കീഴറയെന്നാല്‍ സിപിഎം പാര്‍ട്ടി ഗ്രാമം; വിരമിച്ച അധ്യാപകന്റെ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചത് രണ്ടു പേര്‍; പുലര്‍ച്ചെ രണ്ടു മണിയോടെ വന്‍ സ്‌ഫോടനം; ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിയെന്ന് നിഗമനം; കണ്ണൂരിലെ കണ്ണപുരത്തിന് അടുത്ത് സംഭവിച്ചത് എന്ത്? കേരളത്തെ നടുക്കി വീണ്ടും കണ്ണൂര്‍ സ്‌ഫോടനം

Update: 2025-08-30 00:51 GMT

കണ്ണുര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ വന്‍ സ്‌ഫോടനം. ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം നടന്നതെന്നാണ് സൂചന. സ്ഥലത്തേക്ക് ബോംബ് സ്‌ക്വാഡ് എത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. വിരമിച്ച അധ്യാപകന്റെ വീടാണ്. ഇത് അനീഷ് എന്ന ആള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. അരിയില്‍ ഷുക്കൂര്‍ വധം കോളിളക്കം സൃഷ്ടിച്ചതാണ്. അരിയില്‍ പ്രദേശത്തിന് തൊട്ടടുത്താണ് സ്‌ഫോടനം. സിപിഎം പാര്‍ട്ടി ഗ്രാമമാണ് കണ്ണപുരത്തെ കീഴറ മേഖല. ഇതും ചര്‍ച്ചകളിലേക്ക് വന്നു.

പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ വീട് തകര്‍ന്നു. കണ്ണപുരം പോലീസും അഗ്‌നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു. രണ്ടു പേര്‍ മരിച്ചതായും മറ്റുള്ളവര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറി കിടക്കുകയാണെന്നാണ് വിവരം.

ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം.

സ്‌ഫോടനം നടന്ന വാടക വീട്ടില്‍ നിന്നും പൊട്ടാത്ത നാടന്‍ ബോംബുകള്‍ കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന പ്രാഥമിക നിഗമനം ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തല്‍. അനൂപ് എന്ന ആളാണ് വീട് വാടകയ്ക്ക എടുത്തത്. ഇയാള്‍ക്ക് മുമ്പും സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട കേസുകളുണ്ടായിരുന്നു.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകള്‍ തകരുകയും ചുമരുകളില്‍ വിള്ളലുകള്‍ വീഴുകയും ചെയ്തിട്ടുണ്ട്

Tags:    

Similar News