'കൂടത്തായി ജോളിയുടെ പേടിസ്വപ്നം; അമീറുല്‍ ഇസ്ലാമിനെ തൂക്കുമരത്തിലേറ്റിയ നിയമബുദ്ധി! കൊടകരയിലും ചര്‍ച്ചയായി; ശബരിമലയിലും വിറപ്പിക്കാനെത്തുന്നത് തൃശൂരിലെ ആ പുലിക്കുട്ടന്‍ തന്നെ; സ്വര്‍ണ്ണക്കൊള്ളക്കാരെ പൂട്ടാന്‍ അഡ്വ. എന്‍.കെ ഉണ്ണികൃഷ്ണന്‍ വരുമ്പോള്‍

Update: 2026-01-29 06:03 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസുകളില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. എന്‍.കെ. ഉണ്ണികൃഷ്ണനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചത് മുന്‍കാലെ കേസുകളിലെ മികവ് കൂടി പരിഗണിച്ച്. സംസ്ഥാനത്തെ ഏറ്റവും പ്രമാദമായ കേസുകളില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായി വിജയം കൊയ്ത ഉണ്ണികൃഷ്ണന്റെ നിയമനം, ശബരിമല കേസിലെ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

തൃശൂര്‍ സ്വദേശിയായ എന്‍.കെ. ഉണ്ണികൃഷ്ണന്‍, കേരളത്തെ നടുക്കിയ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് വിചാരണ കോടതിയില്‍ നിന്നും വധശിക്ഷ വാങ്ങി നല്‍കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളാണ്. നിലവില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിക്കെതിരെ ഹാജരാകുന്നതും ഇദ്ദേഹമാണ്. കൂടത്തായി കേസില്‍ ജോളി ഇപ്പോഴും ജയിലിലാണ്. ഇതിന് കാരണം പ്രോസിക്യൂട്ടറുടെ ഉറച്ച നിലപാടാണ്.

കൊടകര കുഴല്‍പ്പണക്കേസില്‍ പോലീസിന് നിയമോപദേശം നല്‍കുന്ന സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന നിലയിലും ഇദ്ദേഹത്തിന്റെ ഇടപെടലുകള്‍ ചര്‍ച്ചയായിരുന്നു. കുഴല്‍പ്പണക്കേസില്‍ പുനരന്വേഷണമല്ല, തുടരന്വേഷണമാണ് വേണ്ടതെന്ന അദ്ദേഹത്തിന്റെ നിയമോപദേശം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശബരിമല കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) പുറമെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം വിപുലീകരിക്കുന്ന സാഹചര്യത്തിലാണ് പരിചയസമ്പന്നനായ ഒരു പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ രംഗത്തിറക്കുന്നത്.

കേസിലെ പ്രതിയായ മുരാരി ബാബുവിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി നോട്ടീസ് നല്‍കിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ കേസ് അട്ടിമറിക്കപ്പെടുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ഉണ്ണികൃഷ്ണന്റെ നിയമനം സര്‍ക്കാരിന് കരുത്താകും. സങ്കീര്‍ണ്ണമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ അസാധാരണ പാടവമാണ് ഉണ്ണികൃഷ്ണനെ വീണ്ടും ഈ ദൗത്യത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

കൊടകര കേസില്‍ തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലുകള്‍ വന്ന പശ്ചാത്തലത്തില്‍ കര്‍ണ്ണാടകത്തിലേക്ക് ഉള്‍പ്പെടെ അന്വേഷണം നീളുന്നതിനും ഇദ്ദേഹത്തിന്റെ നിയമോപദേശങ്ങള്‍ വഴിയൊരുക്കിയിരുന്നു. ശബരിമല കേസിലെ നിയമപോരാട്ടത്തില്‍ ഉണ്ണികൃഷ്ണന്റെ വരവ് കുറ്റവാളികള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് നിയമവൃത്തങ്ങളിലെ വിലയിരുത്തല്‍.

Tags:    

Similar News