ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദവി ആരും വാഗ്ദാനം ചെയ്തിട്ടില്ല; ബാലഗോപാല്‍ വീട്ടില്‍ വന്നത് എന്തിന്? അഖില്‍ മാരാരുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചന; ജാതീയ അധിക്ഷേപത്തിന് നിയമനടപടി; അധികാരം പോയപ്പോള്‍ കാലുമാറിയെന്ന പരിഹാസത്തിന് മറുപടിയുമായി ഐഷ പോറ്റി
അഖില്‍ മാരാര്‍ക്ക് മറുപടിയുമായി ഐഷ പോറ്റി
കൊച്ചി: തനിക്കെതിരെ അഖില്‍ മാരാര്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ എംഎല്‍എ പി. ഐഷ പോറ്റി രംഗത്ത്. തനിക്കെതിരെ അഖില്‍ മാരാര്‍ ജാതീയമായ അധിക്ഷേപം നടത്തിയെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഐഷ പോറ്റി കുറ്റപ്പെടുത്തി.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കാമെന്ന് ആരും തനിക്ക് വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് ഐഷ പോറ്റി വ്യക്തമാക്കി. താന്‍ പാര്‍ട്ടിക്കാരിയല്ലെന്ന് പറയരുതെന്ന് ആവശ്യപ്പെടാനാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്റെ വീട്ടില്‍ വന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'പോറ്റി' എന്നടക്കം ഉപയോഗിച്ച് അഖില്‍ മാരാര്‍ തനിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇത് ജാതീയ അധിക്ഷേപമാണെന്നും ഐഷ പോറ്റി ആരോപിച്ചു. ഈ ജാതീയ അധിക്ഷേപത്തിനെതിരെ പാര്‍ട്ടിയുമായി ആലോചിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
15 വര്‍ഷം എം.എല്‍.എയായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ച ഐഷ പോറ്റി, അധികാരം നഷ്ടപ്പെട്ടപ്പോള്‍ പാര്‍ട്ടി വിട്ടത് അവസരവാദമാണെന്നായിരുന്നു അഖില്‍ മാരാരുടെ വിമര്‍ശനം. താഴെത്തട്ടിലെ ഇടത് അനുഭാവികളുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും വിയര്‍പ്പിന്റെ ഫലമാണ് ഐഷ പോറ്റിക്ക് ലഭിച്ച രാഷ്ട്രീയ നേട്ടങ്ങളെന്നും എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടതിന് പിറ്റേദിവസം രാഷ്ട്രീയം ഉപേക്ഷിച്ച് വിരമിക്കണമെന്ന് പറഞ്ഞ ഐഷ പോറ്റിയെ പിന്നീട് ഉമ്മന്‍ ചാണ്ടി അനുസ്മരണ വേദിയില്‍ കണ്ടെന്നും മാരാര്‍ ആരോപിച്ചിരുന്നു. അധികാരം നഷ്ടപ്പെട്ട ഐഷ പോറ്റിയെ ബാലഗോപാല്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തിച്ചെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിയമിക്കാമെന്ന് പിണറായി ഉറപ്പ് നല്‍കിയെന്നും എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അകത്തായതും പാര്‍ട്ടി പ്രതിസന്ധിയിലായതും പിണറായിയെ പിന്തിരിപ്പിച്ചെന്നും അഖില്‍ മാരാര്‍ പറയുന്നു. ആഗ്രഹിച്ചത് ലഭിക്കാതെ വന്നതോടെ ഐഷ പോറ്റി കോണ്‍ഗ്രസിലെത്തി സിപിഎമ്മിനെ ചതിച്ചുവെന്നും മാരാര്‍ ആരോപിച്ചിരുന്നു.
അഖില്‍ മാരാര്‍ നടത്തിയ ആരോപണങ്ങള്‍ പക്വതയില്ലാത്തതാണെന്നും കേട്ടറിവേ ഉള്ളൂ എന്നും ഐഷ പോറ്റി പറഞ്ഞു. അഖില്‍ മാരാര്‍ ഒരു കൊച്ചു പയ്യനാണെന്നും സിപിഐഎം പറഞ്ഞു നല്‍കുന്ന കാര്യങ്ങളാണ് എഴുതിവിടുന്നതെന്നും അവര്‍ ആരോപിച്ചു. മുഖ്യമന്ത്രിയെ കണ്ടിരുന്നതായും സര്‍ക്കാര്‍ സങ്കീര്‍ണ്ണമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞതായും ഐഷ പോറ്റി വെളിപ്പെടുത്തി.
അഖില്‍ മാരാരുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
15 വര്‍ഷം ജില്ലാ പഞ്ചായത്ത് മെമ്പറും അതില്‍ അഞ്ചു വര്‍ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്....
