വിവാദമായ 'സുവര്‍ണാവസരം' എന്ന പരാമര്‍ശം ഒരു ഗാന്ധിയന്‍ മാതൃകയിലുള്ള സമരത്തിനുള്ള അവസരത്തെക്കുറിച്ച്; ആചാരാനുഷ്ഠാനങ്ങളുടെ ലംഘനം ഉണ്ടാകാതിരിക്കാന്‍ നട അടച്ചിടുന്നത് നിയമപരമായ അവകാശമാണെന്നും നടപടി ഉണ്ടായാല്‍ ആദ്യത്തെ പ്രതിയായി താന്‍ വരാമെന്ന് തന്ത്രിക്ക് വാക്ക് നല്‍കിയിരുന്നു; അന്ന് സംഭവിച്ചത് എന്ത്? ശബരിമല യുവതി പ്രവേശനത്തില്‍ വെളിപ്പെടുത്തലുമായി പിഎസ് ശ്രീധരന്‍ പിള്ള

Update: 2026-02-20 11:10 GMT

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളെക്കുറിച്ചും അന്ന് താന്‍ സ്വീകരിച്ച നിലപാടുകളെക്കുറിച്ചും നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകളുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള.

തന്റെ പുതിയ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 'ശബരിമല സമരവും സുവര്‍ണാവസര വിധിയും' എന്ന അധ്യായത്തിലെ വിവരങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. രാഷ്ട്രീയമായ താല്‍പ്പര്യങ്ങള്‍ക്കായി ഭരണകൂടം സംവിധാനങ്ങളെ ദുരുപയോഗം ചെയ്തതിന്റെ ഫലമാണ് അന്നുണ്ടായ കേസുകളെന്ന് അദ്ദേഹം ആരോപിച്ചു.

വിവാദമായ 'സുവര്‍ണാവസരം' എന്ന പരാമര്‍ശം ഒരു ഗാന്ധിയന്‍ മാതൃകയിലുള്ള സമരത്തിനുള്ള അവസരത്തെക്കുറിച്ചായിരുന്നുവെന്ന് ശ്രീധരന്‍ പിള്ള വിശദീകരിച്ചു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ തന്റെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ തനിക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി ഈ കേസ് അഡ്മിഷന്‍ ഘട്ടത്തില്‍ തന്നെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

യുവതികള്‍ മലകയറാന്‍ എത്തിയ ഘട്ടത്തില്‍ നട അടച്ചിടാമെന്ന് തന്ത്രിക്ക് ഉപദേശം നല്‍കിയത് താനാണെന്ന് ശ്രീധരന്‍ പിള്ള വെളിപ്പെടുത്തി. ഇത് കോടതിയലക്ഷ്യമാകില്ലെന്ന് താന്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കിയിരുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ലംഘനം ഉണ്ടാകാതിരിക്കാന്‍ നട അടച്ചിടുന്നത് നിയമപരമായ അവകാശമാണെന്നും നടപടി ഉണ്ടായാല്‍ ആദ്യത്തെ പ്രതിയായി താന്‍ വരാമെന്ന് തന്ത്രിക്ക് വാക്ക് നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

അന്നത്തെ പ്രതിഷേധങ്ങള്‍ക്കിടയില്‍ രഹ്ന ഫാത്തിമ, കവിത എന്നിവരെ പോലീസ് യൂണിഫോം ധരിപ്പിച്ചു പതിനെട്ടാം പടി വരെ എത്തിക്കാന്‍ ശ്രമിച്ചത് സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് യാത്രയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അവരുടെ ഇരുമുടിക്കെട്ടില്‍ ആചാരപ്രകാരമുള്ള സാധനങ്ങളല്ല മറിച്ച് ഓറഞ്ചും ആപ്പിളുമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭരണകൂടത്തിന് ഇത്തരം നടപടികള്‍ ഭൂഷണമാണോ എന്നും അദ്ദേഹം ചോദിച്ചു.

തന്ത്രിക്കെതിരെയും തനിക്കെതിരെയും നല്‍കിയ കോടതിലക്ഷ്യ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയ കാര്യവും ശ്രീധരന്‍ പിള്ള ഓര്‍മ്മിപ്പിച്ചു. താന്‍ നല്‍കിയ ഉപദേശം നിയമവിരുദ്ധമായിരുന്നില്ല എന്നതിന്റെ തെളിവാണ് കോടതിയുടെ ഈ നിലപാടുകളെന്നും എന്നാല്‍ ഈ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് പോലും സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ നീക്കങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഉണ്ടായ പ്രതികാര നടപടിയാണ് കേസുകളെന്നും അദ്ദേഹം പറയുന്നു.

41 ദിവസം തന്ത്രിയെ ജയിലിലടച്ചത് കേരളം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം ആരോപിച്ചു. ജാമ്യാപേക്ഷയിലെ 90 പേജോളം വരുന്ന വിധിന്യായത്തില്‍ കേസില്‍ തെളിവിന്റെ കണിക പോലുമില്ലെന്ന് കോടതി നിരീക്ഷിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൂഢാലോചന കുറ്റം ആരോപിക്കുമ്പോള്‍ അത് കൃത്യമായി പരിശോധിക്കണമെന്ന നിയമവ്യവസ്ഥ ഇവിടെ ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഈ വിഷയത്തില്‍ മാപ്പ് പറണമെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പദ്ധതികള്‍ പരാജയപ്പെട്ടപ്പോള്‍ ഉണ്ടായ ദയനീയമായ തിരിച്ചടിയുടെ പ്രതികാരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News