ഹൈക്കോടതിയില്‍ പുറമ്പോക്ക് ഭൂമിയെന്ന് പോലീസ്; 2019ല്‍ പോലീസ് ആസ്ഥാനത്ത് നിന്നും നല്‍കിയ കത്തില്‍ എല്ലാം ദേവസ്വം വകയും; ആ കണ്ണായ ക്ഷേത്ര ഭൂമിയെ പുറമ്പോക്കാക്കി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍; വിപിന്‍ പാറമേക്കാട്ടിലിന്റെ ഹര്‍ജിയില്‍ എതിര്‍ഭാഗം നടത്തുന്നത് സര്‍വ്വത്ര ഉരുണ്ടു കളികള്‍; കൂടല്‍മാണിക്യം ഭൂമിയില്‍ ആധിപത്യം ഉറപ്പിക്കല്‍ പോലീസിന് അത്ര എളുപ്പമാകില്ല
ഇരിങ്ങാലക്കുട : ഠാണാവിലെ പഴയകോടതിവളപ്പ് പോലീസ് രേഖകളില്‍ ദേവസ്വത്തിന്റേതാണെന്ന് വ്യക്തമാകുമ്പോഴും കൂടല്‍മാണിക്യം ദേവസ്വം ഇതിന്റെമേല്‍ അവകാശമുന്നയിക്കാത്തത് വിവാദത്തില്‍. ദേവസ്വം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അവകാശം സ്ഥാപിക്കുന്ന ഒറ്റവരിപോലും ഇല്ലാത്തതാണ് ചര്‍ച്ചകള്‍ക്ക് കാരണം. ഭൂമി ദേവസ്വത്തിനു വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ വിപിന്‍ പാറമേക്കാട്ടില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ദേവസ്വം സ്വത്തുക്കള്‍ സര്‍ക്കാര്‍ അന്യായമായി കൈയ്യടക്കാന്‍ ശ്രമിക്കുന്നതിന് തെളിവാണ് ഇത്.
2019-ല്‍ പോലീസ് ആസ്ഥാനത്തുനിന്ന് വന്ന കത്തില്‍ ഈ ഭൂമി ദേവസ്വത്തിന്റെത്തന്നെയാണെന്ന് ഉറപ്പിച്ചുപറയുന്നു. ഭൂമി തിരികെ വേണമെന്ന 2018-ലെ ദേവസ്വം കത്തിന് മറുപടിയായിരുന്നു കത്ത്. സബ് ജയില്‍, സിഐ ഓഫീസ് എന്നിവ സ്ഥിതിചെയ്തിരുന്ന സ്ഥലമാണിത്. രേഖകളെല്ലാമുണ്ടായിട്ടും ഇതൊന്നും ദേവസ്വം കോടതിയില്‍ ഹാജരാക്കുന്നില്ല. പുറമ്പോക്കുഭൂമിയാണെന്നും ഇവിടെ സിഐ ഓഫീസും കോടതിയും പ്രവര്‍ത്തിച്ചിരുന്നുവെന്നും പറഞ്ഞാണ് ആഭ്യന്തരവകുപ്പ് സത്യവാങ്മൂലം നല്‍കിയത്. ഇതിന് വിരുദ്ധമാണ് 2019ലെ മറുപടി. വ്യക്തമായി തന്നെ പോലീസ് സ്‌റ്റേഷനുള്ള ഭൂമി ദേവസ്വത്തിന്റേതാണെന്ന് ഇതില്‍ നിന്നും വ്യക്തം.
ഇരിങ്ങാലക്കുട ടൗണില്‍ റാണാ ജംഗ്ഷനില്‍ കൂടല്‍മാണിക്യം ദേവസ്വം വക കെട്ടിടമാണ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ക്രായലയമായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സര്‍ക്കിള്‍ ഓഫീസുകള്‍ നിര്‍ത്തലാക്കിയ ശേഷവും ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷന്‍ ക്രൈംവിംഗ്, ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ എന്നിവ ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷന്‍ ടൗണില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ്. അതുകൊണ്ട് പൊതുജനങ്ങള്‍ക്ക് അടിയന്തര സേവനം നല്‍കാന്‍ കൂടല്‍മാണിക്യത്തിന്റെ ഈ കെട്ടിടം ഗുണകരമാകുമെന്നാണ് പോലീസ് വിലയിരുത്തല്‍. കെട്ടിടം ഒഴുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ 2019ല്‍ പോലീസ് ആസ്ഥാനത്ത് നിന്നും കൂടല്‍മാണിക്യം ദേവസ്വത്തിന് കിട്ടിയ കത്തിലാണ് ഈ വിശദീകരണമുള്ളത്. ഈ കത്ത് തന്നെ റവന്യൂഭൂമിയെന്ന വാദം തള്ളുന്നതാണ്.
ഹൈക്കോടതിയില്‍ ദേവസ്വം നല്‍കിയ സത്യവാങ്മൂലത്തില്‍ ഭൂമി ആഭ്യന്തരവകുപ്പിന് വിട്ടുകൊടുത്ത കളക്ടറുടെ തീരുമാനത്തിനെതിരേയുള്ള പരാമര്‍ശം മാത്രമാണുള്ളത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കളക്ടര്‍ തീരുമാനമെടുത്തതെന്നും ഇതിന് നിര്‍ദേശം നല്‍കണമെന്നും ദേവസ്വം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം ദേവസ്വത്തിന്റേതാണെങ്കിലും ആധികാരികരേഖകള്‍ ലഭിച്ചിട്ടില്ലെന്നാണ് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ സി.കെ. ഗോപിയുടെ നിലപാട്. പഴയ താളിയോലഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കളക്ടര്‍ ഏകപക്ഷീയമായാണ് ഈ ഭൂമി ആഭ്യന്തരവകുപ്പിന് വിട്ടുകൊടുത്തത്. സത്യവാങ്മൂലം കൃത്യമായ രേഖകളോടെ നല്‍കിയില്ലെങ്കില്‍ ദോഷമാകും. രേഖകള്‍ ലഭിച്ചാല്‍ ഇത് തിരിച്ചുപിടിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും ഗോപി പറയുന്നു.
വര്‍ഷങ്ങളായി ഈ ഭൂമിയില്‍ മാറ്റങ്ങള്‍ വരുത്താനും മരങ്ങള്‍ മുറിക്കാനുമെല്ലാം ആഭ്യന്തരവകുപ്പും മുനിസിപ്പാലിറ്റിയും ദേവസ്വത്തിന്റെ അനുവാദം വാങ്ങിയിരുന്നതായി പരാതിക്കാരന്‍ വിപിന്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന് കീഴിലാണ് കൂടല്‍മാണിക്യം ദേവസ്വം. ചെയര്‍മാന്‍മാരേയും അംഗങ്ങളുമെല്ലാം സര്‍ക്കാരിന് ഭൂരിപക്ഷം നല്‍കുന്ന തരത്തിലാണ്. ഇത്തരത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലെ ഭൂമിയിലാണ് പോലീസ് അവകാശം ഉന്നയിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഇടപെട്ടാല്‍ തീരുന്ന ഭൂമി തര്‍ക്ക കേസ് മാത്രമാണ് ഇതെന്നതാണ് വസ്തുത.
