ട്രംപിന്റെ പടക്കപ്പലുകള്‍ ഗള്‍ഫിലേക്ക്; വമ്പന്‍ വിമാനക്കമ്പനികള്‍ക്ക് ചങ്കിടിപ്പ്; ഇറാനിലേക്കും ഇറാഖിലേക്കും ഇസ്രയേലിലേക്കുമുള്ള സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി; 'തൊട്ടാല്‍ വിവരമറിയും' എന്ന് ഇറാന്റെ മുന്നറിയിപ്പ്; പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടര്‍ത്തി സൈനിക നീക്കം

സര്‍വീസുകള്‍ വെട്ടിക്കുറച്ചു, ആകാശപാതകള്‍ ഒഴിവാക്കി എയര്‍ലൈനുകള്‍

Update: 2026-01-24 13:02 GMT

ദുബായ്/വാഷിംഗ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുള്ള വാക്‌പോരും സൈനിക നീക്കങ്ങളും ശക്തമായതോടെ പശ്ചിമേഷ്യന്‍ ആകാശം യുദ്ധഭീതിയില്‍. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, കെ.എല്‍.എം തുടങ്ങിയ വമ്പന്‍ വിമാനക്കമ്പനികള്‍ പശ്ചിമേഷ്യന്‍ മേഖലയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സംഘര്‍ഷസാധ്യതയുള്ള ഇറാന്‍, ഇറാഖ് വ്യോമപാതകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് വിമാനക്കമ്പനികളുടെ തീരുമാനം.

സര്‍വീസുകള്‍ റദ്ദാക്കിയ പ്രമുഖ കമ്പനികള്‍

കെ.എല്‍.എം (KLM) ടെല്‍ അവീവ്, ദുബായ്, ദമാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു. എയര്‍ ഫ്രാന്‍സ് (Air France) സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷം ദുബായിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി. ലുഫ്താന്‍സ (Lufthansa): ഇറാന്‍, ഇറാഖ് വ്യോമമേഖലകള്‍ വഴി പറക്കില്ലെന്ന് ജര്‍മ്മന്‍ കമ്പനിയായ ലുഫ്താന്‍സ വ്യക്തമാക്കി. മാര്‍ച്ച് 29 വരെയുള്ള ടെഹ്റാന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. യുണൈറ്റഡ് എയര്‍ലൈന്‍സ് & എയര്‍ കാനഡ: ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി അമേരിക്കന്‍, കനേഡിയന്‍ കമ്പനികള്‍ അറിയിച്ചു.

'അര്‍മാഡ' വരുന്നു; മുന്നറിയിപ്പുമായി ട്രംപ്

ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത ശേഷം മടങ്ങവെ വിമാനത്തില്‍ വെച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനകളാണ് ആശങ്ക വര്‍ദ്ധിപ്പിച്ചത്. അമേരിക്കയുടെ വന്‍ സന്നാഹങ്ങളുള്ള പടക്കപ്പലുകളുടെ കൂട്ടം (Armada) ഗള്‍ഫ് മേഖലയിലേക്ക് നീങ്ങുകയാണെന്ന് ട്രംപ് വെളിപ്പെടുത്തി. 'ഞങ്ങള്‍ ഇറാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ്. വന്‍തോതിലുള്ള സൈനിക വ്യൂഹം അങ്ങോട്ട് നീങ്ങുന്നുണ്ട്. അത് ഉപയോഗിക്കേണ്ടി വരില്ലെന്ന് കരുതുന്നു, എങ്കിലും കരുതിയിരിക്കുക തന്നെ ചെയ്യും,' ട്രംപ് പറഞ്ഞു.

വിമാനവാഹിനി കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണും മിസൈല്‍ വേധ കപ്പലുകളുമാണ് ഗള്‍ഫിലേക്ക് എത്തുന്നത്. ഇറാന്റെ ആണവ പദ്ധതികളും പ്രക്ഷോഭകര്‍ക്കെതിരെയുള്ള നടപടികളും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരിച്ചടിക്കുമെന്ന് ഇറാന്‍

അമേരിക്കയുടെ സൈനിക വിന്യാസത്തെ ശക്തമായി നേരിടാനാണ് ഇറാന്‍ ഒരുങ്ങുന്നത്. ഏതെങ്കിലും തരത്തിലുള്ള ആക്രമണം യു.എസ് നടത്തിയാല്‍ പശ്ചിമേഷ്യന്‍ മേഖലയില്‍ തിരിച്ചടി കനത്തതായിരിക്കുമെന്ന് ഇറാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. 'പരിമിതമായ ആക്രമണമായാലും അതിശക്തമായ പ്രതികരണമുണ്ടാകും. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ സൈന്യം ഏതു സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണ്,' എന്ന് ഇറാന്‍ പ്രതികരിച്ചു.

യാത്രക്കാരെ ബാധിക്കും

യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പശ്ചിമേഷ്യ വഴി പറക്കുന്ന വിമാനങ്ങളെ ഈ മാറ്റം കാര്യമായി ബാധിക്കും. വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നത് യാത്രാസമയം വര്‍ദ്ധിപ്പിക്കാനും ടിക്കറ്റ് നിരക്ക് ഉയരാനും കാരണമായേക്കും. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന വിമാനത്താവളങ്ങള്‍ ജാഗ്രതയിലാണ്.

Tags:    

Similar News