കാസര്‍കോട്ട് ബ്രേക്ക് നഷ്ടപ്പെട്ടു നിയന്ത്രണംവിട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചു കയറി; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്; അപകടത്തില്‍പ്പെട്ടത് കര്‍ണാടക ആര്‍ടിസിയുടെ ബസ്

ബസ് നിയന്ത്രണംവിട്ട് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; 5 പേര്‍ക്ക് ദാരുണാന്ത്യം

Update: 2025-08-28 09:24 GMT

കാസര്‍കോട്: കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ ബസ് അപകടത്തില്‍ അഞ്ചു മരണം. കര്‍ണാടക ആര്‍ടിസിയുടെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണം. അമിതവേഗത്തിലെത്തിയ ബസ്, കാത്തിരിപ്പു കേന്ദ്രത്തിലേക്കു പാഞ്ഞുകയറുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന ഓട്ടോയിലും ബസ് ഇടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്നുപേരും ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കര്‍ണാടകയില്‍നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.

ബസിലുണ്ടായിരുന്ന ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഒരു ഓട്ടോയിലും ബസ് ഇടിച്ചിരുന്നു. ഓട്ടോയില്‍ ഇടിച്ചതിന് ശേഷമാണ് ബസ്സ്‌റ്റോപിലേക്ക് ഇടിച്ചു കയറിയത്. ഓട്ടോയില്‍ ഉണ്ടായിരുന്ന ഡ്രൈവറും പത്ത് വയസുകാരിയായിരുന്ന കുട്ടിയും മരിച്ചു. കൂടാതെ ബസ് കാത്തിരിക്കുകയായിരുന്ന തലപ്പാടി സ്വദേശിനി ലക്ഷ്മി എന്ന സ്ത്രീ ഉള്‍പ്പെടെ മൂന്ന് സ്ത്രീകളും മരിച്ചതായാണ് വിവരം.

Tags:    

Similar News