാ സ്ട്രീറ്റിന്റെ പേരുമാറ്റാന്‍ ആവശ്യപ്പെട്ട് ബിജെപി നഗരസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബിജെപി കൗണ്‍സിലര്‍ ശശികുമാറാണ് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയത്. പാകിസ്താന്‍ അടയാളങ്ങള്‍ പാലക്കാട് വേണ്ടെന്നും ജിന്നാ സ്ട്രീറ്റ് എന്ന പേരുമാറ്റി ചേറ്റൂര്‍ ശങ്കരന്‍ നായര്‍ റോഡ് എന്നാക്കണമെന്നും ശശികുമാര്‍ ആവശ്യപ്പെട്ടു.

ഭിന്നശേഷി കേന്ദ്രത്തിന് ഹെഡ്‌ഗേവാര്‍ എന്ന പേരു നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് ബിജെപി ജിന്ന സ്ട്രീറ്റിന്റെ പേരു മാറ്റണമെന്ന ആവശ്യവും ശക്തമായത്. സ്‌പെഷ്യല്‍ സ്‌കൂളിന് ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനത്തില്‍ യുഡിഎഫ് സിപിഎം കൗണ്‍സിലര്‍മാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. വിഷയം വിവാദങ്ങളിലേക്കും നീങ്ങി. എന്നാല്‍ സ്‌പെഷ്യല്‍ സ്‌കൂളിന് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനത്തില്‍ നഗരസഭ ഉറച്ചു നിന്നു. ജിന്നയുടെ പേര് പാലക്കാട് നിന്നും നീക്കുമെന്ന് മുതിര്‍ന്ന കൗണ്‍സിലര്‍ ശിവരാജനും വ്യക്തമാക്കി.

അടുത്ത കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തു നടപടികളിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കൗണ്‍സിലര്‍ ശശികുമാര്‍ പറഞ്ഞു. അടുത്തടെ എ.ഐ.സി.സി മുന്‍ അധ്യക്ഷനും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരെ അനുസ്മരിച്ച് ബിജെപി രംഗത്തുവന്നിരുന്നു. ബിജെപി ചേറ്റൂരിനെ ലക്ഷ്യമിട്ട് ഇറങ്ങിയതോടെ കോണ്‍ഗ്രസും പരിപാടികളുമായി രംഗത്തെത്തിിരുന്നു. ചേറ്റൂര്‍ ചരമ ദിനത്തിന്റെ ഭാഗമായി പാലകാട് ചേറ്റൂരിന്റെ സ്മൃതി കുടീരത്തില്‍ കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ പതാകകള്‍ സ്ഥാപിച്ചിരുന്നു.

കോണ്‍ഗ്രസ് അവഗണിച്ച നേതാവാണ് ചേറ്റൂര്‍ എന്ന് സൂചിപ്പിച്ചു കൊണ്ടാണ് സ്മൃതിദിനം ബിജെപി ആചരിച്ചത്. ചേറ്റൂര്‍ അനുസ്മരണ പൊതുയോഗം ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസണ് ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ ജിന്നയുടെ പേരു മാറ്റി ചേറ്റൂരിന്റെ പേര് നല്‍കണമെന്ന ആവശ്യം ബിജെപി ഉന്നയിക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനും സാധിക്കില്ല.

Tags:    

Similar News