കൊച്ചി മെട്രോ നിർമ്മാണത്തിനിടെ വീണ്ടും പൈപ്പ് പൊട്ടി; രാത്രി ഇരുട്ടിൽ ദുരിതത്തിലായി നഗരം; കലൂർ സ്റ്റേഡിയം റോഡ് മുഴുവൻ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ; പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ
കൊച്ചി: കൊച്ചി മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ നഗരത്തിൽ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി. ഇതേത്തുടർന്ന് കലൂർ സ്റ്റേഡിയം റോഡിൽ വലിയ രീതിയിൽ വെള്ളം കെട്ടിക്കിടന്നു. കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ഉമാ തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
രാത്രി വൈകിയും അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കില്ലെന്നാണ് വാട്ടർ അതോറിറ്റിയുടെ നിലപാടെന്ന് ഉമാ തോമസ് എം.എൽ.എ ആരോപിച്ചു. ഇതോടെ പ്രദേശവാസികൾ കുടിവെള്ളം ലഭിക്കാതെ കഷ്ടപ്പെടുകയാണെന്നും അവർ പറഞ്ഞു. കുടിക്കാനും കുളിക്കാനും വെള്ളമില്ലാത്ത അവസ്ഥയിലാണ് പല കുടുംബങ്ങളും.
പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുടിവെള്ളം മുടങ്ങിയവരുടെ വീടുകളിലേക്ക് വെള്ളം എത്തിക്കാനുള്ള ഉത്തരവാദിത്തം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ് (കെ.എം.ആർ.എൽ) എന്നും എന്നാൽ കെ.എം.ആർ.എൽ ഈ വിഷയത്തിൽ വലിയ വീഴ്ചയാണ് വരുത്തിയതെന്നും ഉമാ തോമസ് കൂട്ടിച്ചേർത്തു. മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരത്തിൽ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുന്ന സംഭവം ആവർത്തിക്കുന്നത് ജനങ്ങളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.