മൈക്ക് പിടിച്ചുവാങ്ങിയതല്ല.. 'ചോരത്തിളപ്പ്' കൊണ്ട് പറഞ്ഞതാ; റോഷിക്ക് സ്‌നേഹക്കൂടുതലാണെന്ന് ജോസ് കെ. മാണി; 'സഹോദര' ബന്ധം തകര്‍ത്തുവെന്ന് പറയുന്നവര്‍ക്ക് മറുപടി; പാലാ പോരില്‍ ചെയര്‍മാന്റെ വിശദീകരണം
കോതമംഗലം: അടിമാലിയിലെ പത്രസമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ തന്റെ കയ്യില്‍ നിന്നും മൈക്ക് പിടിച്ചുവാങ്ങി പാലാ സീറ്റ് പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. റോഷി അഗസ്റ്റിന്‍ 'ചോരത്തിളപ്പുള്ള' നേതാവാണെന്നും സ്‌നേഹക്കൂടുതല്‍ കൊണ്ടാണ് അദ്ദേഹം തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെന്നും ജോസ് കെ. മാണി കോതമംഗലത്ത് പറഞ്ഞു. എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ എറണാകുളം ജില്ലാ പര്യടനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'റോഷി കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയില്‍ നിന്ന് വളര്‍ന്നുവന്ന ആളാണ്. ആ ചോരത്തിളപ്പ് ഇപ്പോഴുമുണ്ട്. താന്‍ മത്സരിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ? തന്റെ കാര്യമാണെങ്കിലും മറ്റ് എം.എല്‍.എമാരുടെ കാര്യമാണെങ്കിലും പാര്‍ട്ടി ആലോചിച്ചേ തീരുമാനിക്കൂ,' ജോസ് കെ. മാണി വ്യക്തമാക്കി. റോഷിയുടേത് ഒരു സഹോദരതുല്യമായ ബന്ധമാണെന്നും അതിനെ മറ്റ് രീതിയില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൈക്ക് പിടിച്ചുവാങ്ങിയെന്ന വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നാണ് ചെയര്‍മാന്റെ പക്ഷം.
അടിമാലിയില്‍ വെച്ച് നടന്ന പത്രസമ്മേളനത്തില്‍ ജോസ് കെ. മാണിയുടെ കയ്യില്‍ നിന്നും മൈക്ക് വാങ്ങി റോഷി അഗസ്റ്റിന്‍ നടത്തിയ പ്രഖ്യാപനം പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായിരുന്നു. 'ജോസ് കെ. മാണി പാലായില്‍ തന്നെ മത്സരിക്കും, അത് പാര്‍ട്ടിയുടെ തീരുമാനമാണ്' എന്നായിരുന്നു റോഷിയുടെ വാക്കുകള്‍. ചെയര്‍മാനെ നിഷ്പ്രഭനാക്കിയുള്ള റോഷിയുടെ ഈ ഇടപെടല്‍ അതൃപ്തിയുണ്ടാക്കിയെന്ന വാര്‍ത്തകളെ തണുപ്പിക്കാനാണ് ഇപ്പോള്‍ ജോസ് കെ. മാണി നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ന് കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, പിറവം, കോലഞ്ചേരി മേഖലകളിലാണ് ജാഥ പര്യടനം നടത്തുന്നത്. നാളെ (ഫെബ്രുവരി 12) ദേശീയ പണിമുടക്ക് പ്രമാണിച്ച് ജാഥയ്ക്ക് അവധിയായിരിക്കും. 13-നും 14-നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയ ശേഷം വൈകിട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ വികസന മുന്നേറ്റ ജാഥ സമാപിക്കും.