കാഴ്ചയുടെ വിസ്മയങ്ങളും വ്യത്യസ്ത രുചിക്കൂട്ടുകളും സമ്മാനിച്ച് ഈ വടകരക്കാരന്‍ പടിയിറങ്ങുന്നു; സ്റ്റാര്‍ ഇന്ത്യ- വിയാകോം 18 ലയനത്തോടെ ഡിസ്‌നി സ്റ്റാര്‍ പ്രസിഡന്റ്, കണ്‍ട്രി മാനേജര്‍ പദവികള്‍ ഒഴിയാന്‍ കെ മാധവന്‍; ഒപ്പം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ തലവന്‍ സജിത്ത് ശിവാനന്ദനും

ഡിസ്‌നി സ്റ്റാര്‍ പ്രസിഡന്റ്, കണ്‍ട്രി മാനേജര്‍ പദവികള്‍ ഒഴിയാന്‍ കെ മാധവന്‍

Update: 2024-10-22 14:26 GMT

തിരുവനന്തപുരം: സ്റ്റാര്‍ ഇന്ത്യയുടെയും വിയാകോം 18 ന്റെയും ലയനത്തെ തുടര്‍ന്ന് ഭരണതലത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയാണ്. മലയാളികള്‍ക്ക് സുപരിചിതനായ കെ മാധവന്റെ പടിയിറക്കമാണ് അതില്‍ ഏറ്റവും സുപ്രധാനം. ഡിസ്‌നി സ്റ്റാര്‍ പ്രസിഡന്റും കണ്‍ട്രി മാനേജരുമാണ് നിലവില്‍ മാധവന്‍. ഏഷ്യാനെറ്റിനെ മലയാളത്തിലെ ടെലിവിഷന്‍ രംഗത്തെ മുന്‍പന്തിയിലെത്തിച്ച മാധവന് ഡിസ്‌നിയിലും നേട്ടങ്ങളുടെ കഥ തന്നെയാണ് പറയാനുള്ളത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ തലവന്‍ സജിത്ത് ശിവാനന്ദനും മാധവനൊപ്പം കളമൊഴിയും.




ഫെബ്രുവരിയിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും വാള്‍ട് ഡിസ്നിയും സ്റ്റാറും വിയാകോം 18 നും ലയിപ്പിക്കാനുള്ള കരാറുകളില്‍  ഒപ്പുവച്ചത്. 100 ചാനലുകളും രണ്ട് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുമുള്ള 8.5 ബില്ല്യണ്‍ ഡോളറിന്റെ മീഡിയ പവര്‍ ഹൗസാണ് സൃഷ്ടിക്കപ്പെട്ടത്. ലയനത്തോടെ ചിലര്‍ക്ക് പുതിയ റോളുകള്‍ കിട്ടി, പഴയവര്‍ മാറുന്നു, പുതിയ ചുമതലക്കാര്‍ വരുന്നു..സമീപകാലത്ത് ജിയോ സിനിമ ഇഷാന്‍ ചാറ്റര്‍ജിയെ ചീഫ് ബിസിനസ്് ഓഫീസറായി നിയോഗിച്ചിരുന്നു. എന്തായാലും ഏറ്റവും ഉന്നത തലപ്പത്തെ മാറ്റങ്ങള്‍ കെ മാധവന്റെയും സജിത്ത് ശിവാനന്ദന്റെയും പടിയിറക്കം തന്നെ.

ടെലിവിഷന്‍, സ്ട്രീമിങ് വിപണിയില്‍ ഡിസ്‌നി സ്റ്റാറിനെ മുന്‍പന്തിയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എക്‌സിക്യൂട്ടാവാണ് കെ മാധവന്‍. വിവിധ മേഖലകളില്‍ പ്രീമിയം കോണ്ടന്റ് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മാധവന് സാധിച്ചു. വിനോദ വ്യവസായം, സ്‌പോര്‍ട്‌സ്, ഡയറക്ട് ടു കണ്‍സ്യൂമര്‍, സ്റ്റുഡിയോകള്‍ എന്നിങ്ങനെ കമ്പനിയുടെ മുഖ്യമേഖലകളിലെ വളര്‍ച്ചയ്ക്ക് ചാലകശക്തിയായി. ടിവി ചാനലുകളുടെയും ഡിസ്‌നി ഹോട്ട്‌സ്റ്റാറിന്റെയും നടത്തിപ്പിനൊപ്പം ചാനല്‍ ഡിസ്ട്രിബ്യൂഷന്‍, പരസ്യവില്‍പ്പന. പ്രാദേശിക ഉള്ളടക്ക നിര്‍മ്മാണ വിപുലീകരണം എന്നിവയിലെല്ലാം ഡിസ്‌നി സ്റ്റാര്‍ പ്രസിഡന്റും കണ്‍ട്രി മാനേജരും എന്ന നിലയില്‍ മാധവന്റെ കണ്ണെത്തി.

