സ്‌കൂള്‍ യൂണിഫോം പോലും മാറ്റാതെ തൂങ്ങി മരിച്ച ഒന്‍പതാംക്ലാസുകാരന്‍; അധ്യാപികയെ കുറ്റം പറയുന്ന കുടുംബം; അമ്മാവന്റെ അടിയെ ചോദ്യം ചെയ്യുന്ന സ്‌കൂള്‍ അധികാരികള്‍; സഹപാഠികളും രണ്ടു തട്ടില്‍; കണ്ണാടി കലുഷിതം
പാലക്കാട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ പാലക്കാട് സ്‌കൂളിന് മുന്നില്‍ വന്‍ പ്രതിഷേധം. കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പ്രതിഷേധം നടക്കുന്നത്. പ്രിന്‍സിപ്പലിനെ ഉപരോധിച്ച് കെഎസ്യു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. എന്നാല്‍ ആരോപണവിധേയായ അധ്യാപികയെ പിന്തുണച്ച് വിദ്യാര്‍ഥികളും സ്‌കൂള്‍ അധികൃതരും രംഗത്തെത്തി.
സാധാരണ അധ്യാപകര്‍ വിദ്യാര്‍ഥികളെ ശകാരിക്കുന്നതുപോലെ മാത്രമാണ് അധ്യാപിക അര്‍ജുനെ ശകാരിച്ചതെന്നും മരിച്ച വിദ്യാര്‍ഥിക്ക് വീട്ടില്‍ നിന്നും സമ്മര്‍ദമുണ്ടായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. കുട്ടിയെ അമ്മാവന്‍ മര്‍ദിച്ചുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൂളില്‍ നടന്ന കാര്യങ്ങള്‍ക്ക് പിന്നിലെ വാസ്തവം എന്താണെന്ന് അറിയാത്തവരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് ഒരു വിദ്യാര്‍ഥി പ്രതികരിച്ചു. ഇതെല്ലാം ടിവി ചാനലുകള്‍ തല്‍സമയം കാണിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അര്‍ജുന്‍(14)ആണ് വീട്ടില്‍ ജീവനൊടുക്കിയത്. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ അതിന്റെ ദൂഷ്യവശങ്ങള്‍ കൂട്ടിയെ ബോധ്യപ്പെടുത്തിയെന്നാണ് സ്‌കൂള്‍ അധികാരികള്‍ പറയുന്നത്. അതേസമയം അര്‍ജുനെ കേള്‍ക്കാന്‍ വീട്ടുകാരും നിന്നില്ലെന്ന് ചില വിദ്യാര്‍ഥികള്‍ ആരോപിച്ചു. അവരും അവനെ പിന്തുണച്ചില്ലെന്നും ചില വിദ്യാര്‍ഥികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ അര്‍ജുനെ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ യൂണിഫോം പോലും മാറ്റാതെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടാകുമ്പോള്‍ സാധാരണ ഉണ്ടാകാറുള്ളത് പോലെ മാത്രമാണ് ശാസിച്ചതെന്നും മറ്റു ആരോപണങ്ങള്‍ തെറ്റാണെന്നും പ്രിന്‍സിപ്പലും സ്‌കൂള്‍ മാനേജ്മെന്റും വ്യക്തമാക്കി.