തൂണിലും തുരുമ്പിലും ബോംബ്; കണ്ണൂരില്‍ ഒരുദിവസം പിടിച്ചെടുത്തത് ഉഗ്രസ്ഫോടക ശേഷിയുളള പത്ത് ബോബുകള്‍; തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം സജീവമായി ബോംബ് നിര്‍മാണ ഫാക്ടറികള്‍; പോലീസിനും പ്രദേശവാസികള്‍ക്കും തലവേദനയാകുന്നു
തൂണിലും തുരുമ്പിലും ബോംബ്; കണ്ണൂരില്‍ ഒരുദിവസം പിടിച്ചെടുത്തത് ഉഗ്രസ്ഫോടക ശേഷിയുളള പത്ത് ബോബുകള്‍
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ബോംബു രാഷ്്ട്രീയം സജീവമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പ്് അടുത്തുവരുന്നതോടെ ബോംബുകളുടെ നിര്‍മാണവും ഉപയോഗവും ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തലശേരി താലൂക്കില്‍ നിന്നുംപത്തു ഉഗ്രസ്ഫോടക ശേഷിയുളള ബോംബുകളാണ് പിടികൂടിയത്. കണ്ണവം തൊടീക്കളത്ത് ഗുഹമുക്കിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്.
മരപ്പൊടികള്‍ നിറച്ച ബക്കറ്റില്‍ ആദ്യം രണ്ടു സ്റ്റീല്‍ ബോംബുകളാണ് കണ്ടത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണവം സി. ഐ ബി.സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിലുളള സംഘവും കണ്ണൂരില്‍ നിന്നുമെത്തിയ ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് മരപ്പൊടികള്‍ നീക്കിയപ്പോള്‍ അടിഭാഗത്തും രണ്ടു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ഉഗ്രസ്ഫോടക ശേഷിയുളള നാല്്സ്റ്റീല്‍ ബോംബുകളും അടുത്ത കാലത്ത് നിര്‍മിച്ചവയാണെന്ന് പൊലിസ് പറഞ്ഞു.
ബോംബ് കണ്ണവം പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. ആര്‍. എസ്. എസ് കാര്യാലയത്തിന് നൂറുമീറ്റര്‍ അകലെയുളള പറമ്പിലാണ് ബോംബ് കണ്ടെത്തിയതെന്നും വ്യാപകമായ അക്രമത്തിന് അവര്‍ കോപ്പുകൂട്ടുകയാണെന്ന് സി. പി. എം ആരോപിച്ചു. ഇതേ സമയം പാനൂര്‍ മൊകേരിയിലെ തങ്ങള്‍ പീടികയ്ക്കു സമീപമുളള സഹ്റ പബല്‍ക് സ്‌കൂളിന് സമീപത്തു നിന്നും ആറ് ഐസ്‌ക്രീം ബോംബുകളും ഒരു വടിവാളും ഇന്നലെ വൈകിട്ട് ആറുമണിയോടെ കണ്ടെത്തി.
റോഡ് നിര്‍മാണത്തിനായി ഇറക്കിയ ടാര്‍ ടാങ്കിനടിയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഇവ. സ്‌കൂളില്‍ നിന്നും മുന്നൂറ് മീറ്റര്‍ അകലെയാണ് മൈതാനി റോഡ്. നവീകരണത്തിനായി സൂക്ഷിച്ച സാധനസാമഗ്രികള്‍ക്കിടെയിലാണ് ബോംബുകളും വടിവാളും സൂക്ഷിച്ചിരുന്നത്. ഇന്ന് പ്രവൃത്തിയാരംഭിക്കുന്നതിനായി ടാങ്കുകള്‍ റോഡിന് സമീപത്തേക്ക് മാറ്റുകയായിരുന്നു. തൊഴിലാളികളാണ് ബോംബുകളും വടിവാളും ആദ്യം കണ്ടെത്തിയത്.
ഉടന്‍ പാനൂര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. പാനൂര്‍ സി. ഐ എം.വി ഷിജുവിന്റെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘവും കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ചേര്‍ന്ന് ബോംബുകള്‍ കണ്ടെത്തിയ സ്ഥലത്തു നിന്നും പാനൂര്‍ പൊലിസ് സ്്റ്റേഷന്‍ വളപ്പിലേക്ക് മാറ്റി. എസ്. ഡി. പി. ഐക്ക് സ്വാധീനമുളള പ്രദേശമാണ് ഇതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ബോംബുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്് പാനൂര്‍, ചൊക്ളി, കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ബോംബ് , ഡോഗ് സ്‌ക്വാഡുകളും പൊലിസും വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. റെയ്ഡ് ഇന്നും തുടരുമെന്ന് പാനൂര്‍ പോലീസ് അറിയിച്ചു.
സ്‌കൂള്‍ പരിസരത്ത് ബോംബ്് കണ്ടെത്തിയത് പ്രദേശവാസികളെ ആശങ്കയിലുണ്ട്. ദിവസവും നിരവധി കുട്ടികള്‍ കളിക്കുന്ന സ്ഥലമാണിത്. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. സോഷ്യല്‍ മീഡിയയില്‍ ഉഗ്രസ്ഫോടന ശേഷിയുളള ഗുണ്ടുപടക്കങ്ങള്‍ പൊട്ടിക്കുന്ന റീല്‍സും വന്നു.പാര്‍ട്ടി ഗ്രാമങ്ങളില്‍ ഇപ്പോഴും ബോംബു ഫാക്ടറികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന വിവരങ്ങള്‍ പുറത്തുവരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
