52 ദിവസമായി ജയിലില്‍ കഴിയുന്നു; 'ചെമ്പ്' എന്ന് എഴുതിയത് അറിയാതെ പറ്റിപ്പോയ തെറ്റാണ്; അറിഞ്ഞുകൊണ്ട് ചെയ്ത കുറ്റമല്ലെന്ന് പത്മകുമാറിന്റെ വാദം; 'സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പ്' എന്ന് എഴുതുന്നതിന് പകരം വെറും 'ചെമ്പ്' എന്ന് എഴുതിയത് ഗൗരവകരമെന്ന് കോടതിയും; എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചെങ്കില്‍ ദേവസ്വം ബോര്‍ഡിന് എന്താണ് പണിയെന്നും ഹൈക്കോടതിയുടെ വിമര്‍ശനം
'ചെമ്പ്' എന്ന് എഴുതിയത് അറിയാതെ പറ്റിപ്പോയ തെറ്റാണ്;
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിക്കാന്‍ കോടതിക്ക് മുന്നില്‍ അപേക്ഷയുമായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. താന്‍ കഴിഞ്ഞ 52 ദിവസമായി ജയിലിലാണെന്നും ഇനിയെങ്കിലും കോടതി തന്നോട് കരുണ കാണിക്കണം എന്നും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഹൈക്കോടതിയില്‍ അപേക്ഷിച്ചു. സ്വര്‍ണ്ണക്കേസുമായി ബന്ധപ്പെട്ട രേഖകളില്‍ പിത്തള എന്ന് എഴുതേണ്ടിടത്ത് 'ചെമ്പ്' എന്ന് എഴുതിയത് അറിയാതെ പറ്റിപ്പോയ തെറ്റാണെന്നും അറിഞ്ഞുകൊണ്ട് ചെയ്ത കുറ്റമല്ലെന്നുമാണ് പത്മകുമാര്‍ വാദിച്ചത്.
ജാമ്യം ലഭിക്കുകയാണെങ്കില്‍ ശബരിമലയില്‍ പോകരുത് എന്നോ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുത് എന്നോ ഉള്ള എന്ത് നിബന്ധനകളും അനുസരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഇത് ചെറിയ തെറ്റല്ലെന്നും ഗുരുതരമായ അപരാധമാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ പത്മകുമാറിനെ തിരുത്തി. 'സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പ്' എന്ന് എഴുതുന്നതിന് പകരം വെറും 'ചെമ്പ്' എന്ന് എഴുതിയത് ഗൗരവകരമാണ്. ബുദ്ധി കൂടുതലുള്ള ആളുകളാണ് ഭാവിയില്‍ രക്ഷപെടാനുള്ള അവസരം മുന്‍കൂട്ടി കണ്ടുകൊണ്ട് ഇത്തരത്തില്‍ കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെയു ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ദേവസ്വം ബോര്‍ഡിന് എന്താണ് പണിയെന്നും എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ശബരിമലയിലെ ശ്രീകോവിലിന്റെ വാതില്‍, കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പം എന്നിവ ഉള്‍പ്പെടെ സ്വര്‍ണം പൂശുന്നതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് ഏല്‍പ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞപ്പോഴായിരുന്നു ഹൈക്കോടതി ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ചത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, ബല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്‍, ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യഹര്‍ജികള്‍ കോടതി പരിഗണിക്കുകയാണ്. ഗോവര്‍ദ്ധന്റെ ജാമ്യഹര്‍ജിയിലാണ് പ്രധാനമായും വാദം കേട്ടത്.
താന്‍ 1.40 കോടി രൂപയോളം പല ആവശ്യങ്ങള്‍ക്കായി ശബരിമലയില്‍ ചെലവഴിച്ചു. ഇപ്പോള്‍ 25 ദിവസമായി താന്‍ ജയിലില്‍ കിടക്കുകയാണെന്ന് ഗോവര്‍ദ്ധന്‍ കോടതി മുമ്പാകെ അറിയിച്ചു. എന്നാല്‍, എസ്ഐടി എതിര്‍പ്പ് ഉന്നയിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവര്‍ദ്ധനും സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കുണ്ടെന്നും എസ്ഐടി കോടതിയില്‍ വ്യക്തമാക്കി.
ശബരിമല ശ്രീകോവിലിന്റെ വാതില്‍ 35 ലക്ഷം രൂപ മുടക്കി പണിതുകൊടുത്തെന്നും ശ്രീകോവിലിന്റെ മുമ്പിലെ കാണിക്കവഞ്ചി നിര്‍മിച്ച് കൊടുത്തത് താനാണെന്നും ഗോവര്‍ദ്ധന്‍ കോടതിയില്‍ പറഞ്ഞു. അയ്യപ്പന്റെ തികഞ്ഞ വിശ്വാസിയാണ് താന്‍. കേസില്‍ കുടുക്കിയതാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലിരുന്ന തന്നെ പെട്ടെന്ന് പിടിച്ച് അറസ്റ്റ് ചെയ്തതാണെന്നും ഗോവര്‍ദ്ധന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
