'ഉദരനിമിത്തം ബഹുകൃതവേഷം, ഇനി കാണുന്നത് എമ്പുരാനല്ല വെറും 'എംബാം'പുരാന്‍; ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും'; പരിഹാസവുമായി കെ സുരേന്ദ്രന്‍

'ഇനി കാണുന്നത് എമ്പുരാനല്ല, വെറും 'എംബാ'പുരാന്‍'

Update: 2025-03-30 10:39 GMT

തിരുവനന്തപുരം: എമ്പുരാന്‍ ചിത്രത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ നീക്കുമെന്ന അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇനി കാണുന്നത് എംപുരാനല്ല വെറും എംബാം പുരാന്‍ എന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഉദരനിമിത്തം ബഹുകൃതവേഷം.. ഇനി കാണുന്നത് എംപുരാനല്ല വെറും 'എംബാം'പുരാന്‍... ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും. നാസൗ നായം കരഗതഃ കരസ്ഥോപി വിനാശിതഃ്യു ആശയാ ദൂഷിതാ ബുദ്ധിഃ കിം കരോമി വരാധമഃ്യു എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ചിത്രത്തില്‍ ഗോധ്ര, ഗുജറാത്ത് കലാപമടക്കം പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ക്കെതിരേ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വന്‍തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ചിത്രത്തില്‍ നിന്ന് ഈ ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറച്ചിരുന്നു. ഈ പോസ്റ്റ് സംവിധായകന്‍ പൃഥ്വിരാജും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

റിലീസിന് പിന്നാലെ വിവാദത്തില്‍പ്പെട്ട എമ്പുരാന്‍ വീണ്ടും സെന്‍സര്‍ ചെയ്യുകയാണ്. റീഎഡിറ്റിംഗിനുശേഷം എമ്പുരാന്റെ പുതിയ പതിപ്പ് വ്യാഴാഴ്ചയാണ് തിയേറ്ററുകളില്‍ എത്തുന്നത്. 17 സീനുകളിലാണ് മാറ്റം വരുത്തുന്നത്. വില്ലന്റെ പേരും മാറ്റും. ചില ഡയലോഗുകള്‍ മ്യൂട്ടും ചെയ്യും. നിര്‍മ്മാതാക്കള്‍ തന്നെ പുതിയ പതിപ്പ് സെന്‍സറിംഗിന് നല്‍കുമെന്നാണ് വിവരം. ഇതിലാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പരിഹാസം ഉന്നയിച്ചിരിക്കുന്നത്.

എമ്പുരാനെതിരെ ആര്‍എസ്എസ് കടുത്ത നിലപാടെടുത്തതോടെയാണ് ചിത്രം റീഎഡിറ്റിംഗ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ചിത്രത്തിന് ഹിന്ദുവിരുദ്ധ അജന്‍ഡയുണ്ടെന്ന വിമര്‍ശനമാണ് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ ഉന്നയിച്ചത്. പക്ഷപാതത്തോടെയാണ് ഉള്ളടക്കം കൈകാര്യം ചെയ്തിരിക്കുന്നതെന്നും ആരോപിച്ചിരുന്നു. പിന്നാലെ വാര്‍ത്താവിനിമയ വകുപ്പിനോട് കേന്ദ്ര ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് തേടി.

ഇതോടെ നിര്‍മ്മാതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും വേറെ വഴിയില്ലാതായി. സെന്‍സര്‍ ബോര്‍ഡ് സിനിമ തിരിച്ചുവിളിക്കുമെന്ന സൂചന കിട്ടിയതോടെയാണ് സ്വയം മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്.ഇതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ചിത്രത്തിലെ നായകന്‍ മോഹന്‍ലാലും രംഗത്തെത്തിയിരുന്നു.

'എമ്പുരാന്‍ സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നുവന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്'- എന്നാണ് മോഹന്‍ലാല്‍ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്. ഈ പോസ്റ്റ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജും ഷെയര്‍ ചെയ്തിരുന്നു.

Tags:    

Similar News