ഇവിടെ ഭർത്താക്കന്മാർ ഭാര്യമാരോട്..പെരുമാറുന്ന രീതിയെ ശരിയല്ല; മക്കളെ വളർത്തുന്ന ഒരു അമ്മ എന്ന നിലയിൽ ഇതൊക്കെ എങ്ങനെ കണ്ടുനിൽക്കും; അവർക്ക് ഇതെല്ലാം തമാശയാണ്!! വർഷങ്ങൾക്ക് ശേഷം നാട്ടിൽ മടങ്ങിയെത്തിയ യുവതിക്ക് കിട്ടിയത് കയ്‌പ്പേറിയ കുറെ അനുഭവങ്ങൾ; ചർച്ചയായി കുറിപ്പ്

Update: 2026-02-20 05:56 GMT

കൊച്ചി: 16 വർഷത്തെ വിദേശവാസത്തിനുശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ പ്രവാസി യുവതിക്ക് നേരിടേണ്ടിവന്ന കയ്‌പ്പേറിയ അനുഭവങ്ങളും തുടർന്നുണ്ടായ നിരാശയും പ്രവാസി സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിയിക്കുന്നു. വൃത്തിഹീനമായ ടോയ്‌ലറ്റുകൾ, നിയമങ്ങളില്ലാത്ത ഡ്രൈവിംഗ്, മോശം ഭക്ഷണ നിലവാരം, ബാങ്കിംഗ് സംവിധാനങ്ങളിലെ സുതാര്യതയില്ലായ്മ തുടങ്ങിയ നിരവധി വിഷയങ്ങളിൽ യുവതിക്ക് കടുത്ത നിരാശയുണ്ടായതായി റെഡ്ഡിറ്റിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. "ഇന്ത്യ ഇനി എന്റെ വീടാണെന്ന് എനിക്ക് തോന്നുന്നില്ല" എന്ന അവരുടെ വാക്കുകൾ പ്രവാസികൾക്കിടയിൽ വ്യാപകമായ സംവാദങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.

രണ്ട് മക്കളോടൊപ്പം ആദ്യമായി ഇന്ത്യ സന്ദർശിക്കാനെത്തിയ യുവതി, നാട്ടിലെത്തിയപ്പോൾ ഗൃഹാതുരത്വത്തിന് പകരം കണ്ടത് നിരാശാജനകമായ യാഥാർത്ഥ്യങ്ങളായിരുന്നു. അടിസ്ഥാനപരമായ സാമൂഹിക മര്യാദകളുടെ ലംഘനങ്ങളാണ് അവരെ പ്രധാനമായും അമ്പരപ്പിച്ചത്. ക്യൂ പാലിക്കാത്തതും പരസ്പരം ബഹളം വെക്കുന്നതും ആളുകൾക്കിടയിലെ മര്യാദയില്ലായ്മയും എടുത്തുപറയുന്നു. പ്രത്യേകിച്ചും, ഭർത്താക്കന്മാർ ഭാര്യമാരോട് പെരുമാറുന്ന രീതിയും പുരുഷന്മാർ സ്ത്രീകളെ നിസ്സാരമായി കാണുന്നതും ഒരു അമ്മ എന്ന നിലയിൽ തന്നെ വേദനിപ്പിച്ചുവെന്നും അവർ കുറിച്ചു.

വൃത്തിഹീനമായ ശൗചാലയങ്ങൾ ഉപയോഗിക്കാൻ പോലും പണം നൽകേണ്ടി വരുന്നത് പരിതാപകരമാണെന്നും യുവതി ചൂണ്ടിക്കാട്ടി. നിയമങ്ങളില്ലാത്ത ഡ്രൈവിംഗ് രീതികളും നിർത്താതെയുള്ള ഹോൺ മുഴക്കലും മാനസിക സമ്മർദ്ദമുണ്ടാക്കി. കടുത്ത മലിനീകരണം മൂലം യാത്രയിലുടനീളം ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടു.

സ്വിഗി, സെപ്റ്റോ പോലുള്ള സൗകര്യങ്ങൾ ലഭ്യമാണെങ്കിലും ഭക്ഷണത്തിന്റെ ഗുണനിലവാരം വളരെ മോശമാണെന്ന് അവർ പറയുന്നു. കേടായ പഴങ്ങൾ പോലും ഉയർന്ന വിലയ്ക്ക് വിൽക്കപ്പെടുന്നത് പതിവാണ്. പാലും നെയ്യും കാർബോഹൈഡ്രേറ്റും നിറഞ്ഞ ഭക്ഷണക്രമം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായും യുവതി അഭിപ്രായപ്പെട്ടു.

ബാങ്കിംഗ്, ഇൻഷുറൻസ് മേഖലകളിലെ സുതാര്യതയില്ലായ്മയും യുവതിയെ പ്രതിഷേധത്തിലാഴ്ത്തി. സ്വന്തം പണം തിരികെ ലഭിക്കാൻ എട്ട് വർഷമായി ബാങ്കുകൾ കയറിയിറങ്ങുന്ന അനുഭവം 'ഒരു തമാശ' പോലെയാണ് അവർക്ക് തോന്നിയത്. അക്കൗണ്ട് ആക്റ്റീവ് ആക്കാൻ വീണ്ടും പണം ആവശ്യപ്പെടുന്ന ബാങ്കിംഗ് രീതിയും ഇൻഷുറൻസ് മേഖലയിലെ സുതാര്യതക്കുറവും കടുത്ത പ്രതിഷേധത്തിന് കാരണമായെന്നും കുറിപ്പിൽ പറയുന്നു.

ആളുകളുടെ സ്നേഹപ്രകടനങ്ങളിൽ പലപ്പോഴും ആത്മാർത്ഥതയില്ലെന്നും എല്ലാം വെറും പ്രകടനപരത മാത്രമാണെന്നും യുവതി കുറിച്ചു. കുടുംബവും സംസ്കാരവും വലിയൊരു പോസിറ്റീവ് വശമാണെങ്കിൽ പോലും, ഇന്ത്യ തനിക്ക് ഒരു വീടല്ല, മറിച്ച് താനൊരു സന്ദർശക മാത്രമാണെന്ന് തോന്നിപ്പിക്കുന്നതാണ് ഈ അനുഭവങ്ങളെന്ന് അവർ കൂട്ടിച്ചേർത്തു. പ്രവാസികൾക്ക് നാട്ടിൽ നേരിടേണ്ടിവരുന്ന വിവിധ വെല്ലുവിളികളിലേക്കാണ് ഈ യുവതിയുടെ അനുഭവം വിരൽചൂണ്ടുന്നത്.

Tags:    

Similar News