പകല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ, രാത്രിയില്‍ 'മാഡം വിഷം'; ബിഷ്‌ണോയി ഗ്യാങ്ങിന്റെ ആയുധമെത്തിക്കുന്ന ലേഡി ഡോണുകള്‍! കാമുകന് വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുത്ത കാജല്‍; തോക്ക് കയ്യിലേന്തി ഇന്‍സ്റ്റഗ്രാമില്‍ ആരാധകരെ സൃഷ്ടിച്ച സിക്ര; ഡല്‍ഹി പൊലീസിന് വെല്ലുവിളിയായി പെണ്‍ അധോലോകം; 'മാഡം സെഹര്‍' കുടുങ്ങിയതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍

Update: 2026-02-20 10:16 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ക്രിമിനല്‍ സാമ്രാജ്യങ്ങളില്‍ പുരുഷാധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് സ്ത്രീകള്‍ പിടിമുറുക്കുന്നു. വെറും സഹായികളായല്ല, മറിച്ച് ക്രിമിനല്‍ നെറ്റ്‌വര്‍ക്കുകളുടെ ചാലകശക്തിയായും ഓപ്പറേഷണല്‍ ഹെഡുകളായും സ്ത്രീകള്‍ മാറിക്കഴിഞ്ഞു. ഏറ്റവും ഒടുവില്‍ 'മാഡം സെഹര്‍' എന്ന ഖുസ്നുമ അന്‍സാരി പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 'മാഡം വിഷം' എന്നറിയപ്പെടുന്ന ഖുസ്നുമ അന്‍സാരിയുടെ അറസ്റ്റ് അന്വേഷണ സംഘങ്ങള്‍ക്ക് ഇടയില്‍ പോലും ചര്‍ച്ചയായിരിക്കുകയാണ്. ലോറന്‍സ് ബിഷ്ണോയി ഗ്യാങ്ങിന്റെയും ഹാഷിം ബാബ സംഘത്തിന്റെയും പ്രധാന ചാലകശക്തിയായിരുന്ന ഇവര്‍ പിടിയിലായതോടെ പുറത്തുവരുന്നത് സിനിമയെ വെല്ലുന്ന ക്രൈം സ്റ്റോറിയാണ്.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒരു സാധാരണ ബ്യൂട്ടി പാര്‍ലര്‍ ഉടമയായിരുന്ന ഖുസ്നുമ അന്‍സാരി (നേഹ) രാത്രികാലങ്ങളില്‍ അറിയപ്പെട്ടിരുന്നത് 'മാഡം സെഹര്‍' (മാഡം വിഷം) എന്നാണ്. ലോറന്‍സ് ബിഷ്ണോയി - ഹാഷിം ബാബ സംഘങ്ങള്‍ക്ക് ലഹരിമരുന്ന് എത്തിക്കുന്നതില്‍ പ്രധാനിയായിരുന്നു ഇവര്‍. കുപ്രസിദ്ധ ഗുണ്ടാതലവന്‍ ബോബി കബൂത്തറുടെ വലംകൈയായി ഏഴു വര്‍ഷമായി ഇവര്‍ പ്രവര്‍ത്തിക്കുന്നു. സിദ്ദു മൂസാവാല വധം, നടി ദിഷ പഠാനിയുടെ വീടിന് മുന്നിലെ വെടിവയ്പ്പ് എന്നിവയുമായി ബന്ധപ്പെട്ട ആയുധക്കടത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഹഷീം ബാബയുടെ ഭാര്യ സോയയുടെ ബൗണ്‍സറായിരുന്ന സിക്ര എന്ന യുവതിയാണ് പട്ടികയിലെ മറ്റൊരാള്‍. പതിനയ്യായിരത്തിലധികം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ തോക്കുകളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചാണ് സിക്ര ആളുകളെ ഭയപ്പെടുത്തിയിരുന്നത്. സീലാംപൂരിലെ കുനാല്‍ എന്ന പതിനേഴുകാരന്റെ കൊലപാതകത്തിന് പിന്നില്‍ സിക്രയുടെ ഗൂഢാലോചനയും പ്രേരണയുമുണ്ടെന്നാണ് കണ്ടെത്തല്‍. ഷുഹൈബ്-മസ്താന്‍ സംഘത്തിന്റെ ഭാഗമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

കാമുകനുവേണ്ടി ഗാംഗ് നയിച്ചവള്‍ കാജല്‍ ഖത്രിയാണ് മറ്റൊരു അധോലോക നായിക. ജയിലിലായ ഗുണ്ടാതലവന്‍ കപില്‍ മാന്റെ കാമുകിയായ കാജല്‍ ഖത്രി, 2019-ന് ശേഷം ഗാംഗിന്റെ മുഴുവന്‍ ചുമതലയും ഏറ്റെടുത്തു. നോയിഡയിലെ സെക്ടര്‍ 104-ല്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായ സൂരജ് മാനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരയായ കാജല്‍ ഇപ്പോള്‍ ലുക്‌സര്‍ ജയിലിലാണ്. അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധ തിരിക്കാന്‍ എളുപ്പമാണെന്നതും, ലോജിസ്റ്റിക്‌സ് കൈകാര്യം ചെയ്യാനുള്ള കൃത്യതയുമാണ് ഗാങ്സ്റ്ററുകളെ വനിതകളിലേക്ക് അടുപ്പിക്കുന്നത്. കേവലം സഹായികള്‍ എന്നതിലുപരി, 'ലേഡി ഡോണ്‍' എന്ന ലേബലിലേക്ക് ഇവര്‍ വളരുന്നത് ഡല്‍ഹി പൊലീസിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ബ്യൂട്ടി പാര്‍ലറുകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ പദവികളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ മറച്ചുവെക്കാനുള്ള പുകമറയായി ഇവര്‍ ഉപയോഗിക്കുന്നു.

