'ഗോവന്ദച്ചാമിക്ക് പകരം അമീറുല്‍ ഇസ്ലാം; അനിയന്‍ ബാവ - ചേട്ടന്‍ ബാവ തുലയട്ടെ'; സിപിഎം നേതൃത്വത്തിനെതിരെ പ്ലക്കാര്‍ഡുകളേന്തി വിമതര്‍ തെരുവില്‍; കരുനാഗപ്പള്ളിയിലെ വിഭാഗീയത പൊട്ടിത്തെറിയില്‍; കടുത്ത അതൃപ്തിയിലും മൗനം പാലിച്ച് ജില്ലാ നേതൃത്വം

കരുനാഗപ്പള്ളിയിലെ വിഭാഗീയത പൊട്ടിത്തെറിയില്‍

Update: 2024-11-29 08:20 GMT

കരുനാഗപ്പള്ളി: സിപിഎം കുലശേഖരപുരം ലോക്കല്‍ സമ്മേളനത്തിലെ സംഘര്‍ഷത്തിന് പിന്നാലെ നേതൃത്വത്തിന് എതിരെ കരുനാഗപ്പള്ളിയില്‍ സിപിഎം വിമതരുടെ പ്രതിഷേധ പ്രകടനം. തൊടിയൂര്‍, ആലപ്പാട്, കുലശേഖരപുരം സൗത്ത് ഉള്‍പ്പടെ അഞ്ച് ലോക്കല്‍ കമ്മറ്റിയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സമ്മേളനത്തില്‍ പുതിയ നേതൃപാനല്‍ അവതരിപ്പിച്ചതിലെ എതിര്‍പ്പാണ് പ്രതിഷേധത്തിനിടയാക്കിയത്. സേവ് സിപിഎം എന്ന പേരിലാണ് കരുനാഗപ്പള്ളിയില്‍ നേതാക്കള്‍ക്കെതിരെ പരസ്യ പ്രതിഷേധവുമായി ഒരുവിഭാഗം പാര്‍ട്ടി അംഗങ്ങള്‍ രംഗത്തെത്തിയത്.

'പി.ഉണ്ണി മാറിയപ്പോള്‍ എച്ച്എ സലാം സെക്രട്ടറിയായത് ഗോവന്ദച്ചാമിക്ക് പകരം അമീറുല്‍ ഇസ്ലാം വന്നതിന് സമ'മാണെന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ നിരത്തില്‍ ഇറങ്ങിയത്. സിപിഎം ജില്ലാ കമ്മറ്റി അംഗമായ പിആര്‍ വസന്തിനെതിരെയും പ്ലക്കാര്‍ഡുകളുണ്ട്. കുറുവ സംഘത്തെ സൂക്ഷിക്കുക, അനിയന്‍ ബാവ- ചേട്ടന്‍ ബാവ തുലയട്ടെ എന്നിങ്ങനെ നിരവധി പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടിരുന്നു.

അഴിമതിക്കാരായവരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് മാറ്റണമെന്ന ആവശ്യമുയര്‍ത്തിയാണ് പ്രതിഷേധം. കരുനാഗപ്പള്ളിയിലെ പാര്‍ട്ടിയില്‍ ഒന്നാകെ അഴിമതിയുടെ കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും പണവും സമ്പത്തും ബാറുമെല്ലാമുള്ളവരാണ് കരുനാഗപ്പള്ളിയില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നും ഇത് പാവങ്ങളുടെ പ്രസ്ഥാനമാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

പുതിയ നേതൃനിരയിലുള്ളവര്‍ക്കെതിരെ നിരവധി പരാതികള്‍ നേതൃത്വത്തിന് നല്‍കിയിരുന്നുവെങ്കിലും അത് ചെവികൊണ്ടില്ലെന്നും എകപക്ഷീയ തീരുമാനമാണുണ്ടായതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. പ്ലക്കാര്‍ഡുകളുമായെത്തിയ പ്രവര്‍ത്തകരെ കരുനാഗപ്പള്ളി സിപിഎം ഏരിയാ കമ്മറ്റി ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു.

