ഭീകരരെ തേടിപ്പോയി മഞ്ഞുമലയ്ക്കുള്ളില്‍ കുടുങ്ങി; മരണത്തെ മുഖാമുഖം കണ്ട് 20 ഇന്ത്യന്‍ സൈനികര്‍! രക്ഷകരായി കശ്മീരി ഗ്രാമവാസികള്‍; ആറടി മഞ്ഞിലൂടെ 15 കിലോമീറ്റര്‍ സാഹസിക യാത്ര; ഇത് രാജ്യം കാക്കുന്നവരോടുള്ള സ്‌നേഹം! ദോഡയില്‍ നടന്ന ആ വന്‍ രക്ഷാദൗത്യം
ശ്രീനഗര്‍: ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് തിരിച്ചിലിനായി ഇറങ്ങി ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ ഇരുപതിലധികം സൈനികരെ ഗ്രാമവാസികള്‍ അതിസാഹസികമായി രക്ഷിച്ചു. ആറടിയിലധികം ഉയരത്തില്‍ മഞ്ഞുവീണുകിടന്ന പാതയിലൂടെ 15 കിലോമീറ്റര്‍ നടന്നു ചെന്നാണ് ഗ്രാമവാസികള്‍ രാജ്യം കാക്കുന്നവരോടുള്ള കൂറുകാണിച്ചത്.
രാജ്യം റിപ്പബ്ലിക് ദിനത്തിന്റെ ആഘോഷങ്ങളില്‍ മുഴുകവെയാണ് ജമ്മു കശ്മീരിലെ ഡോഡ ജില്ലയില്‍ സാഹസികമായ രക്ഷാദൗത്യം ഗ്രാമവാസികള്‍ പൂര്‍ത്തിയാക്കിയത്. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് സമുദ്രനിരപ്പില്‍ നിന്ന് 11,000 അടി ഉയരത്തില്‍ ഒറ്റപ്പെട്ടുപോയ ഇരുപതോളം ഇന്ത്യന്‍ സൈനികരെയാണ് ഗ്രാമവാസികള്‍ സുരക്ഷിതരായി താഴ്വരയില്‍ എത്തിച്ചത്.
ജനുവരി 23-ന് കിഷ്ത്വാര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗുന്ദന ബ്ലോക്കിലെ മോര്‍ച്ച ടോപ്പില്‍ ഭീകരവിരുദ്ധ തിരച്ചിലിന്റെ ഭാഗമായാണ് സൈനികരെ വിന്യസിച്ചത്. എന്നാല്‍ ഈ പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച ഉണ്ടായതോടെ അഞ്ച് മുതല്‍ ആറ് അടി വരെ ഉയരത്തില്‍ മഞ്ഞ് മൂടുകയും സൈനികര്‍ അവിടെ കുടുങ്ങുകയുമായിരുന്നു.
ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശമായ ദോഡ, കിഷ്ത്വാര്‍ ജില്ലകള്‍ക്കു സമീപമുള്ള ഉയര്‍ന്ന പര്‍വതമേഖലയില്‍ തിരച്ചില്‍ നടത്താനിറങ്ങിയ സൈനികരാണ് മഞ്ഞില്‍ കുടുങ്ങിയത്. ജനുവരി 18ന് സൈന്യവുമായി ഏറ്റുമുട്ടല്‍ നടത്തി രക്ഷപ്പെട്ട ഭീകരര്‍ ദോഡയിലേക്ക് കടക്കരുതെന്ന ലക്ഷ്യത്തോടെയായിരുന്നു സൈനിക നീക്കം.
ജനുവരി 18-ന് ഛത്രു ഏരിയയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഭീകരരുടെ നീക്കം തടയാനാണ് സൈന്യം പ്രദേശത്ത് കാവല്‍ നിന്നത്. ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ സൈനികര്‍ പ്രതിസന്ധിയിലായതോടെ, ഗുന്ദനയിലെ ആര്‍മി പോസ്റ്റ് ഗ്രാമവാസികളുടെ സഹായം തേടി.
ജനുവരി 25 രാവിലെ എട്ടരയോടെയാണ് ഗ്രാമവാസികള്‍ ദൗത്യം ആരംഭിച്ചത്. സൈന്യം നല്‍കിയ ഷൂസും ഗ്ലൗസും അണിഞ്ഞ്, കൈയ്യില്‍ കരുതിയ മണ്‍വെട്ടികളുമായി അവര്‍ 15 കിലോമീറ്ററോളം കഠിനമായ മലനിരകളിലൂടെ മഞ്ഞ് നീക്കി നടന്നു. ഏകദേശം അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഉച്ചയ്ക്ക് 1.30-ഓടെ ഗ്രാമവാസികള്‍ സൈനികരുടെ അടുത്തെത്തി.
വൈകുന്നേരത്തോടെ സൈനികരെ സുരക്ഷിതമായി താഴെ ക്യാമ്പിലെത്തിക്കാന്‍ സാധിച്ചു. റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് നടന്ന ഈ സംഭവം സൈനികരും ജനങ്ങളും തമ്മിലുള്ള ഗാഢമായ ബന്ധത്തിന്റെ പ്രതീകമാണെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ സുനീല്‍ ബരത്വാല്‍ പറഞ്ഞു.
സമാനമായ മറ്റൊരു ദൗത്യത്തില്‍, ഭദേര്‍വ-ചംബ റോഡിലെ ഛതര്‍ഗാല ടോപ്പില്‍ നിന്ന് മഞ്ഞില്‍ കുടുങ്ങിയ 40 സൈനികരെയും 20 സാധാരണക്കാരെയും ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനും രക്ഷപ്പെടുത്തിയിരുന്നു. കനത്ത മഞ്ഞുവീഴ്ച ഡോഡ, കിഷ്ത്വാര്‍ മേഖലകളിലെ ജനജീവിതം വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്.