ബ്യൂട്ടി പാര്‍ലറിന്റെ മറവ്, 'ലേഡി ഡോണ്‍'

പകല്‍ വെളിച്ചത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഒരു സാധാരണ ബ്യൂട്ടി പാര്‍ലര്‍ ഉടമ. അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും 'നേഹ' എന്ന ഖുസ്നുമ അന്‍സാരി ഒരു സാധാരണ ബിസിനസുകാരി മാത്രമായിരുന്നു. എന്നാല്‍ രാത്രിയാകുന്നതോടെ നേഹയുടെ മുഖം മാറും. അധോലോകം അവളെ വിളിച്ചിരുന്നത് 'മാഡം സെഹര്‍' അഥവാ 'മാഡം വിഷം' എന്നാണ്. ലോറന്‍സ് ബിഷ്ണോയിയുടെയും ഹാഷിം ബാബയുടെയും ക്രിമിനല്‍ സാമ്രാജ്യങ്ങളിലെ 'ലോജിസ്റ്റിക്സ് മാസ്റ്റര്‍മൈന്‍ഡ്' ആയിരുന്ന ഖുസ്നുമയെ ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ കൗണ്ടര്‍ ഇന്റലിജന്‍സ് സാഹസികമായാണ് പിടികൂടിയത്.

ഗ്യാങ്‌സറ്റര്‍ ഹാഷിം ബാബയുടെ ഭാര്യ സോയ ഖാന്‍, ദീപ എന്നീ ഡോണുകള്‍ക്ക് പിന്നാലെയാണ് മാഡം സെഹറും പിടിയിലാകുന്നത്. പകല്‍സമയം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായും രാത്രി കാലങ്ങളില്‍ മാഡം വിഷമായും മാറും ഇവര്‍. ഗ്യാങ്ങിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറയായാണ് ഈ പാര്‍ലര്‍ നടത്തിപ്പെന്നും ഏജന്‍സി വ്യക്തമാക്കുന്നു. മഹിപാല്‍പൂര്‍ ഫ്ളൈഓവറിന് സമീപം നടത്തിയ അറസ്റ്റിനിടെ വലിയ തോതില്‍ മയക്കുമരുന്നും ഇവരുടെ കയ്യില്‍ നിന്നും പിടികൂടിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മാഡം വിഷം എന്ന പേര് ലേഡി ഡോണിന് ലഭിച്ചത്.

ഗായകന്‍ സിദ്ദു മൂസേവാലയുടെ കൊലക്കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂസേവാലയുടെ ചലനങ്ങള്‍ ആദ്യമായി നിരീക്ഷിച്ചതും കബൂട്ടറാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരങ്ങളാണ് സംഘത്തെ കുടുക്കാന്‍ പൊലീസിന് സഹായമായത്. പിടിയിലായവരുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്.

കബൂത്തറിന്റെ വലംകൈ

ബിഷ്ണോയി ഗ്യാങ്ങിന് ആയുധങ്ങളും ലഹരിമരുന്നും എത്തിക്കുന്നതില്‍ പ്രധാനിയായ ബോബി കബൂത്തര്‍ (മഹ്ഫൂസ്) എന്ന ഗണ്‍മാന്റെ വിശ്വസ്തയായിരുന്നു നേഹ. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇവര്‍ ഒപ്പമുണ്ട്. മഹിപാല്‍പൂര്‍ ഫ്‌ളൈഓവറിന് സമീപം ഒരു എസ്യുവിയില്‍ സഞ്ചരിക്കുമ്പോഴാണ് ഇരുവരും പൊലീസിന്റെ വലയിലായത്. വന്‍തോതിലുള്ള മയക്കുമരുന്ന് ശേഖരവും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.

അധോലോകത്തെ ആയുധ ഇടപാടുകള്‍

പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള സലീം പിസ്റ്റളില്‍ നിന്നാണ് ഇവര്‍ ആയുധങ്ങള്‍ വാങ്ങിയിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ പല പ്രമുഖ കൊലപാതകങ്ങളിലും ഈ ആയുധങ്ങള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്

ക്രിമിനല്‍ ലോകത്തെ പെണ്‍കരുത്ത്?

അധോലോക ഗ്യാങ്ങുകളുടെ തലപ്പത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നത് ഡല്‍ഹി പൊലീസിനെ ആശങ്കയിലാക്കുന്നുണ്ട്. ഹാഷിം ബാബയുടെ ഭാര്യ സോയ ഖാന്‍, ദീപ തുടങ്ങിയ വനിതാ ഡോണുകളുടെ അറസ്റ്റിന് പിന്നാലെയാണ് മാഡം സെഹറും കുടുങ്ങുന്നത്. ബ്യൂട്ടി പാര്‍ലറുകള്‍ പോലുള്ള ഇടങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ സുരക്ഷിതമായ മറയായി ഇവര്‍ ഉപയോഗിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

Tags:    

Similar News