അതേ സമയം കരുനാഗപ്പള്ളിയില്‍ വിഭാഗീയതയെ തുടര്‍ന്ന് ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതില്‍ സിപിഎം ജില്ലാ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. വിഭാഗീയ പ്രശ്‌നങ്ങള്‍ കയ്യാങ്കളിയിലേക്ക് നീളുന്നത് പാര്‍ട്ടിക്ക് അവതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തിടുക്കപ്പെട്ടുള്ള നടപടി ഒഴിവാക്കി പരാതികള്‍ സംസ്ഥാന സമ്മേളനത്തിനു ശേഷം പരിശോധിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

സിപിഎം കരുനാഗപ്പള്ളി എരിയ കമ്മിറ്റിക്ക് കീഴിലെ മിക്ക ലോക്കല്‍ സമ്മേനങ്ങളും വിഭാഗീയ പ്രശ്‌നങ്ങള്‍ കാരണം കയ്യാങ്കളിയിലാണ് കലാശിച്ചത്. ഇന്നലെ കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനവും ആലപ്പാട് നോര്‍ത്ത് സമ്മേളനവും തര്‍ക്കത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. ലോക്കല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നതോടെയായിരുന്നു തര്‍ക്കം.

സമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. രാജഗോപാല്‍, കെ. സോമപ്രസാദ് എന്നിവര്‍ക്കെതിരെയും ഒരു വിഭാഗം മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. ലോക്കല്‍ സമ്മേളനങ്ങളിലെ പോര്‍വിളി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍, ഇതില്‍ നേതൃത്വം അതൃപ്തിയിലാണ്.

എന്നാല്‍ സമ്മേളനങ്ങളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകില്ല. പരാതികള്‍ സംസ്ഥാന സമ്മേളനത്തിനു ശേഷം പരിശോധിക്കും. അതിനിടെ, സേവ് സിപിഎം എന്ന പേരില്‍ കരുനാഗപ്പള്ളിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പ്രാദേശിക സിപിഎം നേതാക്കള്‍ക്കും, തെരഞ്ഞെടുക്കപ്പെട്ട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ക്കും എതിരെയാണ് പോസ്റ്ററുകള്‍.

ജില്ലാ കമ്മിറ്റി അംഗം പി.ആര്‍. വസന്തനെതിരെയും ആരോപണങ്ങള്‍ ഉണ്ട്. പ്രതിഷേധങ്ങള്‍ക്കിടയിലും മുഴുവന്‍ ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ത്തിയാക്കി. ഡിസംബര്‍ രണ്ടിന് കരുനാഗപ്പള്ളി ഏരിയ സമ്മേളനം തുടങ്ങും. വിഭാഗീയതയും പ്രതിഷേധങ്ങളും ഏരിയ സമ്മേളനത്തിലേക്കും വ്യപിക്കാനാണ് സാധ്യത.

ലോക്കല്‍ കമ്മിറ്റിയിലെ ബാര്‍ മുതലാളി അനിയന്‍ ബാവ, ചേട്ടന്‍ ബാവ തുലയട്ടെയെന്നാണ് പോസ്റ്റര്‍. സംസ്ഥാന സമിതി അംഗങ്ങളായ കെ രാജഗോപല്‍, സോമപ്രസാദ് ജില്ലാ കമ്മറ്റിയംഗങ്ങളായ പി ആര്‍ വസന്തന്‍, പി ആര്‍ ബാലചന്ദ്രന്‍ എന്നീ കുറവാ സംഘത്തെ സൂക്ഷിക്കുകയെന്നും പോസ്റ്ററിലുണ്ട്. സേവ് സിപിഎം എന്ന പേരിലാണ് പോസ്റ്റര്‍.

കഴിഞ്ഞ ദിവസം കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പോസ്റ്റര്‍ പ്രതിഷേധം. ലോക്കല്‍ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദിനെയും കെ രാജഗോപാലിനെയും പൂട്ടിയിട്ടിരുന്നു.

സമ്മേളനത്തില്‍ പാനല്‍ അവതരിപ്പിച്ചതോടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പാനല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു എതിര്‍ത്തവരുടെ നിലപാട്. മറ്റുചിലരെകൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് പൂര്‍ണ്ണമായും അംഗീകരിക്കാന്‍ നേതൃത്വം തയ്യാറായില്ല. ഇതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.

കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയില്‍ കുറച്ചുകാലമായി വിഭാഗീയത രൂക്ഷമാണ്. പത്ത് ലോക്കല്‍കമ്മിറ്റികളില്‍ ഏഴിടത്തും സമ്മേളന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. നിര്‍ത്തിവെച്ച സമ്മേളനങ്ങള്‍ കഴിഞ്ഞദിവസം മുതലാണ് പുനഃരാരംഭിച്ചത്.

Tags:    

Similar News