9 ഭാഷകളിലായി 70 ലേറെ ചാനലുകള്‍. മാസം 70 കോടിയോളം വരുന്ന പ്രേക്ഷകര്‍. വിവിധഅഭിരുചികളുള്ള പ്രേക്ഷക സമൂഹത്തിലേക്ക് എത്തിപ്പെടാനും പ്രാദേശിക വിനോദ മേഖലയില്‍ മികച്ച ഗുണനിലവാരമുള്ള പരിപാടികള്‍ സ്റ്റാറിന് വേണ്ടി അവതരിപ്പിക്കാനും മാധവന്റെ കാലയളവില്‍ കഴിഞ്ഞു.

2009 ല്‍ സ്റ്റാര്‍ ഇന്ത്യയുടെ സൗത്ത് ഹെഡായി ചേരും മുമ്പ് ഏഷ്യാനെറ്റിനെ മലയാളം ടെലിവിഷന്‍ രംഗത്തെ മുടിചൂടാമന്നന്മാരാക്കാനും വിപണിയുടെ 50 ശതമാനത്തോളം വിഹിതം നേടിയെടുക്കാനും എം ഡിയും സിഇഒയും ആയിരുന്ന എട്ടുവര്‍ഷക്കാലം( 2000-2008) കൊണ്ട് സാധിച്ചു.പ്രദാശേിക ടെലിവിഷന്‍ രംഗത്തെ സ്റ്റാറിന്റെ ആധിപത്യത്തിന് മികച്ച അടിത്തറയിട്ടതും പ്രാദേശിക പരിപാടികളില്‍ ഊന്നിയ മാധവന്റെ മികവ് കൊണ്ടാണ്.

ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ (ഐബിഡിഎഫ്) പ്രസിഡന്റ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് നാഷനല്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്ന മാധവന്‍ ബാര്‍ക്കിലും (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) ഡയറക്ടറാണ്. വടകര സ്വദേശിയാണ് കുന്നിയൂര്‍ മാധവന്‍. 'എന്നെ ഇന്നത്തെ സ്ഥിതിയിലേക്കെത്തിച്ചത് ഇവയെല്ലാം ചേര്‍ന്നാണ്. ഒരു ബാങ്ക് ക്ലാര്‍ക്കായോ കോളേജ് അധ്യാപകനായോ സ്വന്തം ഗ്രാമത്തില്‍ ഒതുങ്ങിപ്പോവേണ്ടിയിരുന്ന ജീവിതത്തെ, എന്തൊക്കെയോ തേടി മുന്നോട്ടുപോവാന്‍ പ്രേരിപ്പിച്ചത് എനിക്കുതന്നെ തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു ഉള്‍ഭ്രാന്താണ്. എന്റെ ബാല്യത്തിലെയും കൗമാര-യൗവന കാലങ്ങളിലെയും അരക്ഷിതാവസ്ഥകള്‍ക്ക് ഞാനിന്ന് നന്ദിപറയുന്നു.''-ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇനി പുതിയ ഇടത്തിലാവും അദ്ദേഹം തന്റെ പ്രതിഭയുടെ മാറ്റുരയ്ക്കുക.

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ വിപണി തന്ത്രങ്ങള്‍, വളര്‍ച്ച, വരുമാനം, പ്രോഡക്റ്റ് ഓപ്പറേഷന്‍സ് എന്നിവയ്ക്ക് വിജയകരമായി നേതൃത്വം നല്‍കിയാണ് സജിത് ശിവാനന്ദന്‍ പദവിയൊഴിയുന്നത്.

Tags:    

Similar News