15 വര്‍ഷം MLA.. അയിഷ പോറ്റിക്ക് ഈ ഭാഗ്യം ലഭിച്ചത് താഴെ തട്ടില്‍ ഇടത് അനുഭാവികളും കമ്മ്യൂണിസ്‌റ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഒഴുക്കിയ വിയര്‍പ്പിന്റെ ഫലമാണ്..
എന്ന് MLA സ്ഥാനം നഷ്ടപ്പെട്ടോ പിറ്റേദിവസം രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിച്ചു എനിക്കിനി റിട്ടയര്‍ മെന്റ് വേണം.. വക്കീല്‍ പണി ചെയ്യണം എന്ന് പറഞ്ഞു വീട്ടില്‍ കയറിയ അയിഷ പോറ്റിയെ പിന്നീട് കാണുന്നത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയം യുഡിഫ് നേടിയ ശേഷം ഉമ്മന്‍ ചാണ്ടി അനുസ്മരണ വേദിയില്‍ ആണ്..
അപകടം മനസ്സിലാക്കിയ ബാലഗോപാല്‍ സഖാവ് അയിഷ പോറ്റിയെ പിണറായി വിജയന് മുന്നില്‍ എത്തിച്ചു..
അധികാരം നഷ്ട്ടപെട്ട് ആടി ഉലഞ്ഞ അയിഷ പോറ്റിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആക്കാം എന്ന് പിണറായി ഉറപ്പ് നല്‍കി..
എന്നാല്‍ ഉണ്ണി കൃഷ്ണന്‍ പോറ്റി അകത്തായതും പാര്‍ട്ടി പ്രതി സന്ധിയില്‍ ആയതും വീണ്ടും ഒരു രാഷ്ട്രീയ പോസ്റ്റ് ശബരിമലയില്‍ നടത്തുന്നതില്‍ നിന്നും പിണറായിയെ പുറകോട്ട് അടിച്ചു..
ആഗ്രഹിച്ചത് കിട്ടാതെ വന്നതോടെ പോറ്റി തിരിഞ്ഞു..
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഫ് കിട്ടിയ വിജയം കൂടി കണ്ടതോടെ അയിഷ പോറ്റി സഖാക്കളേ ചതിച്ചു കോണ്‍ഗ്രസ്സില്‍ എത്തി..
ദൈവനാമത്തില്‍ സത്യ പ്രതിജ്ഞ ചെയ്തത് പാര്‍ട്ടിക്ക് ഇഷ്ട്ടപെട്ടില്ല എന്നാണ് വാദം.. 2006 ഇല്‍ ആണോ ഇഷ്ട്ടപേടാഞ്ഞത് അതോ 2021ഇല്‍ മത്സര രംഗത്ത് നിന്ന് മാറണം എന്ന് പറഞ്ഞപ്പോള്‍ ആണോ എന്നത് അയിഷ പോറ്റി വ്യക്തമാക്കിയില്ല...
ഞാന്‍ ഇത് പറഞ്ഞത് ചിലര്‍ പറയുന്നത് കേട്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ഞാന്‍ ചതിച്ചു എന്നൊക്കെ...
2013 മുതല്‍ 2015 വരെ ഈ പാര്‍ട്ടിയില്‍ ഞാന്‍ ഉണ്ടായിരുന്നു.. 13 കേസും തലയില്‍ 12 തൂന്നികെട്ടും സമ്മാനിച്ച പാര്‍ട്ടി.. 2015ഇല്‍ എന്നെ പുറത്താക്കി...
ഒറ്റയ്ക്ക് വഴി വെട്ടി ഞാന്‍ വന്നപ്പോള്‍ എന്നെ കൂടെ നിര്‍ത്താന്‍ പലരും ശ്രമിച്ചു.. എന്റെ മാന്യത കൊണ്ട് ഞാന്‍ എന്നാല്‍ കഴിയാവുന്ന സഹായങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി ചെയ്തു..
അല്ലാതെ എനിക്ക് വേണ്ടി ഒരു കോണ്‍ഗ്രെസ്സുകാരന്റെയും ജീവിതം മാറ്റി വെക്കേണ്ടി വന്നിട്ടില്ല.. ഒരു വിയര്‍പ്പും എനിക്കായി കളയേണ്ടിയും വന്നിട്ടില്ല...
എന്നെ ഉള്‍കൊള്ളാന്‍ കഴിയുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ ഞാന്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാല്‍ അതിന്റെ പേരില്‍ ഒരാളും ദുഖിക്കേണ്ട കാര്യമില്ല എന്ന് സാരം..
മനസ്സിരുത്തി ഒന്നാലോചിക്കുക അഖില്‍ മാരാര്‍ക്ക് കോണ്‍ഗ്രസ്സും നമ്മളും എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ ഇല്ലല്ലോ പിന്നെ അയാള്‍ ഏത് പാര്‍ട്ടിയില്‍ പോയാലും നമുക്കെന്താ...
അങ്ങനെ ആണോ അയിഷാ പോറ്റി..
