ദേവസം ബോര്‍ഡിന് കീഴിലുള്ള ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന കൊല്ലം പൂരം; കുടമാറ്റത്തിന് എത്തുന്ന പുതിയകാവ് ക്ഷേത്രത്തിന് മറ്റൊരു മാനേജ്‌മെന്റും; കുടമാറ്റത്തില്‍ ഹെഡ്‌ഗേവാര്‍ ചിത്രമെത്തിയത് ഹൈക്കോടതി വിധിയുടെ ലംഘനമോ? കൊല്ലത്തെ പൂരം വിവാദത്തിലേക്ക്
കൊല്ലം: കൊല്ലം പൂരത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയത് വിവാദത്തില്‍. കൊല്ലം പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റത്തിലാണ് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത്. നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്‌ഗേവാറിന്റെ ചിത്രവും ഉയര്‍ത്തിയത്.
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി 15 നു നടക്കുന്ന കൊല്ലം പൂരമാണ് വിവാദമാകുന്നത്. കുടമാറ്റത്തില്‍ മുഖാമുഖം നില്‍ക്കുന്നത് പുതിയകാവ് ക്ഷേത്രവും താമരക്കുളം മഹാഗണപതി ക്ഷേത്രവുമാണ്. സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, ഡോ.ബി.ആര്‍ അംബേദ്കര്‍, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ ഛായാചിത്രങ്ങള്‍, റോക്കറ്റ്, മയില്‍, വിടര്‍ന്ന താമരപ്പൂവില്‍ സരസ്വതി, നെടുംകുതിരകള്‍ തുടങ്ങി 17 ഇനങ്ങള്‍ പുതിയകാവ് കുടമാറ്റത്തിനായി ഒരുക്കി. 31 അടി വീതം ഉയരമുള്ള 2 നെടുംകുതിരകളെ പിന്നില്‍ നിര്‍ത്തിയാണ് താമരക്കുളം കുടമാറ്റം നടത്തിയത്. ശിവന്‍, ഭരതനാട്യം തുടങ്ങി ഒട്ടേറെ രൂപങ്ങള്‍ ദൃശ്യവിരുന്ന് ഒരുക്കി. ഇതിനിടെയാണ് ആര്‍ എസ് എസ് നേതാവിന്റെ ചിത്രവുമെത്തിയത്.
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍ കുടമാറ്റത്തില്‍ പങ്കെടുക്കുന്ന പുതിയ കാവ് ക്ഷേത്രം അങ്ങനെ അല്ല. ട്രസ്റ്റിന് കീഴിലാണ്. ഈ ക്ഷേത്രത്തിന്റെ കുടമാറ്റത്തിലാണ് ഹെഡ്‌ഗേവര്‍ എത്തിയത്. ഉത്സവങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന ഹൈക്കോടതി നിര്‍ദേശം മറികടന്നാണ് സംഭവം. ശ്രീനാരായണ ഗുരു, ബിആര്‍ അംബേദ്ക്കര്‍, സുഭാഷ് ചന്ദ്ര ബോസ്, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയതിനോടൊപ്പമാണ് ഹെഗ്‌ഡെ വാറിന്റെ ചിത്രവും ഉയര്‍ത്തിയത്. സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നല്‍കിയത്. വിശ്വാസികള്‍ക്ക് ഇടയില്‍ ഭിന്നിപ്പും സംഘര്‍ഷവും ഉണ്ടാക്കാനുള്ള നീക്കമെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്.
കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിര്‍ദ്ദേശം. വിജിലന്‍സ് എസ്പിക്കാണ് അന്വേഷണ ചുമതല. കൊല്ലം എസിയോട് സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. കുടമാറ്റത്തിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ അടക്കം ഉയര്‍ത്തിയിരുന്നു. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവത്തോടനുബന്ധിച്ചുള്ള കൊല്ലം പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റം കാണാന്‍ പതിനായിരങ്ങളാണ് ആശ്രാമം മൈതാനത്തേക്ക് ഒഴുകിയെത്തിയത്. രാവിലെ മുതല്‍ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള 11 ചെറുപൂരങ്ങള്‍ ക്ഷേത്ത്രിലെത്തിയിരുന്നു. തുടര്‍ന്ന് ആന നീരാട്ടും ആന ഊട്ടും നടന്നു.
കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വിപ്ലവ ഗാനങ്ങള്‍ പാടിയ സംഭവത്തില്‍ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടിരുന്നു. കോടതി ഇടപെട്ടതിന് പിന്നാലെയായിരുന്നു നടപടി. ഇതിനുപിന്നാലെ കൊല്ലം കോട്ടുങ്കല്‍ ദേവീ ക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവവും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടത്തെ ക്ഷേത്രോപദേശക സമിതിയെയും പിരിച്ചുവിട്ടിരുന്നു.